വാഷിംഗ്ടൺ: 2026 സാമ്പത്തിക വർഷത്തിൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) 4,83,200 പേരെ രാജ്യത്തുനിന്ന് നാടുകടത്തിയതായി ഔദ്യോഗിക കണക്കുകൾ. ഐസിഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക നാടുകടത്തൽ കണക്കാണിതെന്ന് സിബിഎസ് ന്യൂസിന് ലഭിച്ച ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു. 2025 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 4,42,640 എന്ന മുൻ റെക്കോർഡാണ് ഇതോടെ മറികടന്നത്.
സെപ്റ്റംബർ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,91,000ത്തിലധികം കുടിയേറ്റക്കാരെയാണ് ഐസിഇ അറസ്റ്റ് ചെയ്തത്. ഇതിൽ 4,75,000ത്തോളം പേർ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ടല്ല, സാധാരണ കുടിയേറ്റ നിയമലംഘനങ്ങളുടെ പേരിലാണ് അറസ്റ്റിലായത്. ബൈഡൻ ഭരണകൂടത്തിന്റെ അവസാന വർഷമായ 2024നെ അപേക്ഷിച്ച് നാടുകടത്തലിൽ ഏകദേശം 78 ശതമാനം വർധനയുണ്ടായി. ബരാക് ഒബാമയുടെ ഭരണകാലത്ത് 2012ൽ രേഖപ്പെടുത്തിയ 4,09,849 എന്ന റെക്കോർഡിനേക്കാൾ 18 ശതമാനം കൂടുതലാണിത്.
അമേരിക്കൻ ജനതയെ സുരക്ഷിതരാക്കാൻ ഐസിഇ ഉദ്യോഗസ്ഥർ നടത്തുന്ന പ്രവർത്തനങ്ങളുടെ വിജയമാണിതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ പ്രസ്താവനയിൽ പറഞ്ഞു. ബൈഡൻ ഭരണകൂടത്തിന്റെ മൂന്ന് വർഷത്തെ ആകെ അറസ്റ്റുകളേക്കാൾ കൂടുതലാണ് 2026ൽ മാത്രം നടന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കണക്കുകളിലെ അവ്യക്തതയും യാഥാർഥ്യവും
സർക്കാർ കണക്കുകൾ പ്രകാരം നാടുകടത്തൽ റെക്കോർഡ് ഭേദിച്ചെങ്കിലും, ഇതിൽ 37 ശതമാനത്തോളം പേർ സ്വമേധയാ രാജ്യം വിട്ടവരാണെന്ന് സിറാക്കൂസ് സർവകലാശാലയിലെ ‘ട്രാക്ക്’ ഗവേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കുകൾ പരിശോധിച്ചപ്പോൾ 63 ശതമാനം മാത്രമാണ് ഔദ്യോഗിക ഉത്തരവ് പ്രകാരമുള്ള നാടുകടത്തലുകൾ.
കൊടുംകുറ്റവാളികളെയാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് ഭരണകൂടം ആവർത്തിക്കുമ്പോഴും കണക്കുകൾ മറ്റൊരു ചിത്രം നൽകുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എംപിഐ) കണക്കുകൾ പ്രകാരം 2025 ജനുവരി മുതൽ 2026 ജൂലൈ വരെ നാടുകടത്തപ്പെട്ട 9.8 ലക്ഷം പേരിൽ 20 ശതമാനം പേർക്ക് മാത്രമാണ് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നത്. അമേരിക്കയിൽ രണ്ട് വർഷത്തിലധികമായി താമസിച്ചിരുന്നവരിൽ 71 ശതമാനം പേർക്കും ക്രിമിനൽ റെക്കോർഡുണ്ടായിരുന്നില്ല.
രാഷ്ട്രീയ പ്രത്യാഘാതങ്ങൾ
ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ഈ കണക്കുകൾ പുറത്തുവന്നത്. രാജ്യത്തെ 58 ശതമാനം വോട്ടർമാരും ട്രംപിന്റെ നാടുകടത്തൽ നടപടികൾ അതിരുകടന്നുവെന്നാണ് എക്സിറ്റ് പോളുകളിൽ അഭിപ്രായപ്പെട്ടത്.
തെരഞ്ഞെടുപ്പ് തിരിച്ചടിക്കുശേഷം, കൃഷിയിടങ്ങളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്നവരും നികുതി അടയ്ക്കുന്നവരുമായ ദീർഘകാല കുടിയേറ്റക്കാരെ നാടുകടത്തുന്നത് അൽപ്പം കടുപ്പമായിപ്പോയെന്ന് ’60 മിനിറ്റ്സ്’ അഭിമുഖത്തിൽ ട്രംപ് സമ്മതിച്ചിരുന്നു. കുടിയേറ്റ നിയമനിർമാണത്തിൽ ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നാൽ, കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുള്ള സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചതിലൂടെ കർശന കുടിയേറ്റ നടപടികൾ തുടരുമെന്ന സൂചനയാണ് ഭരണകൂടം നൽകുന്നത്.














