വാഷിംഗടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തുന്ന താരിഫും വിസ നിയന്ത്രണങ്ങളും ഇന്ത്യയെലക്ഷ്യമിട്ടുളളതല്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാര്‍ അന്തിമമാക്കാന്‍ ആഴ്ചകള്‍ മാത്രം മതിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നര വര്‍ഷത്തിലേറെയായി ചര്‍ച്ചകള്‍ തുടരുന്ന വ്യാപാരക്കരാറിലെ 99 ശതമാനം ജോലികളും പൂര്‍ത്തിയായതായാണ് കരുതുന്നതെന്നും കരാര്‍ അന്തിമമാക്കുന്നതില്‍ ശുഭപ്രതീക്ഷയുണ്ടെന്നും ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ റൂബിയോ പറഞ്ഞു.
റഷ്യയില്‍നിന്ന് ഊര്‍ജവിഭവങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണി ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കാനി ടയുണ്ടെന്ന് റൂബിയോ സമ്മതിച്ചു. എന്നാല്‍ ഇന്ത്യയെ ദോഷകരമായി ബാധിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുക എന്നതല്ല ഇത്തരം നികുതികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനുള്ള വിശാലമായ വിദേശനയത്തിന്റെ ഭാഗമായാണ് നടപടികളെന്നും റൂബിയോ വിശദീകരിച്ചു. കഴിഞ്ഞയാഴ്ച പ്രസിഡന്റ് ട്രംപ് ചില നികുതികളില്‍ ഇളവ് പ്രഖ്യാപിച്ചതും ഇന്ത്യയുമായുള്ള നിര്‍ണായക ബന്ധത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള പരിഗണനയുടെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നിലപാടുകളും വിസ നിയന്ത്രണങ്ങളും ഇന്ത്യക്കാരെ ലക്ഷ്യമിടുന്നതാണെന്ന ആശങ്കയും റൂബിയോ തള്ളി. വിസ നടപടികളിലെ നിയന്ത്രണങ്ങള്‍ ഒരു രാജ്യത്തെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും ആഗോളതലത്തില്‍ കുടിയേറ്റ സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി വേണ്ടത്ര നടപ്പാക്കപ്പെടാതിരുന്ന കുടിയേറ്റ നിയമങ്ങളും നടപടിക്രമങ്ങളും കാര്യക്ഷമമാക്കാനാണ് ശ്രമം. ഇന്ത്യയില്‍നിന്ന് നോക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതാണെന്ന് തോന്നിയേക്കാമെങ്കിലും, താന്‍ സന്ദര്‍ശിക്കുന്ന മിക്ക രാജ്യങ്ങളിലും വിസ നടപടികളെക്കുറിച്ച് പരാതികള്‍ ഉയരുന്നുണ്ടെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിലൂടെ വിസ സംവിധാനം കൂടുതല്‍ സുസ്ഥിരമാകുമെന്നും അതിന്റെ പ്രയോജനം അപേക്ഷകര്‍ക്കും അമേരിക്കയ്ക്കും ലഭിക്കുമെന്നും റൂബിയോ അഭിപ്രായപ്പെട്ടു. അതേസമയം, വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, ഊര്‍ജസുരക്ഷ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും തന്ത്രപരവുമായ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാപാരക്കരാറിനും വലിയ പ്രാധാന്യമുണ്ട്.
Trump’s tariff policies and visa restrictions are not aimed at India, says Marco Rubio.



















