പിയോറിയ (ഇല്ലിനോയിസ്): അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്ത് വ്യവസായശാലയ്ക്ക് സമീപം സ്ഫോടകവസ്തു കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് വൻ സുരക്ഷാ മുൻകരുതൽ. പിയോറിയയിലെ ബയോഊർജ എഥനോൾ പ്ലാന്റിന് സമീപം ബോംബ് കണ്ടെത്തിയതോടെ ഒരു മൈൽ ചുറ്റളവിലുള്ള താമസക്കാരെ അധികൃതർ അടിയന്തരമായി ഒഴിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംശയാസ്പദമായ നിലയിൽ ഒരു പാക്കേജ് ശ്രദ്ധയിൽപ്പെട്ടത്.
പരിശോധനയിൽ പാക്കേജ് അപകടകരമായ സ്ഫോടകവസ്തുവാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പോലീസ് അടിയന്തര നടപടികളിലേക്ക് കടന്നത്. പ്ലാന്റിന് ചുറ്റുമുള്ള ഒരു മൈൽ പരിധിയിലെ ആളുകളോട് ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സന്ദേശങ്ങൾ വഴി നിർദേശം നൽകി. പിയോറിയ പോലീസ് മേധാവി ബ്രാഡ് ഡിക്സൺ ശനിയാഴ്ച പുലർച്ചെയാണ് ഇക്കാര്യം അറിയിച്ചത്.
ബോംബ് നിർവീര്യമാക്കുന്നതിനുള്ള പ്രത്യേക സംഘത്തിന്റെ മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിനൊടുവിൽ വെള്ളിയാഴ്ച രാത്രി 9.12ഓടെ സ്ഫോടകവസ്തു സുരക്ഷിതമായി നിർവീര്യമാക്കി. എന്നാൽ പ്ലാന്റിന്റെ വിശാലമായ പരിസരത്ത് കൂടുതൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. കണ്ടെത്തിയ പാക്കേജ് മാത്രമാണ് നിർവീര്യമാക്കിയതെന്നും പ്ലാന്റ് പരിസരം പൂർണമായും സുരക്ഷിതമാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും പോലീസ് മേധാവി വ്യക്തമാക്കി.
സംഭവത്തിൽ എഫ്ബിഐയും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പിയോറിയ പോലീസ്, അഗ്നിരക്ഷാസേന, കൗണ്ടി ഷെരീഫ് ഓഫീസ്, ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് എന്നിവരുമായി ഏകോപിപ്പിച്ചാണ് എഫ്ബിഐ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാ അന്വേഷണ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് എഫ്ബിഐ സ്പെഷ്യൽ ഏജന്റ് റയാൻ പ്രെസ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.
















