കാലിഫോര്‍ണിയയില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ തട്ടിപ്പ് ആരോപണത്തില്‍ രണ്ട് ഇന്ത്യന്‍ പൗരന്‍മാര്‍ അറസ്റ്റില്‍; 28 പേര്‍ക്കെതിരെ കേസെടുത്ത് യുഎസ് നീതിന്യായ വകുപ്പ്

കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ വോട്ടര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തില്‍ രണ്ട് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തതായി യുഎസ് നീതിന്യായ വകുപ്പ് (DOJ) അറിയിച്ചു. അമന്‍ദീപ് കൗര്‍ (30),കമലേഷ് നവനീത്‌ലാല്‍ ഷാ(67) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യക്കാര്‍.കഴിഞ്ഞ ആഴച്ച അവസാനമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കാലിഫോര്‍ണിയയില്‍ ആകെ 28 പേരെ അറസ്റ്റ് ചെയ്ത നടപടിയുടെ ഭാഗമായാണ് ഇവര്‍ക്കെതിരെയും നടപടി സ്വീകരിച്ചത്.
‘ഓപ്പറേഷന്‍ പ്രൊട്ടക്റ്റ് ദ വോട്ട്’ എന്ന പേരിലുള്ള നടപടിയുടെ ഭാഗമായാണ് 28 പേര്‍ക്കെതിരെ കേസെടുത്തതെന്ന് യുഎസ് ഫസ്റ്റ് അസിസ്റ്റന്റ് അറ്റോര്‍ണി ബില്‍ എസ്സായ്‌ലി അറിയിച്ചു.തിങ്കളാഴ്ച മാത്രം 11 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ തിരഞ്ഞെടുപ്പുകളിലെ തട്ടിപ്പുകള്‍ തടയുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനുമായി സംസ്ഥാനത്തെ നാല് യുഎസ് അറ്റോര്‍ണി ഓഫീസുകളും ഏകോപിപ്പിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി.

കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസ് കൗണ്ടിയില്‍ റാഞ്ചോ പാലോസ് വെര്‍ഡെസിലാണ് അമന്‍ദീപ് കൗര്‍ താമസിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ പൗരത്വം നേടാനുള്ള നടപടികള്‍ തുടരുന്നതിനിടെ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. 2022 ഡിസംബറിലെ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് 2024 നവംബറിലെ പൊതുതിരഞ്ഞെടുപ്പിലും ഇവര്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ നടത്തിയെന്നാണ് ആരോപിക്കുന്നത്. എന്നാല്‍, ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെടേണ്ടതുണ്ട്.

കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ താമസിക്കുന്ന കമലേഷ് നവനീത്‌ലാല്‍ ഷാ 2024ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ നടത്തുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്‌തെന്നാണ് നീതിന്യായ വകുപ്പിന്റെ ആരോപണം. കേസില്‍ അറസ്റ്റിലായ 28 പേരും അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളവരാണെന്ന് DOJ അവകാശപ്പെട്ടു. ഇവരില്‍ ചിലര്‍ക്കെതിരെ പൗരത്വം നേടുന്നതിനുള്ള അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ കാലിഫോര്‍ണിയയിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് അമന്‍ദീപ് കൗര്‍, കമലേഷ് ഷാ എന്നിവരുള്‍പ്പെടെയുള്ള ചിലര്‍ നേരിടുന്നത്.

കാലിഫോര്‍ണിയയിലെ തിരഞ്ഞെടുപ്പ് അധികൃതര്‍ക്ക് കഴിഞ്ഞ ആഴ്ച കൈമാറിയ 20,000ത്തിലധികം സംശയാസ്പദമായ വോട്ടര്‍ രജിസ്‌ട്രേഷനുകളുടെ പട്ടികയില്‍ അറസ്റ്റിലായ 28 പേരുടെയും പേരുകളുണ്ടെന്ന് ആക്ടിങ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ട്രെന്റ് മക്കോട്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു.californiya, usd

അതേസമയം, വോട്ടര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളില്‍ രാജ്യവ്യാപകമായി നടപടികള്‍ ശക്തമാക്കിയതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കിടെ 20 സംസ്ഥാനങ്ങളിലായി 113 പേരെ അറസ്റ്റ് ചെയ്തതായാണ് കണക്ക്. ഇവരില്‍ കുറഞ്ഞത് 50 പേര്‍ക്കെതിരെ അമേരിക്കന്‍ പൗരന്മാരല്ലാതിരിക്കെ വോട്ട് ചെയ്‌തെന്ന കുറ്റം ചുമത്തിയിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. തിരഞ്ഞെടുപ്പുകളിലെ നിയമലംഘനങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, അറസ്റ്റിലായ വ്യക്തികള്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കപ്പെടുന്നതുവരെ അവരെ കുറ്റക്കാരായി കണക്കാക്കാനാവില്ല.

Two Indian nationals arrested in California over allegations of voter registration fraud; US Department of Justice files cases against 28 individuals.

Share Email
LATEST excelnclexrn
Top