റഷ്യയുമായുള്ള യുഎസിൻ്റെ ഡീസൽ കരാറിനെതിരെ സെലെൻസ്‌കി; യുദ്ധത്തിന് പണം മുടക്കുന്നതിന് തുല്യമെന്ന് കടുത്ത വിമർശനം

റഷ്യയുമായുള്ള യുഎസിൻ്റെ ഡീസൽ കരാറിനെതിരെ സെലെൻസ്‌കി; യുദ്ധത്തിന് പണം മുടക്കുന്നതിന് തുല്യമെന്ന് കടുത്ത വിമർശനം

കീവ്: യുഎസും റഷ്യയും തമ്മിലുള്ള ഡീസൽ കരാറിനെതിരെ രൂക്ഷ വിമർശനവുമായി യുക്രൈൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കി. യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുന്നതിന് പകരം അത് നീട്ടിക്കൊണ്ടുപോകാനാണ് ഈ തീരുമാനത്തിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിന് തുല്യമാണ് കരാറെന്നും സെലെൻസ്‌കി വിമർശിച്ചു.

ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഊർജവില നിയന്ത്രിച്ചുനിർത്തുന്നതിന്റെ ഭാഗമായി ആഗോള വിപണിയിലേക്ക് റഷ്യൻ ഡീസൽ എത്തിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ധാരണയിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മയാമിയിൽ യുഎസ്-യുക്രൈൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ശക്തരായ പങ്കാളികളിൽനിന്നുണ്ടായ ദുർബലമായ തീരുമാനമാണിതെന്ന് സെലെൻസ്‌കി പ്രതികരിച്ചു.

യുഎസും യൂറോപ്പും മറ്റ് സഖ്യകക്ഷികളും യുക്രൈന് ശക്തമായ പിന്തുണ നൽകേണ്ട സമയമാണിതെന്ന് സെലെൻസ്‌കി പറഞ്ഞു. റഷ്യയുടെ യുദ്ധം ചെയ്യാനുള്ള ശേഷി പരിമിതപ്പെടുത്തുന്നതിനും ഭീകരപ്രവർത്തനങ്ങൾ തടയുന്നതിനും പങ്കാളികളുടെ ഭാഗത്തുനിന്ന് ശക്തമായ സന്ദേശങ്ങളുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കുശേഷം റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ യുക്രൈനിൽ കുറഞ്ഞത് 17 പേർ കൊല്ലപ്പെട്ടിരുന്നു.

ആഗോള ഊർജവിപണിയിലേക്ക് 300,000 ടണ്ണിലധികം ഡീസൽ ഉടൻ വിതരണം ചെയ്യാൻ പുടിൻ സമ്മതിച്ചതായും നവംബറോടെ 500,000 ടൺ കൂടി എത്തിക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഏകദേശം 60 ലക്ഷം ബാരൽ ഡീസലിന് തുല്യമായ ഈ അളവ് യുഎസിന്റെ ഒന്നര ദിവസത്തെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയാകുമെന്നാണ് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്ക്.

എന്നാൽ, ട്രംപ് പ്രഖ്യാപിച്ച അളവിൽ വിൽപ്പനയ്ക്കുള്ള ഡീസൽ റഷ്യയുടെ കൈവശമുണ്ടോയെന്ന കാര്യത്തിൽ മുൻ യുഎസ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. യുക്രൈൻ നടത്തുന്ന തുടർച്ചയായ വ്യോമാക്രമണങ്ങൾ റഷ്യയുടെ എണ്ണവിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ ആഴ്ച മാത്രം റഷ്യയിലെ അഞ്ച് വ്യത്യസ്ത എണ്ണ ശുദ്ധീകരണശാലകൾക്കു നേരെ ആക്രമണം നടത്തിയതായി കീവ് അവകാശപ്പെട്ടിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിനുശേഷവും ഇത്തരം ആക്രമണങ്ങൾ യുക്രൈൻ തുടരുകയാണ്.

അതേസമയം, കരാർ യാഥാർഥ്യമായാലും ആഗോള വിപണിയിൽ ഡീസൽ വിലയിൽ കാര്യമായ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിശകലന വിദഗ്ധരുടെ വിലയിരുത്തൽ.

Share Email
LATEST excelnclexrn
More Articles
Top