നാലു മണിക്കൂര്‍ നീണ്ടു നിന്ന അനിശ്ചിതത്വം അവസാനിച്ചു: യുഎസിലെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

നാലു മണിക്കൂര്‍ നീണ്ടു നിന്ന അനിശ്ചിതത്വം അവസാനിച്ചു: യുഎസിലെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

വാഷിംഗ്ടണ്‍: മണിക്കൂറുകള്‍ നീണ്ടു നിന്ന അനിശ്ചിതത്ത്വങ്ങള്‍ക്ക് അവസാനമായി അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.അമേരിക്കയിലുടനീളം വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചതോടെ വിമാനങ്ങള്‍ വീണ്ടും സര്‍വീസ് ആരംഭിച്ചു.വെള്ളിയാഴ്ച നാല് മണിക്കൂറിലധികം നീണ്ടുനിന്ന രാജ്യവ്യാപക ഗ്രൗണ്ട് സ്റ്റോപ്പ് ഉത്തരവിനെത്തുടര്‍ന്ന് ആയിരക്കണക്കിന് വിമാന സര്‍വീസുകളാണ് വൈകുകയോ റദ്ദാക്കുകയോ ചെയ്തത്. ലക്ഷക്കണക്കിന് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയ സംഭവത്തിന്റെ പ്രത്യാഘാതങ്ങള്‍ വരും ദിവസങ്ങളിലും തുടരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) വ്യോമഗതാഗത നിയന്ത്രണ കേന്ദ്രങ്ങളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ ഗുരുതരമായ തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. കാലപ്പഴക്കം ചെന്ന വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിന് പുതിയ സാങ്കേതിക സംവിധാനങ്ങളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ താങ്ങാനാകാതെ വന്നതാണ് തകരാറിന് കാരണമായതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. ഇതേത്തുടര്‍ന്നാണ് രാജ്യത്തെ വിമാനങ്ങള്‍ നിലത്തിറക്കാനും പുതിയ സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്താനും അധികൃതര്‍ നിര്‍ബന്ധിതരായത്.

അമേരിക്കയിലെ വിമാന സര്‍വീസുകളെ മാത്രമല്ല, കാനഡയിലെയും വ്യോമഗതാഗതത്തെയും പ്രതിസന്ധി ബാധിച്ചു. അമേരിക്കന്‍ വ്യോമപാതയിലൂടെ കടന്നുപോകേണ്ട നിരവധി വിമാനങ്ങളുടെ സര്‍വീസുകള്‍ തടസപ്പെട്ടതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടിവന്നതും ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണങ്ങളിലുണ്ടായ പ്രശ്‌നങ്ങളും യാത്രക്കാരുടെ തിരക്കും സര്‍വീസുകള്‍ സാധാരണ നിലയിലാകുന്നത് വൈകിപ്പിക്കാനിടയുണ്ട്.

സംഭവത്തിന് പിന്നില്‍ സൈബര്‍ ആക്രമണമുണ്ടായതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ഗതാഗത സെക്രട്ടറി സീന്‍ ഡഫി വ്യക്തമാക്കി. എന്നാല്‍, സൈബര്‍ ആക്രമണ സാധ്യത പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ വ്യോമഗതാഗത നിയന്ത്രണ സംവിധാനം പഴക്കമേറിയതാണെന്നും സമാനമായ തകരാറുകള്‍ ഇനിയും സംഭവിക്കാമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവന്നത് ഇത് മൂന്നാം തവണയാണ്. 2001-ല്‍ രണ്ട് ദിവസത്തേക്കും 2023 ജനുവരി 11-ന് ഏകദേശം 90 മിനിറ്റും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. പുതിയ പ്രതിസന്ധിയെ തുടര്‍ന്ന് വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ സര്‍വീസ് സമയം സംബന്ധിച്ച വിവരങ്ങള്‍ വിമാനക്കമ്പനികളുമായി നേരിട്ട് ഉറപ്പാക്കണമെന്നും റദ്ദാക്കിയതോ വൈകിയതോ ആയ സര്‍വീസുകള്‍ക്കുള്ള പുനഃക്രമീകരണ സാധ്യതകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Four hours of uncertainty have come to an end: flight services in the US have resumed.

Share Email
LATEST excelnclexrn
Top