ഫൊക്കാന ബിസിനസ് ഫോറം ഉല്‍ഘാടനം നവംബര്‍ 15നു ഫിലാഡല്‍ഫിയയില്‍

ഫൊക്കാന ബിസിനസ് ഫോറം ഉല്‍ഘാടനം നവംബര്‍ 15നു ഫിലാഡല്‍ഫിയയില്‍

ജിജി റ്റോം, ഫൊക്കാന പി. ആര്‍.ഓ

ന്യൂയോര്‍ക്ക്. ഫൊക്കാനയുടെ 2026-28 വര്‍ഷത്തേക്ക് തിരഞ്ഞെടുത്ത ബിസിനസ് ഫോറത്തിന്റെ ഉല്‍ഘാടനം, 2026 നവംബര്‍ മാസം പതിനഞ്ചാം തീയതി വൈകിട്ട് 4 മണിക്ക് ഫിലാഡല്‍ഫിയ അസെന്‍ഷന്‍ ചര്‍ച്ചു ഹാളില്‍ വെച്ച് നടത്തപ്പെടും. ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉല്‍ഘാടനം നിര്‍വഹിക്കും. പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിനോടൊപ്പം സെക്രട്ടറി സന്തോഷ് നായര്‍, ട്രെഷറര്‍ ആന്റ്റോ വര്‍ക്കി എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. ഫൊക്കാനയുടെ പെന്‍സില്‍വാനിയ റീജിയണല്‍ ഉല്‍ഘാടനത്തോടനുബന്ധിച്ചാണ് ബിസിനസ് ഫോറത്തിന്റെ ഉല്‍ഘാടനവും നടത്തപ്പെടുന്നത്.

ഫൊക്കാനയുടെ പതിനഞ്ചിന കമ്മിറ്റികളില്‍ ഒന്നായ ബിസിനസ് ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍, സംരംഭകരെയും ബിസിനസ് നടത്തുന്നവരെയും ഒന്നിച്ചു കൊണ്ട് വന്നു അവരുടെ അറിവുകളും അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതിനും ബിസിനസ് വളര്‍ച്ചക്ക് അവസരണങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള വേദികള്‍ സാധ്യമാക്കുക എന്നുള്ളതാണ്. ഇതിലൂടെ പുതിയ ബിസിനസ് അവസരങ്ങളും ഉപഭോക്താക്കളെയും കണ്ടെത്തുവാന്‍ സാധിക്കുകയും, നേരിടുന്ന വെല്ലുവിളികള്‍ക്കു പരിഹാരം കണ്ടെത്തുവാനും, പുതിയ സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കുവാനും സാധിക്കും. ഒരു ബിസിനസ് ഡയറക്ടറിയും പ്രസിദ്ധീകരിക്കുന്നുണ്ട്.

ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയംഗം ബിജോ വിതയത്തില്‍ കോര്‍ഡിനേറ്ററായും, എക്‌സിക്യൂട്ടീവ് മെമ്പര്‍ സോണി അമ്പൂക്കന്‍ അഡൈ്വസറും ആയുള്ള ബിസിനസ് ഫോറത്തിന്റെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്നത് പ്രമുഖ വ്യവസായി കൂടിയായ മാത്യു ചെറിയാന്‍ ആണ്. കമ്മിറ്റിയംഗമായി അജിത് ചാണ്ടിയും, കോര്‍ഡിനേറ്ററന്മാരായി ബിജു ജോര്‍ജ്, റജി കുര്യന്‍ എന്നിവരും, തോമസ് സഖറിയാ – വൈസ് ചെയര്‍മാന്‍, വര്ഗീസ് ചാക്കോ സെക്രട്ടറി, അലക്‌സ് ചെറിയാന്‍ ട്രെഷറര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു.

വിവിധ മേഖലകളില്‍ പ്രമുഖരായ ബിസിനസ് സംരംഭകര്‍ തന്നെ ബിസിനസ് ഫോറത്തിന്റെ ചുമതലകള്‍ വഹിക്കുന്നത്, പുതിയ ബിസിനസ് ബന്ധങ്ങള്‍ ലഭിക്കുന്നതിനും, സംരംഭകര്‍ തമ്മില്‍ സഹകരിച്ചു മുന്നേറുവാനും, അതിലൂടെ സമൂഹത്തിന്റെ സാമ്പത്തീക വളര്‍ച്ചക്ക് സംഭാവന നല്‍കുവാന്‍ സാധിക്കുമെന്നും ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായര്‍, ട്രെഷറര്‍ ആന്റ്റോ വര്‍ക്കി എന്നിവര്‍ പറഞ്ഞു.

FOKANA Business Forum to be inaugurated in Philadelphia on November 15

Share Email
Top