അനില്‍ മറ്റത്തിക്കുന്നേല്‍
ചിക്കാഗോ: 2026ലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ചിക്കാഗോ നഗരത്തിന്റെ ഔദ്യോഗിക ക്രിസ്മസ് ട്രീ തിരഞ്ഞെടുക്കപ്പെട്ടു. ഇല്ലിനോയിയിലെ കാംപ്ടണ് ഹില്‍സില്‍ താമസിക്കുന്ന ക്ലാര്‍ക്ക് കുടുംബം സംഭാവന ചെയ്ത ഏകദേശം 50 അടി ഉയരമുള്ള നോര്‍വേ സ്പ്രൂസ് മരമാണ് ഇത്തവണ ചിക്കാഗോയിലെ പ്രശസ്തമായ മില്ലേനിയം പാര്‍ക്കില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണമാകുന്നത്.
നവംബര്‍ രണ്ടിന് ക്ലാര്‍ക്ക് കുടുംബത്തിന്റെ വീട്ടുമുറ്റത്തുനിന്ന് മരം മുറിച്ചുമാറ്റി പ്രത്യേക ക്രെയിനിന്റെ സഹായത്തോടെ ട്രക്കിലേക്ക് കയറ്റി. നവംബര്‍ നാലിന് മില്ലേനിയം പാര്‍ക്കില്‍ എത്തിക്കുന്ന മരം തുടര്‍ന്ന് വൈദ്യുത ദീപങ്ങളും അലങ്കാരങ്ങളും ഉപയോഗിച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒരുക്കും.
ഈ ക്രിസ്മസ് ട്രീക്ക് പിന്നില്‍ ഹൃദയസ്പര്‍ശിയായ ഒരു കുടുംബചരിത്രവുമുണ്ട്. 2004ല്‍ കുടുംബാംഗമായ മുത്തച്ഛന്റെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ലഭിച്ച ചെറിയ തൈയാണ് പിന്നീട് വളര്‍ന്ന് വലിയ മരമായി മാറിയത്. കഴിഞ്ഞ 22 വര്‍ഷമായി ക്ലാര്‍ക്ക് കുടുംബത്തിന്റെ വീട്ടുമുറ്റത്ത് വളര്‍ന്ന ഈ മരം ഇപ്പോള്‍ ചിക്കാഗോ നഗരത്തിന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സമ്മാനമായി നല്‍കുകയാണ് കുടുംബം.
ഈ വര്‍ഷം ഔദ്യോഗിക ക്രിസ്മസ് ട്രീ തിരഞ്ഞെടുക്കുന്നതിനായി 108 അപേക്ഷകളാണ് നഗര അധികൃതര്‍ക്ക് ലഭിച്ചത്. അവയില്‍നിന്നാണ് ക്ലാര്‍ക്ക് കുടുംബത്തിന്റെ മരം തിരഞ്ഞെടുക്കപ്പെട്ടത്.
നവംബര്‍ 20 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് മില്ലേനിയം പാര്‍ക്കില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ക്രിസ്മസ് ട്രീയുടെ ദീപാലങ്കാരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. സംഗീതപരിപാടികളും മറ്റ് ആഘോഷങ്ങളും വെടിക്കെട്ടും ചടങ്ങിന്റെ ഭാഗമാകും. 2027 ജനുവരി 10 വരെ പൊതുജനങ്ങള്‍ക്ക് അലങ്കരിച്ച ക്രിസ്മസ് ട്രീ കാണാന്‍ അവസരമുണ്ടാകും.
1913ല്‍ ആരംഭിച്ച ചിക്കാഗോയുടെ ഔദ്യോഗിക ക്രിസ്മസ് ട്രീ ആഘോഷത്തിന്റെ 113-ാമത് വര്‍ഷമാണിത്. 2015 മുതല്‍ മില്ലേനിയം പാര്‍ക്കിലാണ് നഗരത്തിന്റെ ഔദ്യോഗിക ക്രിസ്മസ് ട്രീ സ്ഥാപിക്കുന്നത്.
നഗരവാസികളും വിനോദസഞ്ചാരികളും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്മസ് ട്രീ ദീപാലങ്കാരത്തോടെ ചിക്കാഗോയിലെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും.
A 50-foot-tall tree has been selected as Chicago’s official Christmas tree; the lighting ceremony will take place in Millennium Park on November 20.



















