വാഷിംഗടണ്‍: യുഎസില്‍ വിമാന സര്‍വീസുകളിലുണ്ടായ വ്യാപക തടസങ്ങള്‍ തിങ്കളാഴ്ചയും തുടരുന്നു. വെള്ളിയാഴ്ച രാജ്യവ്യാപകമായി വിമാന സര്‍വീസ് നിര്ത്തിവെപ്പിപ്പ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്എഎ) അപൂര്‍വമായ ഗ്രൗണ്ട് സ്റ്റോപ്പ് ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. നാല് മണിക്കൂറിലേറെ നീണ്ട നിയന്ത്രണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാന ഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങുകയും ചെയ്തു. ഉപകരണങ്ങളുടെ തകരാറാണ് ഗ്രൗണ്ട് സ്റ്റോപ്പിന് കാരണമെന്ന് എഫ്എഎ അഡ്മിനിസ്ട്രേറ്റര്‍ ബ്രയാന്‍ ബെഡ്ഫോര്‍ഡ് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ അട്ടിമറി നീക്കങ്ങളോ നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ ഉള്ളതിന് തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 14,000 ത്തിലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. വാരാന്ത്യത്തോടെ വിമാന ഗതാഗത സംവിധാനം പൂര്‍ണമായും സാധാരണ നിലയിലാകുമെന്നായിരുന്നു ബെഡ്ഫോര്‍ഡിന്റെ പ്രതീക്ഷ. വിമാനക്കമ്പനികളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പ്രവര്‍ത്തന സമയം അവസാനിക്കുന്നതോടെ സര്‍വീസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ പ്രതിസന്ധി പരിഹരിക്കാനായില്ല. വിമാനങ്ങളും ജീവനക്കാരും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയതിനാല്‍ സര്‍വീസുകള്‍ പഴയ നിലയിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ വെള്ളിയാഴ്ചത്തെ പ്രതിസന്ധി അമേരിക്കയുടെ വ്യോമഗതാഗത സംവിധാനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് സ്കോട്ട് കിര്‍ബി പറഞ്ഞു. വ്യോമാതിര്‍ത്തിയുടെ സുരക്ഷ ഉറപ്പാക്കാന്‍ എഫ്എഎ നിര്‍ണായക നടപടികള്‍ സ്വീകരിച്ചെന്നും വിമാന ഗതാഗത നിയന്ത്രണ വിഭാഗത്തിലെ ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും പ്രതിസന്ധി മറികടക്കാന്‍ രാപ്പകല്‍ പ്രവര്‍ത്തിച്ചെന്നും കിര്‍ബി പറഞ്ഞു. എന്നാല്‍ കൂടുതല്‍ ആധുനിക സാങ്കേതികവിദ്യയും സംവിധാനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള അധിക സൗകര്യങ്ങളും അടിയന്തരമായി ഒരുക്കേണ്ടതുണ്ട്. വിമാന ഗതാഗത നിയന്ത്രണ സംവിധാനത്തിന്റെ നവീകരണം സുരക്ഷയ്ക്കും യാത്രക്കാര്‍ക്കും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ഒരുപോലെ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാന ഗതാഗത നിയന്ത്രണ സംവിധാനത്തില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും സാങ്കേതികവിദ്യ നവീകരിക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുകയും വേണമെന്ന് കിര്‍ബി ആവശ്യപ്പെട്ടു. ഗതാഗത സെക്രട്ടറി, എഫ്എഎ അഡ്മിനിസ്ട്രേറ്റര്‍ എന്നിവരുമായി നേരിട്ട് ചര്‍ച്ച നടത്തിയതായും ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും നേതാക്കളുമായി കഴിഞ്ഞ 24 മണിക്കൂറിനിടെ സംസാരിച്ചതായും അദ്ദേഹം അറിയിച്ചു. അമേരിക്കന്‍ വ്യോമഗതാഗത സംവിധാനം നവീകരിക്കുന്നതിനൊപ്പം എഫ്എഎയുടെ പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തം ഉറപ്പാക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് ഒരേ നിലപാടാണെന്നും കിര്‍ബി പറഞ്ഞു. പ്രതിസന്ധിക്കിടെ യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാനും അവരെ വിവരങ്ങള്‍ അറിയിക്കാനും പ്രവര്‍ത്തിച്ച യുണൈറ്റഡ് എയര്‍ലൈന്‍സ് ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു. യാത്രക്കാര്‍ കാട്ടിയ ക്ഷമയ്ക്കും നന്ദി അറിയിച്ചു.
ഞായറാഴ്ചയും വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെട്ടു. ഫ്ലൈറ്റ് അവെയറിന്റെ കണക്കനുസരിച്ച് അമേരിക്കയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു വരെ 2,291 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. 18,689 വിമാന സര്‍വീസുകള്‍ വൈകുകയും ചെയ്തു. ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയത് അമേരിക്കന്‍ എയര്‍ലൈന്‍സിലാണ്; 611 സര്‍വീസുകള്‍. ജെറ്റ്ബ്ലൂവിന്റെ 253 സര്‍വീസുകളും സ്കൈവെസ്റ്റിന്റെ 207 സര്‍വീസുകളും റദ്ദാക്കി. തിങ്കളാഴ്ചത്തേക്കുള്ള കണക്കുകളും ആശങ്കാജനകമാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള കണക്കുപ്രകാരം തിങ്കളാഴ്ച 144 വിമാന സര്‍വീസുകള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. 641 സര്‍വീസുകള്‍ വൈകുമെന്നാണ് റിപ്പോര്‍ട്ട്. വിമാന ഗതാഗത സംവിധാനം പൂര്‍ണമായും സാധാരണ നിലയിലാകാന്‍ ഇനിയും സമയമെടുക്കുമെന്ന സൂചനയാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്.
Flight cancellations in the US to continue on Monday; FAA cites equipment failure as the cause of the crisis.
















