ന്യൂഡൽഹി: ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയായി യുഎസ് സർക്കാരിന്റെ പുതിയ തീരുമാനം. എഞ്ചിനീയറിംഗ് ബിരുദത്തിന് ശേഷം യു.എസിൽ ജോലിയും പിന്നീട് ഗ്രീൻ കാർഡും നേടി സ്ഥിരതാമസമാക്കുകയെന്ന പതിറ്റാണ്ടുകളായുള്ള ഇന്ത്യൻ ഉദ്യോഗാർത്ഥികളുടെ സ്വപ്നത്തിന് മേലാണ് പുതിയ നിയന്ത്രണങ്ങൾ തിരിച്ചടിയായിരിക്കുന്നത്.
വിദേശ വിദഗ്ദ്ധ തൊഴിലാളികളെ സ്ഥിര നിയമനം നൽകുന്നതിനായി വ്യാപകമായി ഉപയോഗിച്ചിരുന്ന വിസ വഴിയായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ നിന്ന് മൈക്രോസോഫ്റ്റ്, ഇന്ത്യയുടെ ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്), വിപ്രോ, എച്ച്.സി.എൽ ടെക്നോളജീസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടെ എട്ട് മുൻനിര ടെക് സ്ഥാപനങ്ങളെ യു.എസ് ഈ മാസം ആദ്യം സസ്പെൻഡ് ചെയ്തിരുന്നു. പെർഡിന് കീഴിലുള്ള പുതിയതും നിലവിലുള്ളതുമായ അപേക്ഷകൾ മരവിപ്പിച്ചിരിക്കുകയാണ്. താൽക്കാലിക വിദഗ്ദ്ധ വിസയായ എച്ച്-1ബി (H-1B) വഴി യു.എസിൽ ജോലി ചെയ്യുകയും തുടർന്ന് പെർഡിനെ ആശ്രയിച്ച് ഗ്രീൻ കാർഡും പൗരത്വവും നേടിയിരുന്ന ഇന്ത്യക്കാരെയാണ് ഈ തീരുമാനം ഏറെയും ബാധിക്കുന്നത്.
കർശനമായ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കാനുള്ള ഡോണൾഡ് ട്രംപിന്‍റെ നയങ്ങളുടെ ഭാഗമായാണ് ഈ നടപടി. എങ്കിലും, ടെക് കമ്പനികൾ ഇതിനകം തന്നെ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടിട്ടുള്ളതിനാൽ ബിസിനസ് രംഗത്തെ ആഘാതം വളരെ കുറവായിരിക്കുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. അമേരിക്കയിൽ തദ്ദേശീയരായ ജീവനക്കാരെ കൂടുതലായി നിയമിക്കുന്ന രീതിയിലേക്ക് ഇന്ത്യൻ കമ്പനികൾ ഇതിനകം മാറി കഴിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യയുടെ ടെക്നോളജി വ്യവസായ സംഘടനയായ നാസ്കോം വ്യക്തമാക്കി. എച്ച്-1ബി വിസകളെ ആശ്രയിക്കുന്നത് കമ്പനികൾ ഗണ്യമായി കുറച്ചിട്ടുണ്ടെന്നും, അതിനാൽ പെർമ് വഴി സ്ഥിര താമസത്തിലേക്ക് മാറുന്നവരുടെ എണ്ണവും താരതമ്യേന പരിമിതമാണെന്നും സംഘടന കൂട്ടിച്ചേർത്തു.
യുഎസിലെ തങ്ങളുടെ തൊഴിലാളികളിൽ 80 ശതമാനത്തിലധികം പേരും പ്രാദേശികമായി നിയമിക്കപ്പെട്ടവരാണെന്ന് വിപ്രോ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ തങ്ങളുടെ പെർമ് അപേക്ഷകൾ ഒറ്റക്കണ്ണക്കിലേക്ക് ചുരുങ്ങിയതായി ടി.സി.എസും അറിയിച്ചു. നിലവിലുള്ള ജീവനക്കാരെ നിലനിർത്താൻ മാത്രമാണ് പ്രധാനമായും എച്ച്-1ബി വിസകൾക്കായി അപേക്ഷിച്ചിട്ടുള്ളതെന്നാണ് മൈക്രോസോഫ്റ്റിന്റെ വിശദീകരണം. ബിസിനസ്സ് സ്റ്റാൻഡേർഡ് പത്രത്തിന്റെ റിപ്പോർട്ട് പ്രകാരം ടി.സി.എസിന്റെ അപേക്ഷകൾ മുൻ വർഷങ്ങളിലെ ആയിരക്കണക്കിൽ നിന്ന് കഴിഞ്ഞ വർഷം രണ്ടായി കുറഞ്ഞിട്ടുണ്ട്. ഇൻഫോസിസ്, വിപ്രോ എന്നിവയുടെ കാര്യത്തിൽ കഴിഞ്ഞ വർഷത്തെ രേഖകളൊന്നും ലഭ്യമായിട്ടുമില്ല.
പെർമ് അധിഷ്ഠിത ജോലികൾ വരുമാനത്തിന്റെ ചെറിയൊരു പങ്ക് മാത്രമായതിനാൽ കമ്പനികളെ ഇത് കാര്യമായി ബാധിക്കില്ലെന്ന് എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസും വിലയിരുത്തുന്നു. എങ്കിലും യു.എസ് സർക്കാരിന്റെ ഈ തീരുമാനം ബിസിനസ്സ് മേഖലയ്ക്ക് അപ്പുറത്തേക്ക് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.



















