യുഎസിൽ പൗരത്വ അംഗീകാരങ്ങളിൽ വൻ ഇടിവ്; ആയിരക്കണക്കിന് കുടിയേറ്റക്കാർ പ്രതിസന്ധിയിൽ, ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടുമില്ല

യുഎസിൽ പൗരത്വ അംഗീകാരങ്ങളിൽ വൻ ഇടിവ്; ആയിരക്കണക്കിന് കുടിയേറ്റക്കാർ പ്രതിസന്ധിയിൽ, ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടുമില്ല

വാഷിംഗ്ടൺ: ഈ വർഷം ആദ്യത്തെ എട്ട് മാസങ്ങളിൽ യുഎസ് പൗരത്വ അംഗീകാരങ്ങളിൽ 72 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് പൗരത്വം ലഭിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതോടെ ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് അമേരിക്കൻ പൗരത്വം കാത്ത് കഴിയുന്നത്. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാത്ത അവസ്ഥയിലാണ് ഇവരിലുള്ള പലരുമെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

തീരുമാനങ്ങൾ വൈകുന്നതിനൊപ്പം കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. പൗരത്വ അപേക്ഷകളുടെ ബാക്ക്ലോക്ക് അഞ്ച് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷത്തിലധികം ആയി ഉയർന്നു. അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിനുള്ള ശരാശരി കാത്തിരിപ്പ് കാലാവധി ഏകദേശം പതിമൂന്ന് മാസമായി നീണ്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വർഷങ്ങളായി നിയമപരമായ സ്ഥിര താമസക്കാരായി യുഎസിൽ കഴിയുകയും ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ടവകാശവും മറ്റ് നിയമപരമായ സുരക്ഷയും തേടുന്നതുമായ കുടിയേറ്റക്കാരെയാണ് ഈ കാലതാമസം ബാധിക്കുന്നത്.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടം യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസ് വഴി പൗരത്വ അപേക്ഷകരുടെ പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. അപേക്ഷകരുടെ പശ്ചാത്തലം, സ്വഭാവം, സോഷ്യൽ മീഡിയ ആക്റ്റിവിറ്റി എന്നിവ പരിശോധിക്കുന്നതിൽ കൂടുതൽ കർശനമായ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇംഗ്ലീഷ് ഭാഷാ പരിശോധനയും സിവിക്സ് പരീക്ഷയും കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. മുൻ ജോ ബൈഡൻ ഭരണകാലത്ത് അനുമതി നൽകിയ കേസുകൾ പുനഃപരിശോധിക്കുന്നതിനാണ് അധികാരികൾ ഇപ്പോൾ മുൻഗണന നൽകുന്നത്.

അർഹരായവർക്ക് മാത്രം പൗരത്വം നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ കർശനമാക്കിയതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. എന്നാൽ അംഗീകാരങ്ങൾ കുറഞ്ഞതുകൊണ്ട് മാത്രം നിരസിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്ന് ഇതിനർത്ഥമില്ലെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അപേക്ഷകളിൽ മൊത്തത്തിലുള്ള തീരുമാനമെടുക്കൽ പ്രക്രിയ മന്ദഗതിയിലായതാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share Email
LATEST excelnclexrn
More Articles
Top