വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടം പുതിയ കുടിയേറ്റ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് ഫെബ്രുവരിയിൽ അമേരിക്കയിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിൽ വലിയ ഇടിവ്. പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നതിന് മുൻപ് പ്രതിമാസം ശരാശരി 52,000 ഇമ്മിഗ്രന്റ് വീസകൾ നൽകിയിരുന്ന സ്ഥാനത്ത്, പുതിയ കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുവദിച്ചത് വെറും 26,000 വീസകൾ മാത്രമാണെന്ന് ‘ന്യൂയോർക്ക് ടൈംസ്’ നടത്തിയ വിശകലനത്തിൽ വ്യക്തമാക്കുന്നു.
കുടിയേറ്റക്കാരുടെ സുരക്ഷാ പരിശോധന കർശനമാക്കുന്നതിനും, ഭാവിയിൽ അവർ സർക്കാർ ആനുകൂല്യങ്ങളെ ആശ്രയിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുമാണ് പുതിയ നടപടികളെന്ന് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 2025 അവസാനത്തിലും 2026 ആദ്യത്തിലുമായി കൊണ്ടുവന്ന പുതിയ നയങ്ങൾ 91 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് കുടിയേറ്റം ബുദ്ധിമുട്ടാക്കി മാറ്റുകയും, മറ്റ് 61 രാജ്യങ്ങൾക്ക് ലഭ്യമായിരുന്ന വീസകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
വിവിധ മേഖലകളിലെ വീസ ഇഷ്യൂവിലുണ്ടായ കുറവ്
2023-ലെയും 2024-ലെയും പ്രതിമാസ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ വിവിധ പ്രദേശങ്ങളിൽ വീസ വിതരണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ ഏഷ്യയിൽ 99 ശതമാനവും, ആഫ്രിക്കയിൽ 89 ശതമാനവും, ഈസ്റ്റേൺ യൂറോപ്പിൽ 84 ശതമാനവും, മിഡിൽ ഈസ്റ്റിൽ 81 ശതമാനവും, ഓസ്ട്രേലിയയിലും ഓഷ്യാനിയയിലുമായി 73 ശതമാനവും ഇടിവുണ്ടായി. സൗത്ത് ഏഷ്യയിൽ 63 ശതമാനവും, സൗത്ത് അമേരിക്കയിൽ 60 ശതമാനവും, കരീബിയനിൽ 53 ശതമാനവും, ഈസ്റ്റ് ഏഷ്യയിൽ 33 ശതമാനവും, സെൻട്രൽ അമേരിക്കയിൽ 30 ശതമാനവും വീതമാണ് കുറവുണ്ടായത്. വെസ്റ്റേൺ യൂറോപ്പിൽ 16 ശതമാനത്തിന്റെ ചെറിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്.
എന്നാൽ കാനഡയും മെക്സിക്കോയും ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു. കാനഡയിൽ ഇമ്മിഗ്രന്റ് വീസകൾ 142 ശതമാനവും മെക്സിക്കോയിൽ 17 ശതമാനവും വർദ്ധിച്ചു. ഫെബ്രുവരിയിൽ ആകെ നൽകിയ ഇമ്മിഗ്രന്റ് വീസകളിൽ ഏകദേശം 30 ശതമാനവും ഈ രണ്ട് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
യാത്രാവിലക്കും വീസ മരവിപ്പിക്കലും
2026 ജനുവരിയിൽ നടപ്പിലാക്കിയ പുതിയ യാത്രാവിലക്ക് 39 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ ലഭിക്കുന്നതും രാജ്യത്തേക്ക് പ്രവേശിക്കുന്നതും പൂർണ്ണമായി തടഞ്ഞു. ഇതിന് പുറമെ മറ്റ് 52 രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇമ്മിഗ്രന്റ് വീസ വിതരണവും താത്കാലികമായി നിർത്തിവെച്ചിരുന്നു. ഡൈവേഴ്സിറ്റി ഇമ്മിഗ്രന്റ് വീസ പ്രോഗ്രാം ഒരു മാസം മുമ്പ് തന്നെ ഭരണകൂടം റദ്ദാക്കുകയും ചെയ്തിരുന്നു.
ഈ നിയന്ത്രണങ്ങൾക്കെതിരെ ഫെഡറൽ കോടതികളിൽ നിയമപോരാട്ടങ്ങൾ നടന്നിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ വീസ നൽകുന്നത് പുനരാരംഭിക്കാൻ രണ്ട് കോടതികൾ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും, ബാധിക്കപ്പെട്ട പല അപേക്ഷകരും ഇപ്പോഴും കാത്തിരിപ്പിലാണ്. സ്ഥിരതാമസത്തിനുള്ള വീസകൾക്ക് പുറമെ വിദ്യാർത്ഥി, തൊഴിൽ വീസകളിൽ 30 ശതമാനവും ടൂറിസ്റ്റ്, ബിസിനസ്സ് വീസകളിൽ 25 ശതമാനവും ഇടിവുണ്ടായിട്ടുണ്ട്. ഇന്ത്യയും ചൈനയും യാത്രാവിലക്കുകളിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും വിദ്യാർത്ഥി വീസകളിലും എച്ച്-1ബി (H-1B) തൊഴിൽ വീസകളിലും കാര്യമായ കുറവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

















