വാഷിംഗടണ്‍: അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയ്ക്ക് അഞ്ചാംപനി നിര്‍മാര്‍ജന പദവി നഷ്ടമായതായി പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ മീസില്‍സ് വ്യാപനം തടയുന്നതിനും നിര്‍മാര്‍ജന പദവി തിരിച്ചുപിടിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ അറിയിച്ചു. 2000ലാണ് അമേരിക്ക മീസില്‍സ് നിര്‍മാര്‍ജനം ചെയ്തതായി ആദ്യമായി പ്രഖ്യാപിച്ചത്. രോഗവ്യാപനം തുടര്‍ച്ചയായി നടക്കുന്ന സാഹചര്യം ഇല്ലാതായെന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍. എന്നാല്‍ ഒരേ വൈറസ് വകഭേദം 12 മാസമോ അതിലധികമോ കാലം രാജ്യത്ത് തുടര്‍ച്ചയായി വ്യാപിച്ചാല്‍ നിര്‍മാര്‍ജന പദവി നഷ്ടമാകും.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അമേരിക്കയില്‍ മീസില്‍സ് കേസുകള്‍ ഗണ്യമായി വര്‍ധിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. നേരത്തെ പ്രതിവര്‍ഷം ശരാശരി 180 കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വിദേശത്തുനിന്ന് രോഗബാധയോടെ എത്തുന്നവരിലൂടെയായിരുന്നു ഭൂരിഭാഗം കേസുകളും. എന്നാല്‍ അടുത്തിടെ ടെക്‌സസ്, യൂട്ടാ, സൗത്ത് കരോലിന, പെന്‍സില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രാദേശിക രോഗവ്യാപനവും ശക്തമായി. ഈ വര്‍ഷം രാജ്യത്തെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലുമായി 5,412 മീസില്‍സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗബാധയെത്തുടര്‍ന്ന് പത്ത് പേര്‍ മരിച്ചതായും സംസ്ഥാന ആരോഗ്യവകുപ്പുകള്‍ അറിയിച്ചു. 2024ല്‍ 300ല്‍ താഴെ കേസുകള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. 2026ല്‍ മാത്രം രാജ്യത്ത് 48 രോഗവ്യാപന കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, മിനസോട്ട, ഇന്‍ഡ്യാന എന്നിവിടങ്ങളില്‍ വ്യാപനം തുടരുകയാണ്. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
നിര്‍മാര്‍ജന പദവി നഷ്ടമായെങ്കിലും രോഗവ്യാപനം തടയുന്നതിനുള്ള നടപടികളില്‍ പിന്നോട്ടുപോകില്ലെന്ന് ആരോഗ്യ സെക്രട്ടറി കെന്നഡി സമൂഹമാധ്യമമായ എക്‌സിലെ കുറിപ്പില്‍ വ്യക്തമാക്കി. അമേരിക്കന്‍ കുടുംബങ്ങളെ രോഗത്തില്‍നിന്ന് സംരക്ഷിക്കുകയും നിര്‍മാര്‍ജന പദവി തിരിച്ചുപിടിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മീസില്‍സ് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം എം.എം.ആര്‍ വാക്‌സിനേഷനാണെന്ന് താന്‍ ഇപ്പോഴും ശുപാര്‍ശ ചെയ്യുന്നുവെന്നും കെന്നഡി വ്യക്തമാക്കി. മീസില്‍സ്, മംപ്‌സ്, റുബെല്ല എന്നീ മൂന്ന് രോഗങ്ങള്‍ക്കെതിരായ പ്രതിരോധമാണ് എം.എം.ആര്‍ വാക്‌സിന്‍ നല്‍കുന്നത്. നിര്‍മാര്‍ജന പദവി നഷ്ടമായതുകൊണ്ട് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് സി.ഡി.സി ഡയറക്ടര്‍ ഡോ. എറിക്ക ഷ്വാര്‍ട്‌സും അറിയിച്ചു. രോഗവ്യാപനം നടക്കുന്ന മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാന-പ്രാദേശിക ആരോഗ്യ വകുപ്പുകള്‍ക്കായി 10 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കിടയിലെ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞതാണ് രോഗവ്യാപനം വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2019-20 അധ്യയന വര്‍ഷത്തില്‍ അമേരിക്കയിലെ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥികളില്‍ 95 ശതമാനം പേര്‍ക്ക് എം.എം.ആര്‍ വാക്‌സിന്‍ ലഭിച്ചിരുന്നു. എന്നാല്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ഇത് 92 ശതമാനമായി കുറഞ്ഞു. ഇതോടെ ഏകദേശം മൂന്ന് ലക്ഷം കുട്ടികള്‍ക്ക് മീസില്‍സിനെതിരായ മതിയായ പ്രതിരോധമില്ലാത്ത സാഹചര്യമുണ്ടായി. രോഗവ്യാപനം തടയാന്‍ 95 ശതമാനം വാക്‌സിനേഷന്‍ നിരക്ക് ആവശ്യമായ കൂട്ടപ്രതിരോധശേഷി കൈവരിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. വാക്‌സിനേഷന്‍ നിരക്കിലെ ചെറിയ കുറവ് പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാമെന്ന് എപ്പിഡെമിയോളജിസ്റ്റ് ഡോ. ജോണ്‍ ബ്രൗണ്‍സ്റ്റീന്‍ മുന്നറിയിപ്പ് നല്‍കി. വാക്‌സിനുകളെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളും തെറ്റിദ്ധാരണകളും കുട്ടികളുടെ വാക്‌സിനേഷന്‍ കുറയാന്‍ കാരണമായിട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. കോവിഡ് കാലത്തെ ആരോഗ്യസേവന തടസ്സങ്ങളും ഇതിന് കാരണമായതായി കെന്നഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മീസില്‍സ് അതിവേഗം പടരുന്ന രോഗമാണെന്നും രോഗബാധിതനായ ഒരാള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ 90 ശതമാനം പേരിലേക്കും രോഗം പകരാന്‍ കഴിയുമെന്നും സി.ഡി.സി വ്യക്തമാക്കുന്നു. രോഗി മുറി വിട്ടുപോയ ശേഷവും വൈറസിന് വായുവിലും പ്രതലങ്ങളിലും രണ്ട് മണിക്കൂറോളം നിലനില്‍ക്കാനാകും. രോഗബാധിതരായ വാക്‌സിന്‍ സ്വീകരിക്കാത്ത അഞ്ചില്‍ ഒരാള്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. ന്യൂമോണിയ, മസ്തിഷ്‌കവീക്കം തുടങ്ങിയ ഗുരുതരമായ സങ്കീര്‍ണതകളും ഉണ്ടാകാം. എം.എം.ആര്‍ വാക്‌സിന്‍ രണ്ട് ഡോസുകളായാണ് നല്‍കുന്നത്. ആദ്യ ഡോസ് 12 മുതല്‍ 15 മാസം വരെയും രണ്ടാമത്തെ ഡോസ് നാല് മുതല്‍ ആറ് വയസ്സ് വരെയുമാണ് ശുപാര്‍ശ ചെയ്യുന്നത്. രണ്ട് ഡോസുകളും ചേര്‍ന്ന് രോഗബാധ തടയുന്നതില്‍ 97 ശതമാനം ഫലപ്രദമാണെന്ന് സി.ഡി.സി വ്യക്തമാക്കുന്നു. വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞതും പൊതുജനാരോഗ്യ സംവിധാനങ്ങളിലെ നിക്ഷേപക്കുറവും പരിഹരിച്ചാല്‍ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാനാകൂവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
For the first time in five years, the United States has lost its measles elimination status.
















