വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ നിയന്ത്രണം ഡെമോക്രാറ്റുകൾ തിരിച്ചുപിടിച്ചെങ്കിലും വോട്ടെണ്ണൽ പൂർണമായി അവസാനിച്ചിട്ടില്ല. അലാസ്ക, മിസിസിപ്പി തുടങ്ങിയ സംസ്ഥാനങ്ങളിലെ സെനറ്റ് മത്സരങ്ങളിലും നിരവധി ഹൗസ് സീറ്റുകളിലും വോട്ടെണ്ണൽ തുടരുകയാണ്. ഔദ്യോഗിക ഫലങ്ങൾ പൂർണമായി പുറത്തുവരാൻ ആഴ്ചകൾ വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തൽ.
തിരഞ്ഞെടുപ്പിന് ശേഷമുള്ള വോട്ടെണ്ണൽ പരിശോധന, ഫലങ്ങളുടെ ഔദ്യോഗിക സ്ഥിരീകരണം, വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങിയ പ്രധാന നടപടിക്രമങ്ങളാണ് ഇനി പൂർത്തിയാകാനുള്ളത്. ക്യാമ്പെയ്ൻ ലീഗൽ സെന്ററിന്റെ കണക്കനുസരിച്ച്, വോട്ടെടുപ്പ് ദിവസം രേഖപ്പെടുത്തിയ വോട്ടുകൾക്കൊപ്പം മുൻകൂട്ടിയും തപാൽ വഴിയും ചെയ്ത വോട്ടുകളും പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തും. നടപടികൾ പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ ഔദ്യോഗിക പട്ടിക അതത് സംസ്ഥാനങ്ങൾ കോൺഗ്രസിന് കൈമാറും.
പുതിയ കോൺഗ്രസ് അടുത്ത ജനുവരി ആദ്യത്തോടെ ഔദ്യോഗികമായി അധികാരമേൽക്കും. ഇതിന് മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങൾ വാഷിങ്ടൺ ഡിസിയിലെത്തി ഓറിയന്റേഷൻ പരിപാടികളിൽ പങ്കെടുക്കും. ജനുവരി ആദ്യവാരം കോൺഗ്രസ് സമ്മേളിക്കുമ്പോൾ ആദ്യത്തെ പ്രധാന നടപടിക്രമം പുതിയ സ്പീക്കറെ തിരഞ്ഞെടുക്കലായിരിക്കും. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ നേടുന്നയാളാണ് സ്പീക്കർ പദവിയിലെത്തുക.
നിലവിലെ ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രിസ് അടുത്ത സ്പീക്കറാകാനാണ് സാധ്യത. സ്പീക്കർ സ്ഥാനത്തേക്കുള്ള നീക്കം സംബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച സഹപ്രവർത്തകർക്ക് അയച്ച കത്തിലൂടെ അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. സ്പീക്കറെ തിരഞ്ഞെടുത്തതിനു പിന്നാലെ പുതിയ സെനറ്റർമാരും ഹൗസ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തുടർന്ന് കോൺഗ്രസിലെ വിവിധ സമിതികളിലേക്ക് അംഗങ്ങളെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഈ നടപടിക്രമങ്ങൾ പൂർത്തിയാകാൻ ആഴ്ചകളെടുത്തേക്കും.
















