കാഴ്ചശക്തി സ്ഥിരമായി നഷ്ടപ്പെടാൻ വരെ സാധ്യത; പ്രമേഹ-വണ്ണം കുറയ്ക്കൽ മരുന്നുകൾക്ക് പുതിയ മുന്നറിയിപ്പുമായി യുഎസ് എഫ്‍ഡിഎ

കാഴ്ചശക്തി സ്ഥിരമായി നഷ്ടപ്പെടാൻ വരെ സാധ്യത; പ്രമേഹ-വണ്ണം കുറയ്ക്കൽ മരുന്നുകൾക്ക് പുതിയ മുന്നറിയിപ്പുമായി യുഎസ് എഫ്‍ഡിഎ

വാഷിംഗ്ടൺ: ഓസംപിക്, വെഗോവി തുടങ്ങിയ ജനപ്രിയ പ്രമേഹ-വണ്ണം കുറയ്ക്കൽ മരുന്നുകളുടെ ലേബലിൽ പുതിയ മുന്നറിയിപ്പ് ഉൾപ്പെടുത്താൻ യുഎസ് ആരോഗ്യ നിയന്ത്രണ ഏജൻസിയായ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‍ഡിഎ) തീരുമാനിച്ചു. അപൂർവ സന്ദർഭങ്ങളിൽ സ്ഥിരമായ കാഴ്ചനഷ്ടത്തിന് കാരണമായേക്കാവുന്ന പാർശ്വഫലത്തെക്കുറിച്ചാണ് മുന്നറിയിപ്പ്.

അമിതവണ്ണം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ജി.എൽ.പി-1 വിഭാഗത്തിലെ എല്ലാ മരുന്നുകളുടെയും ലേബലിൽ ഈ അപകടസാധ്യത ഉൾപ്പെടുത്തും. സെപ്ബൗണ്ട്, മൗഞ്ജാരോ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള കുത്തിവെപ്പ് മരുന്നുകൾക്കും ഗുളികകൾക്കും പുതിയ നിർദേശം ബാധകമാണ്.

എൻഎഐഒഎൻ (NAION) എന്ന നേത്രരോഗമാണ് കാഴ്ചനഷ്ടത്തിന് കാരണമായേക്കാവുന്നത്. ഒപ്റ്റിക് നാഡിയിലേക്കുള്ള രക്തയോട്ടം കുറയുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. എന്നാൽ രോഗം ഉണ്ടാകുന്നതിന്റെ കൃത്യമായ കാരണം പൂർണമായി വ്യക്തമായിട്ടില്ലെന്ന് എഫ്‍ഡിഎ അറിയിച്ചു.

നോവോ നോർഡിസ്കിന്റെ ഓസംപിക്, വെഗോവി എന്നീ മരുന്നുകളിലെ പ്രധാന ഘടകമായ സെമാഗ്ലൂടൈഡ് ഉപയോഗിക്കുന്നവരിൽ ഈ നേത്രരോഗം കണ്ടെത്തിയതിനെത്തുടർന്നാണ് 2024-ലെ മെഡിക്കൽ പഠനത്തിന്റെ അടിസ്ഥാനത്തിൽ എഫ്‍ഡിഎ അന്വേഷണം ആരംഭിച്ചത്.

അതേസമയം, ജി.എൽ.പി-1 മരുന്നുകളുടെ ഉപയോഗം എൻഎഐഒഎൻ ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് തെളിവുകളുണ്ടെങ്കിലും രോഗികൾ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് തടയാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പഠനത്തിൽ പങ്കെടുത്ത ന്യൂറോ-ഓഫ്താൽമോളജിസ്റ്റ് ഡോ. ജോസഫ് റിസ്സോ വ്യക്തമാക്കി. വലിയൊരു വിഭാഗം ആളുകൾക്ക് ഈ മരുന്നുകൾ കാര്യമായ പ്രയോജനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി.എൽ.പി-1 മരുന്നുകൾ ഉപയോഗിക്കാത്തവരിലും ഈ നേത്രരോഗം കാണപ്പെടാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share Email
LATEST excelnclexrn
More Articles
Top