ഷിക്കാഗോ: ഒരു വർഷം മുൻപ് ഷിക്കാഗോയിൽ നടന്ന വ്യാപകമായ ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഉദ്യോഗസ്ഥന്റെ വെടിയേറ്റ അമേരിക്കൻ വനിത ഫെഡറൽ സർക്കാരിനെതിരെ കോടതിയിൽ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. വെടിവെയ്പ്പിനെക്കുറിച്ച് ഉദ്യോഗസ്ഥൻ നുണപ്രചാരണം നടത്തിയെന്നും വാഹനത്തിന്റെ പിൻഭാഗത്തുനിന്നാണ് തനിക്ക് നേരെ വെടിയുതിർത്തതെന്നും ചൂണ്ടിക്കാട്ടിയാണ് മാരിമാർ മാർട്ടിനെസ് തിങ്കളാഴ്ച നിയമനടപടി സ്വീകരിച്ചത്.
2025 ഒക്ടോബർ 4-ന് ഷിക്കാഗോയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നടന്ന “ഓപ്പറേഷൻ മിഡ്‌വേ ബ്ലിറ്റ്സ്” എന്ന പരിശോധനയ്ക്കിടെ, മാർട്ടിനെസ് തന്റെ കാർ ഉപയോഗിച്ച് സി.ബി.പി ഉദ്യോഗസ്ഥനായ ചാൾസ് എക്സമിന്റെ എസ്.യു.വിയെ ഇടിച്ച് തടസ്സപ്പെടുത്തിയെന്നാണ് ഫെഡറൽ പ്രോസിക്യൂട്ടർമാർ തുടക്കത്തിൽ ആരോപിച്ചിരുന്നത്. തുടർന്ന് വാഹനത്തിൽ നിന്നിറങ്ങിയ എക്സം വെടിയുതിർക്കുകയും, മാർട്ടിനെസിന് ശരീരത്തിൽ ഏഴ് വെടിയുണ്ടകൾ ഏൽക്കുകയും ചെയ്തിരുന്നു. എന്നാൽ വെടിവെയ്പ്പ് നടന്ന് ഒരു മാസത്തിനുള്ളിൽ തന്നെ ഇവർക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ പ്രോസിക്യൂഷൻ പൂർണ്ണമായി പിൻവലിക്കുകയുണ്ടായി.
വെടിയുണ്ടകളുടെ ദിശയും മാർട്ടിനെസിന്റെ പരിക്കുകളും വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിച്ചതിൽ നിന്ന്, ഉദ്യോഗസ്ഥന് നേരെ വാഹനമോടിച്ചു കയറ്റിയെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞതായി അഭിഭാഷകർ തിങ്കളാഴ്ച കോടതിയിൽ വ്യക്തമാക്കി. എഫ്.ബി.ഐക്ക് നൽകിയ മൊഴിക്ക് വിരുദ്ധമായി, ഉദ്യോഗസ്ഥൻ വാഹനത്തിന് നേരെ നടന്നുനീങ്ങുകയും ഒരു സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ അഞ്ച് റൗണ്ട് വെടിയുതിർക്കുകയുമായിരുന്നു. കാറിന്റെ മുൻഭാഗത്തെ വിൻഡ്‌ഷീൽഡിലെ വലതുവശത്ത് മൂന്ന് വെടിയുണ്ടകൾ മാത്രമാണ് ഉള്ളതെന്നും, നാലാമത്തെ വെടിയുണ്ട മുൻവശത്തെ പാസഞ്ചർ വിൻഡോ വഴിയും, അഞ്ചാമത്തെ വെടിയുണ്ട മാർട്ടിനെസ് ഇരുന്ന സീറ്റിന്റെ പിന്നിലൂടെയുമാണ് തുളച്ചുകയറിയതെന്നും അഭിഭാഷകൻ ക്രിസ് പാരന്റെ ചൂണ്ടിക്കാട്ടി. വാഹനം തനിക്ക് നേരെ ഓടിച്ചു കയറ്റിയെന്നും, മുന്നിൽ നിന്നാണ് വെടിവെച്ചതെന്നുമുള്ള ഉദ്യോഗസ്ഥന്റെ മൊഴികൾ തികച്ചും കളവാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്തതിന് പിന്നാലെ, ഉദ്യോഗസ്ഥനായ ചാൾസ് എക്സമിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതായി സി.ബി.പി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് വ്യക്തമാക്കി. ബലപ്രയോഗം ഉൾപ്പെട്ട ഇത്തരം സംഭവങ്ങൾ കൃത്യമായി അന്വേഷിച്ച് ഒരു സ്വതന്ത്ര ബോർഡിന്റെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സി.ബി.പി വാർത്താക്കുറിപ്പിൽ അറിയിച്ചു.
















