ഹോപ്കിൻസ്: അമേരിക്കയിലെ മിനസോട്ടയിലുള്ള ഹോപ്കിൻസിൽ സൊമാലി-അമേരിക്കൻ വംശജനായ ഊബർ ഡ്രൈവർക്ക് നേരെ യാത്രക്കാരന്റെ ക്രൂരമായ ആക്രമണം. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് യൂസഫ് കോമയിൽ ജീവനുവേണ്ടി പോരാടുകയാണ്. ഇതൊരു വിദ്വേഷ കുറ്റകൃത്യമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിയായ യാത്രക്കാരനെ ഹോപ്കിൻസ് പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ
മിനിയാപൊളിസിന്റെ തെക്കുപടിഞ്ഞാറൻ നഗരമായ ഹോപ്കിൻസിൽ വെച്ചാണ് സംഭവം. യാത്രക്കാരൻ കാറിൽ കയറിയ ഉടനെ മുഹമ്മദ് യൂസഫിനോട് പേര് ചോദിക്കുകയായിരുന്നുവെന്ന് ബന്ധുവായ അബ്ദിനാസിർ അലി പറഞ്ഞു. “എനിക്ക് ആ പേര് ഇഷ്ടമല്ല” എന്ന് പറഞ്ഞതിന് പിന്നാലെ പ്രതി പിന്നിലെ സീറ്റിലിരുന്ന് യൂസഫിന്റെ കഴുത്ത് ഞെരിക്കുകയും കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു. തുടർന്ന് യൂസഫിനെ റോഡിലേക്ക് തള്ളിയിട്ട ശേഷം അദ്ദേഹത്തിന്റെ തന്നെ കാർ പലതവണ ശരീരത്തിലൂടെ കയറ്റി ഇറക്കിയതായും മകൻ മുസ്തഫ ഒസ്മാൻ വെളിപ്പെടുത്തി.
ആക്രമണത്തിന് ശേഷം ഒരു മൈൽ അകലെയുള്ള ഒരു കുഴിയിൽ നിന്നാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ യൂസഫിനെ കണ്ടെത്തിയത്. രണ്ട് ശ്വാസകോശങ്ങളും തകരുകയും, നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും, കാലുകളും വാരിയെല്ലുകളും ഒടിയുകയും ചെയ്ത നിലയിലാണ് അദ്ദേഹം ആശുപത്രിയിൽ കഴിയുന്നത്.
പോലീസ് അന്വേഷണവും അഭ്യൂഹങ്ങളും
ഹോപ്കിൻസ് ക്രോസ്‌റോഡിനും മിനറ്റോങ്ക ബൊളിവാർഡിനും സമീപത്ത് നിന്നാണ് പരിക്കേറ്റ യൂസഫിനെ കണ്ടെത്തിയതെന്നും സമീപത്തുനിന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായും ഹോപ്കിൻസ് പോലീസ് അറിയിച്ചു. പ്രതി ഇന്ത്യൻ വംശജനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും, അന്വേഷണത്തിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാൽ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ ഇപ്പോൾ പുറത്തുവിടാനാവില്ലെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. അതേസമയം, കഠിനാധ്വാനിയും സ്നേഹനിധിയായ പിതാവുമായ മുഹമ്മദ് യൂസഫിന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ സഹായത്തിനുമായി ആരംഭിച്ച ‘ഗോഫണ്ട്മി’ ക്യാമ്പയിനിലൂടെ ഇതിനോടകം ഏകദേശം 2,50,000 ഡോളർ (രണ്ട് കോടിയിലധികം രൂപ) സമാഹരിച്ചിട്ടുണ്ട്.
















