ഫ്ലോറിഡയിൽ മുൻകൂട്ടി വോട്ട് ചെയ്ത് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്; എപ്സ്റ്റീൻ ഫയൽസ് ആരോപണം ആവർത്തിച്ച് ഡെമോക്രാറ്റുകൾക്കെതിരെ രൂക്ഷ വിമർശനം

ഫ്ലോറിഡയിൽ മുൻകൂട്ടി വോട്ട് ചെയ്ത് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്; എപ്സ്റ്റീൻ ഫയൽസ് ആരോപണം ആവർത്തിച്ച് ഡെമോക്രാറ്റുകൾക്കെതിരെ രൂക്ഷ വിമർശനം

വാഷിംഗ്ടൺ: വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫ്ലോറിഡയിൽ വോട്ട് രേഖപ്പെടുത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും. വെസ്റ്റ് പാം ബിച്ചിലെ പാം ബീച്ച് കൗണ്ടി സൂപ്പർവൈസർ ഓഫ് ഇലക്ഷൻസ് ഓഫീസിലെത്തിയാണ് ഇരുവരും വോട്ട് ചെയ്തത്. തുടർന്ന് ജോർജിയയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായി അദ്ദേഹം യാത്ര തിരിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്ക് മാത്രമാണ് താൻ വോട്ട് ചെയ്തതെന്ന് വോട്ടിംഗിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളിൽ ഒന്നായ സർക്കാർ അഴിമതിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ട്രംപ് മാധ്യമങ്ങളെ വിമർശിച്ചത്. ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ ഏത് വാർത്താ സ്ഥാപനത്തിൽ നിന്നാണെന്ന് ചോദിച്ചറിഞ്ഞ അദ്ദേഹം, വാൾസ്ട്രീറ്റ് ജേർണലിന്റെ വാർത്താ കവറേജിനെതിരെ കടുത്ത വിമർശനമുന്നയിച്ചു. വാൾസ്ട്രീറ്റ് ജേർണൽ വഴിതെറ്റി സഞ്ചരിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.

മാധ്യമങ്ങൾ ഡെമോക്രാറ്റുകളുടെ ഭാഗത്തുനിന്നുള്ള അഴിമതികൾ മൂടിവെക്കുകയാണെന്നും ജഫ്രി എപ്സ്റ്റിൻ കേസുമായി ബന്ധപ്പെട്ട ഡെമോക്രാറ്റുകളുടെ പങ്കാളിത്തം മാധ്യമങ്ങൾ അവഗണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിക്കാനോ ഏതെങ്കിലും വ്യക്തികളുടെ പേരുകൾ വെളിപ്പെടുത്താനോ അദ്ദേഹം തയ്യാറായില്ല. മിനസോട്ട, ലോസ് ഏഞ്ചൽസ്, മെയ്ൻ തുടങ്ങിയ ഡെമോക്രാറ്റ് നേതൃത്വത്തിലുള്ള പ്രദേശങ്ങളിലും വൻതോതിൽ അഴിമതി നടക്കുന്നുണ്ടെന്നും എന്നാൽ മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹം നൽകിയില്ല.

നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് പത്ത് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ട്രംപിന്റെ പ്രതികരണം. കോൺഗ്രസിന്റെ നിയന്ത്രണം ആര് നേടുമെന്ന് നിർണ്ണയിക്കുന്ന നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. 2016-ൽ താൻ വിജയിച്ചതുപോലെ 2020-ലെ തെരഞ്ഞെടുപ്പിലും ലക്ഷക്കണക്കിന് വോട്ടുകൾക്ക് താനാണ് വിജയിച്ചതെന്ന തന്റെ പഴയ വാദം ട്രംപ് ആവർത്തിച്ചു. എന്നാൽ അത് ആ രീതിയിൽ അംഗീകരിക്കപ്പെട്ടില്ലെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ അഭിപ്രായ സർവേകൾ പ്രകാരം പ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടി കടുത്ത പോരാട്ടമാണ് നേരിടേണ്ടിവരുന്നത്.

Share Email
LATEST excelnclexrn
More Articles
Top