ഫൊക്കാന സ്‌പോര്‍ട്‌സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താന്‍ വിപുലമായ കായിക പദ്ധതികള്‍

ഫൊക്കാന സ്‌പോര്‍ട്‌സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താന്‍ വിപുലമായ കായിക പദ്ധതികള്‍

ജിജി റ്റോം. ഫൊക്കാന പി. ആര്‍. ഓ.

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള (2026-2028) സ്‌പോര്‍ട്‌സ് കമ്മിറ്റി രൂപീകരിച്ചു. അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തില്‍ കായികരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനും കായികപ്രവര്‍ത്തനങ്ങളിലൂടെ യുവതലമുറയെ ഫൊക്കാനയുമായി കൂടുതല്‍ അടുപ്പിക്കുന്നതിനുമാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിന്‍ഡോ ജോളിയെ സ്‌പോര്‍ട്‌സ് ഡയറക്ടറായും, ജിന്‍സ് ജോസഫിനെ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായും നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. പ്രവീണ്‍ തോമസ് സ്‌പോര്‍ട്‌സ് ചെയര്‍മാനായും വിപിന്‍ രാജ് കോ-ചെയര്‍മാനായും പ്രവര്‍ത്തിക്കും.

വര്‍ഷങ്ങളായി കായികരംഗത്തും പ്രത്യേകിച്ച് ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള വിവിധ കായികമേഖലകളിലും സംഘാടനമികവും പ്രവര്‍ത്തനപരിചയവും തെളിയിച്ചിട്ടുള്ള ലിന്‍ഡോ ജോളിയുടെയും ജിന്‍സ് ജോസഫിന്റെയും നേതൃത്വം ഫൊക്കാനയുടെ കായികപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് ഫൊക്കാന സെക്രട്ടറി സന്തോഷ് നായര്‍, ട്രഷറര്‍ ആന്റോ വര്‍ക്കി എന്നിവര്‍ അഭിപ്രായപ്പെട്ടു. കായികരംഗത്തെ ഇവരുടെ അനുഭവസമ്പത്തും സംഘടനാപാടവവും പുതിയ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുന്നതിന് സഹായകമാകുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

നാലാം ക്ലാസില്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ലിന്‍ഡോ ജോളി, പിന്നീട് കോട്ടയം ജില്ലയെയും കേരള അണ്ടര്‍-16, അണ്ടര്‍-19 ക്രിക്കറ്റ് ടീമുകളെയും പ്രതിനിധീകരിച്ചു.അമേരിക്കയിലെ ഡേടോണ ഡോട്ട്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ അദ്ദേഹം, അമേരിക്കയിലും കാനഡയിലുമായി നിരവധി ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലും ലീഗുകളിലും സജീവമാണ്. ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ എന്നീ കായിക ഇനങ്ങളിലും താല്‍പര്യമുള്ള ലിന്‍ഡോയുടെ അനുഭവസമ്പത്തും നേതൃത്വപാടവവും ഫൊക്കാനയുടെ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാകും.

വര്‍ഷങ്ങളായി അമേരിക്കന്‍ ക്രിക്കറ്റ് രംഗത്ത് സജീവ സാന്നിധ്യമായ ജിന്‍സ് ജോസഫ്, നിരവധി ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിലും വിജയകരമായി നടത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് യുഎസ്എയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ അദ്ദേഹം കായികരംഗത്തെ സംഘാടന മികവുകൊണ്ടും നേതൃത്വപാടവം കൊണ്ടും ശ്രദ്ധേയനാണ്.ഫൊക്കാന സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററെന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും സംഘാടന മികവും ഫൊക്കാനയുടെ കായിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും യുവതലമുറയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും വലിയ മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കായികരംഗത്തിലൂടെ പുതിയ തലമുറയെ ഫൊക്കാനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളിലായി വിവിധ കായിക ഇനങ്ങളില്‍ പരിശീലന ക്യാമ്പുകള്‍, സ്‌പോര്‍ട്‌സ് അക്കാദമികള്‍, യുവജന കായികമേളകള്‍, അന്തര്‍സംസ്ഥാന ടൂര്‍ണമെന്റുകള്‍ എന്നിവ സംഘടിപ്പിക്കാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ജിന്‍സ് ജോസഫ് അറിയിച്ചു.

പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനവുമായ ഐ. എം. വിജയന്‍ ഫൊക്കാന സ്‌പോര്‍ട്‌സ് വിങ്ങിന്റെ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റതായി ലിന്‍ഡോ ജോളി അറിയിച്ചു. ഇന്ത്യന്‍ കായികരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഐ. എം. വിജയന്റെ സാന്നിധ്യം ഫൊക്കാനയുടെ കായികസംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനവും അംഗീകാരവും നല്‍കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കായികരംഗത്ത് കഴിവുള്ള യുവപ്രതിഭകളെ കണ്ടെത്തുന്നതിനും അവര്‍ക്ക് ആവശ്യമായ പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനും പ്രമുഖ കായികതാരങ്ങളുടെയും പരിശീലകരുടെയും സഹകരണം ഉറപ്പാക്കുന്നതിനും കമ്മിറ്റി ശ്രമിക്കും. കായികമത്സരങ്ങള്‍ സംഘടിപ്പിക്കുക എന്നതിനപ്പുറം, കായികരംഗത്തെ ഒരു സാംസ്‌കാരികവും സാമൂഹികവുമായ കൂട്ടായ്മയുടെ വേദിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ലിന്‍ഡോ ജോളി കൂട്ടിച്ചേര്‍ത്തു.

”കായികം ഒരു മത്സരം മാത്രമല്ല, തലമുറകളെ ഒന്നിപ്പിക്കുന്ന ശക്തമായ ഒരു ബന്ധം കൂടിയാണ്.” ഈ ആശയത്തെ മുന്‍നിര്‍ത്തി, കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന കായികപ്രവര്‍ത്തനങ്ങളിലൂടെ ഫൊക്കാനയുടെ കായികവിഭാഗത്തെ കൂടുതല്‍ സജീവമാക്കാനും, കായികരംഗത്തിലൂടെ യുവതലമുറയെ സംഘടനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു

അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിന്റെ കായികസ്വപ്നങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതിനൊപ്പം, യുവതലമുറയുടെ കഴിവുകളും നേതൃത്വവും വളര്‍ത്തിയെടുത്ത് അവരെ ഫൊക്കാനയുടെ ഭാവി നേതൃത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് സ്‌പോര്‍ട്‌സ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായര്‍, ട്രെഷറര്‍ ആന്റ്റോ വര്‍ക്കി എന്നിവര്‍ ഭാവുകങ്ങള്‍ നേര്‍ന്നു.

FOKANA Sports Committee Formed; Extensive Sports Initiatives to Strengthen Youth Participation

Share Email
Top