ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രൂക്ലിനിൽ ബുധനാഴ്ചയുണ്ടായ കെട്ടിട തകർച്ചയിൽ കുറഞ്ഞത് എട്ട് പേർ മരിക്കുകയും മൂന്ന് അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1930-ൽ നിർമ്മിച്ച മൂന്ന് നില കെട്ടിടം പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെ 2625 ബെഡ്ഫോർഡ് അവന്യൂവിലെ തൊട്ടടുത്തുള്ള നിർമ്മാണ കുഴിയിലേക്ക് പൂർണ്ണമായും തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ സമീപത്തെ കെട്ടിടത്തിന്റെ ഒരു വശത്തെ ഭിത്തിയും അടർന്നുവീണതിനാൽ അപ്പാർട്ട്മെന്റുകളുടെ ഉൾഭാഗം പുറത്തേക്ക് കാണാവുന്ന നിലയിലായി. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആറ് മാസം ഗർഭിണിയായ ഒരു യുവതിയെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുകയും ഉടൻ തന്നെ വൈദ്യസഹായം നൽകുന്നതിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി എബിസി7 ന്യൂസ് റിപ്പോർട്ട് ചെയ്തു. കെട്ടിടം തകരാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണെങ്കിലും, അപകടസമയത്ത് തൊട്ടടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നിർമ്മാണത്തൊഴിലാളികൾ മണ്ണെടുപ്പ് നടക്കുന്നുണ്ടായിരുന്നുവെന്ന് സിറ്റി കമ്മീഷണർ അഹമ്മദ് തിഗാനി പറഞ്ഞു.
രക്ഷാപ്രവർത്തനം തുടരുകയാണെന്നും പ്രദേശത്തുനിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി ‘എക്സിൽ’ (X) കുറിച്ചു.
“ഇന്നലെ കെട്ടിടം തകർന്ന സ്ഥലത്ത് ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരെ കണ്ടെത്താനും രക്ഷിക്കാനുമായി അതീവ അപകടകരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തകർ രാത്രി മുഴുവൻ തിരച്ചിൽ നടത്തുകയാണ്. എട്ട് ന്യൂയോർക്കുകാർക്ക് ജീവൻ നഷ്ടപ്പെടുകയും മൂന്ന് അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ എന്റെ ഹൃദയം തകരുന്നു. ഇത്രയും വലിയൊരു നഷ്ടത്തെ വിവരിക്കാൻ വാക്കുകളില്ല. നമുക്ക് നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും, ഇന്ന് ദുഃഖിക്കുന്ന എല്ലാവർക്കുമൊപ്പമാണ് എന്റെ മനസ്സ്. രക്ഷാപ്രവർത്തനം തുടരുകയാണ്. ദയവായി ഈ പ്രദേശത്തുനിന്ന് മാറിനിൽക്കുക, ദുരിതബാധിതരെയും ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെയും നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക. അപകടത്തിൽപ്പെട്ടുവെന്ന് സംശയിക്കുന്ന ആരെയെങ്കിലും ബന്ധപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ ദയവായി 311 എന്ന നമ്പറിൽ വിളിക്കുക. ന്യൂയോർക്ക് നഗരത്തിന് പുറത്തുള്ളവരാണെങ്കിൽ 212-639-9675 എന്ന നമ്പറിൽ വിളിക്കുക,” മേയർ കുറിച്ചു.














