Caritas hospital

2028ന് മുമ്പ് ചൈന തായ്വാനെ ആക്രമിക്കാന്‍ സാധ്യത കുറവെന്ന് യുഎസ് വിലയിരുത്തല്‍

2028ന് മുമ്പ് ചൈന തായ്വാനെ ആക്രമിക്കാന്‍ സാധ്യത കുറവെന്ന് യുഎസ് വിലയിരുത്തല്‍

വാഷിംഗടണ്‍: 2028ന് മുമ്പ് ചൈനയുടെ ഭാഗത്തു നിന്നും തായ്വാനെ ആക്രമിക്കാനുള്ള സാധ്യത കുറവാണെന്ന് യുഎസ് അധികൃതര്‍ വിലയിരുത്തുന്നതായി റിപ്പോര്‍ട്ട്. തായ്വാനെതിരെ ആവശ്യമെങ്കില്‍ സൈനിക നടപടി സ്വീകരിക്കാന്‍ 2027ഓടെ ചൈനീസ് സൈന്യം തയ്യാറാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും, സൈനിക സജ്ജീകരണത്തിലെ കാലതാമസവും തായ്വാനിലെ 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം അറിയാനുള്ള ബെയ്ജിങ്ങിന്റെ താല്‍പര്യവുമാണ് ആക്രമണസാധ്യത പിന്നോട്ടുപോകാനുള്ള പ്രധാന കാരണങ്ങളായി യുഎസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ പ്രസിഡന്റ് ലൈ ചിങ്-തെ വീണ്ടും അധികാരത്തിലെത്തുകയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) തുടര്‍ച്ചയായി നാലാം തവണയും വിജയിക്കുകയും ചെയ്താല്‍ 2028ന് ശേഷമുള്ള സൈനിക നടപടിയുടെ സാധ്യത ചൈന പരിഗണിച്ചേക്കാമെന്നും അവര്‍ പറഞ്ഞു.

ചൈന തായ്വാനെ സ്വന്തം പ്രദേശത്തിന്റെ അവിഭാജ്യ ഭാഗമായി കാണുമ്പോള്‍, തായ്വാന്‍ തങ്ങളുടെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്നാണ് നിലപാട് സ്വീകരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് അധികാരത്തിലെത്തിയ ലൈ ചിങ്-തെയും അദ്ദേഹത്തിന്റെ ഡിപിപിയും ചൈനയില്‍ നിന്ന് തായ്വാന്റെ പ്രത്യേക വ്യക്തിത്വത്തെ ഉയര്‍ത്തിക്കാട്ടുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ബെയ്ജിങ്ങിനെ പലപ്പോഴും പ്രകോപിപ്പിക്കാറുണ്ട്. ചൈന തായ്വാനെ നിയന്ത്രണത്തിലാക്കാന്‍ ബലം പ്രയോഗിക്കുന്നതിന്റെ സാധ്യത ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും, 2027ല്‍ ആക്രമണം നടത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2027 എന്ന സമയപരിധി പ്രധാനമായും ചൈനീസ് സൈനിക സജ്ജീകരണവുമായി ബന്ധപ്പെട്ടതാണെന്നും അത് ആക്രമണത്തിനുള്ള കൃത്യമായ സമയപരിധിയല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ നടപടികളും സൈനിക നടപടികളെ ബാധിച്ചതായി യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 2012ല്‍ അധികാരത്തിലെത്തിയതു മുതല്‍ ഷി ജിന്‍പിങ് ചൈനയുടെ ഭരണസംവിധാനത്തില്‍ വ്യാപകമായ അഴിമതി വിരുദ്ധ, അച്ചടക്ക നടപടികള്‍ നടപ്പാക്കിയിട്ടുണ്ട്. നിരവധി മുതിര്‍ന്ന പാര്‍ട്ടി, സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനും പുറത്താക്കലിനും വിധേയരായി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലും നടപടികള്‍ ശക്തമായിരുന്നു. സൈനിക നേതൃത്വത്തിലെ തുടര്‍ച്ചയായ അന്വേഷണങ്ങളും പുറത്താക്കലുകളും കഴിഞ്ഞ വര്‍ഷത്തെ സൈനിക സജ്ജീകരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി യുഎസ് വിലയിരുത്തുന്നു. പെന്റഗണ്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

തായ്വാന്റെ ഏറ്റവും പ്രധാനപ്പെട്ട പിന്തുണ അമേരിക്കയുടെ ഭാഗത്തു നിന്നുമാണ്.ഔദ്യോഗിക നയതന്ത്രബന്ധമില്ലെങ്കിലും തായ്വാന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വര്‍ഷങ്ങളായി അമേരിക്ക ആയുധങ്ങള്‍ നല്‍കിവരുന്നു. 2028ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലവും ബെയ്ജിങ് പരിഗണിച്ചേക്കാമെന്ന് ചില യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും, ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ തായ്വാന്‍ വിഷയത്തില്‍ പൊതുവെ സമാനമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ഭരണകാലത്ത് ചൈന തായ്വാനെ ആക്രമിക്കാനുള്ള സാധ്യത കുറവാണെന്ന നിലപാട് നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഷി ജിന്‍പിങ്ങുമായി വാഷിങ്ടണില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷവും തായ്വാന്‍ വിഷയം ചര്‍ച്ചയായതായി മാത്രമാണ് ട്രംപ് പറഞ്ഞത്.

US assesses that China is unlikely to attack Taiwan before 2028.

Share Email
Top