അമേരിക്കൻ ജനത ഏറെ ആവേശത്തോടെയും സ്നേഹത്തോടെയും കൊണ്ടാടുന്ന ദേശീയ അവധി ദിനമാണ് താങ്ക്സ്ഗിവിംഗ് . എല്ലാ വർഷവും നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ വർഷം നവംബർ 26-നാണ് താങ്ക്സ്ഗിവിംഗ് വരുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന് വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുകയും, ജീവിതത്തിലെ സന്തോഷങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്ദി പറയുകയും ചെയ്യുന്ന ഈ ദിനത്തോടെയാണ് അമേരിക്കയിൽ ഉത്സവകാലത്തിന് തുടക്കമാകുന്നത്.
ചരിത്രവഴികളിലൂടെ
1621-ലാണ് താങ്ക്സ്ഗിവിംഗ് ആഘോഷങ്ങളുടെ തുടക്കം. അമേരിക്കയിലെ തദ്ദേശീയ ഗോത്രവർഗക്കാരായ വാംപനോഗ് (Wampanoag) ജനതയും, പുതുതായി കുടിയേറിയ ഇംഗ്ലീഷ് കോളനിക്കാരും ചേർന്ന് നടത്തിയ ഒരു വിളവെടുപ്പ് വിരുന്നിൽ നിന്നാണ് ഈ ആഘോഷം പിറവിയെടുത്തത്.
പിന്നീട് 1789-ൽ, കോൺഗ്രസിന്റെ ശുപാർശ പ്രകാരം പ്രസിഡന്റ് ജോർജ് വാഷിംഗ്ടൺ നവംബർ 26 പൊതുവായ താങ്ക്സ്ഗിവിംഗ് ദിനമായി പ്രഖ്യാപിച്ചു. പുതിയ ഭരണഘടനയ്ക്ക് കീഴിൽ ഈ ദിനം ആദ്യമായി ആഘോഷിക്കപ്പെട്ടത് അന്നാണ്. തുടർന്ന് 1863-ൽ, ആഭ്യന്തരയുദ്ധത്തിലൂടെ കടന്നുപോയിരുന്ന രാജ്യത്തെ നയിച്ചിരുന്ന അമേരിക്കയുടെ പതിനാറാമത് പ്രസിഡന്റ് എബ്രഹാം ലിങ്കൺ താങ്ക്സ്ഗിവിംഗ് ഒരു ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിച്ചു. മുറിവുകൾ ഉണക്കി രാജ്യത്ത് സമാധാനവും ഐക്യവും തിരികെ കൊണ്ടുവരാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
ആഘോഷങ്ങളും ആചാരങ്ങളും
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും, കളികളിൽ ഏർപ്പെട്ട് സന്തോഷം പങ്കിടുന്നതുമാണ് ഈ ദിവസത്തെ പ്രധാന കാഴ്ച. പംപ്കിൻ പൈ (Pumpkin pie), ക്രാൻബെറി സോസ്, മഷ്ഡ് പൊട്ടറ്റോ, സ്റ്റഫിംഗ്, റോസ്റ്റ് ചെയ്ത ടർക്കി എന്നിവയാണ് താങ്ക്സ്ഗിവിംഗ് തീൻമേശയിലെ പ്രധാന വിഭവങ്ങൾ.
വിരുന്നിന് പുറമെ പ്രശസ്തമായ ‘മേസിസ് താങ്ക്സ്ഗിവിംഗ് പരേഡ്’ (Macy’s Thanksgiving Parade), ഇല്ലാത്തവർക്ക് അവശ്യസാധനങ്ങൾ ദാനം ചെയ്യൽ, പ്രസിഡന്റിന്റെ ‘ടർക്കി മാപ്പുനൽകൽ’ ചടങ്ങ് എന്നിവയും ഈ ദിവസത്തിന്റെ ഭാഗമാണ്. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ഫ്രീഡം’, ‘ഫെതേഴ്സ്’ എന്നീ രണ്ട് ടർക്കികൾക്ക് മാപ്പുനൽകി അവയെ പരമ്പരാഗത വിരുന്നിന്റെ ഭാഗമാകുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ആധുനിക കാലത്ത് താങ്ക്സ്ഗിവിംഗിന് പിന്നാലെ വരുന്നത് ‘ബ്ലാക്ക് ഫ്രൈഡേ’ (Black Friday) വിൽപ്പനയാണ്. 1950-കളിൽ അസ്വസ്ഥരായ ഫാക്ടറി മാനേജർമാരിൽ നിന്നാണ് ‘ബ്ലാക്ക് ഫ്രൈഡേ’ എന്ന പേര് ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. താങ്ക്സ്ഗിവിംഗിന് തൊട്ടടുത്ത ദിവസം ധാരാളം തൊഴിലാളികൾ അസുഖമാണെന്ന് പറഞ്ഞ് അവധിയെടുക്കുമായിരുന്നത്രേ.















