സൗദി അറേബ്യയിൽ ഹൂതി വിമതരുടെ തുടർച്ചയായ ആക്രമണങ്ങൾ; പൗരന്മാർക്ക് കർശന യാത്രാ മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങൾ

സൗദി അറേബ്യയിൽ ഹൂതി വിമതരുടെ തുടർച്ചയായ ആക്രമണങ്ങൾ; പൗരന്മാർക്ക് കർശന യാത്രാ മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങൾ

യാദ്: ഹൂതി വിമതരുടെ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള യാത്രകൾക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വ്യോമാക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഈ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

റിയാദ് പ്രവിശ്യ, നജ്റാൻ, ജിസാൻ, അസീർ പ്രവിശ്യകൾ, തായിഫ് നഗരം, തായിഫ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്ക് അത്യാവശ്യ ഘട്ടങ്ങളിലല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് പൗരന്മാരോട് അഭ്യർത്ഥിച്ചു. യെമൻ അതിർത്തിയുടെ ആറ് മൈൽ ചുറ്റളവിലുള്ള പ്രദേശങ്ങളിലേക്ക് പൂർണ്ണമായും യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. സൗഡിയുടെ തെക്കൻ ഭാഗങ്ങളായ നജ്റാൻ, അഭ, ഖമീസ് മുഷൈത്, ജിസാൻ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഫ്രാൻസും ശക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. ജർമ്മനി, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും സൗദിയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാനാണ് പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അമേരിക്കയും തങ്ങളുടെ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. റിയാദ് വിമാനത്താവളം ഉപയോഗിക്കുന്ന സർക്കാർ ജീവനക്കാർ പ്രത്യേക അനുമതി നേടണമെന്ന് യു.എസ് അധികൃതർ ഉത്തരവിട്ടു. യെമൻ അതിർത്തിയുടെ 20 മൈൽ ചുറ്റളവിലുള്ള എല്ലാ യാത്രകളും ജീവനക്കാർക്ക് വിലക്കിയിട്ടുണ്ട്. കൂടാതെ ജിസാൻ, അസീർ, നജ്റാൻ പ്രവിശ്യകളിലേക്കും ഖാതിഫ്, യാൻബു, തായിഫ് എന്നീ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് യു.എസ് സർക്കാർ ജീവനക്കാർ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.

സൗദി അറേബ്യയിലേക്ക് മുഴുവനായി പോകരുതെന്ന് അമേരിക്കൻ പൗരന്മാർക്ക് നിലവിൽ ഔദ്യോഗിക യാത്രാ വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, നിലവിലെ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിലുള്ള അമേരിക്കക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ യു.എസ് എംബസി ആവശ്യപ്പെട്ടു.

Share Email
LATEST excelnclexrn
More Articles
Top