ബന്ധം വഷളാകുന്നു, ട്രംപിനോടുള്ള അമർഷം മറച്ചുവയ്ക്കാതെ സെലെൻസ്കി; യൂറോപ്യൻ നേതാക്കളെ പ്രശംസിച്ച് യുക്രെയ്ൻ പ്രസിഡന്‍റ്

ബന്ധം വഷളാകുന്നു, ട്രംപിനോടുള്ള അമർഷം മറച്ചുവയ്ക്കാതെ സെലെൻസ്കി; യൂറോപ്യൻ നേതാക്കളെ പ്രശംസിച്ച് യുക്രെയ്ൻ പ്രസിഡന്‍റ്

ബ്രസൽസ്: ബെൽജിയത്തിൽ നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയനിലെ യഥാർത്ഥ നേതാക്കളുടെ പിന്തുണയെ പ്രശംസിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി. യുക്രെയ്ൻ-അമേരിക്ക ബന്ധത്തിൽ ഉലച്ചിലുകൾ തുടരുന്നതിനിടയിലാണ് യൂറോപ്യൻ നേതാക്കൾ സെലെൻസ്‌കിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. റഷ്യ ഉക്രെയ്ന്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടത്തുമ്പോഴും, റഷ്യൻ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് നിർത്തണമെന്ന് വൈറ്റ് ഹൗസ് യുക്രെയ്നിൽ സമ്മർദ്ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭവവികാസങ്ങൾ.

അമേരിക്കയുടെ നേതൃത്വത്തിലുള്ള ഊർജ വെടിനിർത്തൽ പ്രഖ്യാപനത്തെ തുടർന്ന് റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെയുള്ള ആക്രമണങ്ങൾ യുക്രെയ്ൻ മൂന്ന് ദിവസത്തേക്ക് നിർത്തിവെച്ചിരുന്നു. എന്നാൽ റഷ്യ ഇതിനോട് സഹകരിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് ആക്രമണങ്ങൾ പുനരാരംഭിക്കുകയായിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില വർദ്ധനവ് തടയാനുള്ള ശ്രമത്തിലാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി റഷ്യൻ ഡീസൽ ഇറക്കുമതിക്ക് അനുമതി നൽകിയ ട്രംപിന്റെ നടപടി തങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് സെലെൻസ്‌കി വ്യക്തമാക്കിയിരുന്നു. പുടിനേക്കാൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ളയാളാണ് സെലെൻസ്‌കിയെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ബ്രസൽസിലെ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ സെലെൻസ്‌കി അമേരിക്കയുമായുള്ള ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, ഇയു കൗൺസിൽ നൽകുന്ന പിന്തുണയെ വാനോളം പുകഴ്ത്തി. യുദ്ധത്തിന്റെ തുടക്കം മുതൽ തങ്ങളോടൊപ്പം ഉറച്ചുനിന്ന ഇയു കൗൺസിൽ, കമ്മീഷൻ, യഥാർത്ഥ നേതാക്കൾ എന്നിവരുടെ വലിയ പിന്തുണയ്ക്ക് താൻ നന്ദി പറയുന്നതായി ഉച്ചകോടിയിലേക്ക് എത്തിയ വേളയിൽ അദ്ദേഹം വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top