സാൻ ഫ്രാൻസിസ്കോ: പ്രമുഖ നിർമ്മിത ബുദ്ധി സ്റ്റാർട്ടപ്പായ ‘മെർകോർ’ പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ 750 മില്യൺ ഡോളർ (ഏകദേശം 6,300 കോടിയിലധികം രൂപ) സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 20 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ കമ്പനിയുടെ 23 വയസ്സുകാരായ മൂന്ന് സഹസ്ഥാപകരുടെയും വ്യക്തിഗത ആസ്തി ഇരട്ടിയായി വർദ്ധിച്ചതായി ഫോർബ്സ് റിപ്പോർട്ട് ചെയ്തു. മെർകോർ സി.ഇ.ഒ ബ്രണ്ടൻ ഫൂഡി, ചീഫ് ടെക്നോളജി ഓഫീസർ ആദർശ് ഹിരേമത്ത്, ചെയർമാൻ സൂര്യ മിധ എന്നിവർക്ക് കമ്പനിയിലുള്ള 21 ശതമാനം വീതം ഓഹരി പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരുടെയും ആസ്തി ഏകദേശം 4.2 ബില്യൺ ഡോളറായി ഉയർന്നു. 2025 ഒക്ടോബറിൽ കമ്പനിയുടെ മൂല്യം 10 ബില്യൺ ഡോളറായിരുന്നപ്പോൾ ഇവരുടെ ആസ്തി 2.2 ബില്യൺ ഡോളറായിരുന്നു. എൻവിഡിയ, സെയിൽസ്ഫോഴ്സ്, ബെഞ്ച്മാർക്ക്, ജനറൽ കാറ്റലിസ്റ്റ് തുടങ്ങിയ വമ്പൻ നിക്ഷേപകരാണ് പുതിയ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായത്.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയംനിർമ്മിത കോടീശ്വരന്മാർ
സഹസ്ഥാപകരിൽ രണ്ടുപേരായ സൂര്യ മിധയും ആദർശ് ഹിരേമത്തും ഇന്ത്യൻ വംശജരാണ്. കഴിഞ്ഞ വർഷം 22-ാം വയസ്സിൽ ഇവർ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയംനിർമ്മിത കോടീശ്വരന്മാർ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 27-ാം വയസ്സിൽ ഈ നേട്ടം കൈവരിച്ച പോളിമാർക്കറ്റ് സി.ഇ.ഒ ഷെയ്ൻ കോപ്ലാനെയും, 23-ാം വയസ്സിൽ കോടീശ്വരനായ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെയും മറികടന്നാണ് മൂവരും ഈ റെക്കോർഡ് നിലനിർത്തുന്നത്. മൂവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി സൂര്യ മിധയാണ്.
സൗഹൃദത്തിൽ നിന്ന് സംരംഭകത്വത്തിലേക്ക്
കാലിഫോർണിയയിലെ സാൻ ഹോസെയിലുള്ള ബെല്ലാർമൈൻ കോളേജ് പ്രിപ്പറേറ്ററി സ്കൂളിലെ പഠനകാലത്താണ് സൂര്യ മിധയും ആദർശ് ഹിരേമത്തും ബ്രണ്ടൻ ഫൂഡിയും പരിചയപ്പെടുന്നത്. സ്കൂൾ ഡിബേറ്റ് ടീമിൽ അംഗങ്ങളായിരുന്ന സൂര്യയും ആദർശും ഒരേ വർഷം മൂന്ന് ദേശീയ പോളിസി ഡിബേറ്റ് ടൂർണമെന്റുകളിലും വിജയിക്കുന്ന ചരിത്രത്തിലെ ആദ്യ ജോഡിയായി മാറിയിരുന്നു. ന്യൂഡൽഹിയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകനാണ് സൂര്യ മിധ. ഹാർവാർഡ് സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് പഠിച്ചിരുന്ന ആദർശ് ഹിരേമത്ത്, മെർകോറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി രണ്ട് വർഷത്തിന് ശേഷം പഠനം ഉപേക്ഷിക്കുകയായിരുന്നു.
2023-ൽ ഇന്ത്യയിലെ ഫ്രീലാൻസ് കോഡർമാരെ അമേരിക്കൻ കമ്പനികളുമായി ബന്ധിപ്പിക്കുന്ന റിക്രൂട്ടിംഗ് പ്ലാറ്റ്ഫോമായി ആരംഭിച്ച മെർകോർ, പിന്നീട് എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ഡോക്ടർമാരും അഭിഭാഷകരും ഉൾപ്പെടെയുള്ള വിദഗ്ധരെ ഓപ്പൺ എഐ പോലുള്ള മുൻനിര കമ്പനികൾക്ക് ലഭ്യമാക്കുന്ന മേഖലയിലേക്ക് വളർന്നു. പുതിയതായി ലഭിച്ച നിക്ഷേപം എഐ മോഡലുകളുടെ കാര്യക്ഷമത അളക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ‘ഇവാലുവേഷൻ ആൻഡ് പോസ്റ്റ്-ട്രെയിനിംഗ്’ ബിസിനസ്സ് വിപുലീകരിക്കാൻ ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
















