റഷ്യൻ ഉപരോധങ്ങളും താരിഫുകളും വിലയിരുത്താൻ ട്രംപ് 60 ദിവസം തേടി; ഇന്ത്യയ്ക്ക് റഷ്യൻ ഊർജത്തിൽനിന്ന് പെട്ടെന്ന് പിന്മാറാനാകില്ലെന്ന് റൂബിയോ

റഷ്യൻ ഉപരോധങ്ങളും താരിഫുകളും വിലയിരുത്താൻ ട്രംപ് 60 ദിവസം തേടി; ഇന്ത്യയ്ക്ക് റഷ്യൻ ഊർജത്തിൽനിന്ന് പെട്ടെന്ന് പിന്മാറാനാകില്ലെന്ന് റൂബിയോ

ന്യൂഡൽഹി: റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളും വിവിധ രാജ്യങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ താരിഫുകളും ആഗോള സമ്പദ്‌വ്യവസ്ഥയിലും അമേരിക്കയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്താൻ 60 ദിവസത്തെ സമയം തേടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉസ്ബെക്കിസ്ഥാനിലേക്കും ഇന്ത്യയിലേക്കും പുറപ്പെടുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യൻ ഊർജ സ്രോതസുകളെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് അവയിൽനിന്ന് പെട്ടെന്ന് പിന്മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾക്കൊപ്പം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ താരിഫുകളും വിലയിരുത്തേണ്ടതുണ്ടെന്ന് റൂബിയോ വ്യക്തമാക്കി. ഇവ ആഗോള സമ്പദ്‌വ്യവസ്ഥയിലും യുഎസ് സമ്പദ്‌വ്യവസ്ഥയിലും എന്തെല്ലാം മാറ്റങ്ങളുണ്ടാക്കുന്നുവെന്ന് പരിശോധിക്കാനാണ് പ്രസിഡന്റ് 60 ദിവസം ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്നുള്ള ആഗോള ഊർജ പ്രതിസന്ധി, സൗദി അറേബ്യയ്ക്കുനേരെയുള്ള ഹൂതി ആക്രമണങ്ങൾ, റഷ്യ-യുക്രൈൻ സംഘർഷം എന്നിവയെല്ലാം ഊർജ വിപണിയെ സാരമായി ബാധിക്കുന്നുണ്ടെന്നും റൂബിയോ ചൂണ്ടിക്കാട്ടി.

ഊർജ സ്രോതസുകളിൽ വൈവിധ്യവൽക്കരണം നടത്തിയിട്ടുണ്ടെങ്കിലും റഷ്യൻ ഊർജത്തെ ആശ്രയിക്കുന്നത് ഒറ്റയടിക്ക് അവസാനിപ്പിക്കുക ഇന്ത്യയെപ്പോലൊരു രാജ്യത്തിന് പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയും പങ്കാളിയുമാണ് ഇന്ത്യ. അതിനാൽ വിഷയങ്ങളെല്ലാം സമഗ്രമായി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുന്നതിനാണ് 60 ദിവസത്തെ കാലാവധി ഉപയോഗപ്പെടുത്തുന്നതെന്നും റൂബിയോ വ്യക്തമാക്കി.

നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വിപണിയിൽ ഇന്ധനവില നിയന്ത്രിച്ചുനിർത്താനുള്ള നീക്കങ്ങളുടെ ഭാഗമായി റഷ്യയിൽനിന്ന് ഡീസൽ ഇറക്കുമതി ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നയപരമായ നീക്കങ്ങൾ. റഷ്യ-യുക്രൈൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചപ്പോൾ വൻ വിലക്കുറവിൽ റഷ്യൻ ക്രൂഡ് ഓയിൽ ഏഷ്യൻ വിപണിയിലെത്തി. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ ഈ സാഹചര്യം പ്രയോജനപ്പെടുത്തി റഷ്യയിൽനിന്നുള്ള ഇറക്കുമതി വർധിപ്പിച്ചു. യുദ്ധത്തിന് മുൻപ് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ രണ്ട് ശതമാനത്തിൽ താഴെയായിരുന്ന റഷ്യൻ എണ്ണയുടെ വിഹിതം പിന്നീട് 40 മുതൽ 50 ശതമാനം വരെയായി ഉയർന്നു. കഴിഞ്ഞ മാസം പ്രതിദിനം ഏകദേശം 19 ലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് രാജ്യത്തിന്റെ ആകെ എണ്ണ ഇറക്കുമതിയുടെ ഏകദേശം 35 ശതമാനമാണ്.

140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് നടപടികളോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഉഭയകക്ഷി ബന്ധത്തെയും അന്താരാഷ്ട്ര ഊർജ വിപണിയെയും ബാധിക്കുന്ന വിഷയങ്ങൾ ഉന്നതതല ചർച്ചകളിൽ അമേരിക്കയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ അറിയിച്ചിരുന്നു.

Share Email
LATEST excelnclexrn
Top