വാഷിംഗ്ടണ്: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയ അമേരിക്കയിലെ ബാര് പരീക്ഷയില് വിജയിച്ചിട്ടില്ലെന്ന് റിപ്പോര്ട്ട്. ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള രണ്ട് വ്യക്തികളെ ഉദ്ധരിച്ച് എബിസി ന്യൂസ് ആണ് വാര്ത്ത റിപ്പോര്ട്ട് ചെയ്തത്. നിയമപരമായ യോഗ്യതകളെക്കുറിച്ച് ചോദ്യങ്ങള് ഉയര്ന്നതിനെത്തുടര്ന്നാണ് വിഷയം വീണ്ടും ചര്ച്ചയായത്. അഭിഭാഷകയാണെന്ന് സക്കറിയ സ്വയം വിശേഷിപ്പിച്ചിട്ടുണ്ടെന്നും കഴിഞ്ഞയാഴ്ച ഭരണകൂടത്തിലെ പുതിയ ചുമതല പ്രഖ്യാപിച്ചപ്പോള് ട്രംപ് അവരെ ‘അറ്റോര്ണി’ എന്ന് വിശേഷിപ്പിച്ചിരുന്നുവെന്നും റിപ്പോര്ട്ടില് പറയുന്നു.
2011ല് പെപ്പര്ഡൈന് സര്വകലാശാലയിലെ നിയമപഠനം പൂര്ത്തിയാക്കിയശേഷം കാലിഫോര്ണിയ ബാര് പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ലെന്നാണ് റിപ്പോര്ട്ട്. നിയമപരമായി അഭിഭാഷകയായി പ്രവര്ത്തിക്കാനുള്ള ലൈസന്സ് ലഭിച്ചതിന് തെളിവുകളില്ലെന്ന് പൊളിറ്റിക്കല് ഇന്ഫര്മേഷന് നേരത്തെ റിപ്പോര്ട്ട് ചെയ്തിരുന്നു. വാള്സ്ട്രീറ്റ് ജേണലും സക്കറിയ 2011ല് ബാര് പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ലെന്ന് റിപ്പോര്ട്ട് ചെയ്തിരുന്നു. എന്നാല്, ബാര് പരീക്ഷയില് വിജയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് വൈറ്റ് ഹൗസ് നേരിട്ട് മറുപടി നല്കിയിട്ടില്ല.
റിയല് അമേരിക്കാസ് വോയ്സിന് വ്യാഴാഴ്ച നല്കിയ അഭിമുഖത്തില്, നിയമബിരുദം നേടിയശേഷം ബാര് പരീക്ഷ എഴുതിയതായി സക്കറിയ സ്ഥിരീകരിച്ചു. എന്നാല് പരീക്ഷയില് വിജയിച്ചോ എന്ന കാര്യം വ്യക്തമായി പറഞ്ഞില്ല. പിന്നീട് ചൈനയിലേക്ക് പോകുമെന്നും അവിടെ ബാര് പരീക്ഷയുടെ യോഗ്യത ആവശ്യമില്ലെന്നും അറിയാമായിരുന്നതിനാല് പരീക്ഷാഫലം അത്ര നിര്ണായകമായി കണ്ടിരുന്നില്ലെന്നാണ് അവരുടെ വിശദീകരണം. ചൈനയിലെ ഒരു നിയമസ്ഥാപനത്തിന്റെ അന്താരാഷ്ട്ര ഇടപാടുകള് കൈകാര്യം ചെയ്യുന്ന വിഭാഗത്തില് ജോലി ലഭിച്ചതായും അവര് പറഞ്ഞു.
തന്നെ ‘അറ്റോര്ണി അറ്റ് ലോ’ എന്നതിനുപകരം ‘ലോയര്’ എന്ന് വിശേഷിപ്പിക്കാമോയെന്ന് നിയമരംഗത്തെ നിരവധി വ്യക്തികളോട് ദീര്ഘകാലം ആലോചിച്ചിരുന്നതായി സക്കറിയ വ്യക്തമാക്കി. നിയമബിരുദമായ ജെ.ഡി.യും അന്താരാഷ്ട്ര ഇടപാടുകളുമായി ബന്ധപ്പെട്ട നിയമപരിചയവും ഉള്ളതിനാല് നിയമകാര്യങ്ങള് വിശകലനം ചെയ്യാമെന്നും എന്നാല് നിയമോപദേശം നല്കുന്ന അഭിഭാഷകയായി സ്വയം അവതരിപ്പിക്കരുതെന്നും ഉപദേശം ലഭിച്ചതായി അവര് അവകാശപ്പെട്ടു. താന് ഒരിക്കലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും സക്കറിയ പറഞ്ഞു. അതേസമയം, അന്താരാഷ്ട്ര ഇടപാടുകളുമായി ബന്ധപ്പെട്ട നിയമമേഖലയില് ആവശ്യമായ യോഗ്യതകളോടെ പ്രവര്ത്തിച്ചിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസ് നല്കിയ വിശദീകരണം.
നേരത്തെ ട്രംപിനൊപ്പം വൈറ്റ് ഹൗസിന് പുറത്തു വന്നപ്പോഴും സക്കറിയയുടെ ബാര് പരീക്ഷാ യോഗ്യതയെക്കുറിച്ച് മാധ്യമപ്രവര്ത്തകര് ചോദ്യം ഏത് സംസ്ഥാനത്താണ് ബാര് പരീക്ഷയില് വിജയിച്ചതെന്ന ചോദ്യത്തിന് അവര് ചൈനയിലേക്ക് താമസം മാറി എന്നായിരുന്നു മറുപടി നല്കിയത്. ചോദ്യം വ്യക്തമായി കേള്ക്കാനായില്ലെന്നും നിയമപഠനത്തിനുശേഷം എവിടേക്കാണ് പോയതെന്ന ചോദ്യമായാണ് മനസ്സിലാക്കിയതെന്നും പിന്നീട് ന്യൂയോര്ക്ക് ടൈംസിനോട് അവര് വിശദീകരിച്ചു. പ്രസ് സെക്രട്ടറിയായിരിക്കെ നിയമപരമായ വിഷയങ്ങളില് അഭിപ്രായം പറയുമോ എന്ന വ്യാഴാഴ്ചത്തെ ചോദ്യത്തിന് അങ്ങനെ ചെയ്യില്ലെന്നായിരുന്നു സക്കറിയയുടെ മറുപടി.
White House Press Secretary Karine Jean-Pierre reportedly failed the bar exam; controversy arises over legal qualifications.



















