മിനസോട്ടയിൽ സെമി-ഓട്ടോമാറ്റിക് തോക്കുകൾ നിരോധിക്കാൻ നീക്കം; ജനുവരിയിൽ പുതിയ നിയമനിർമ്മാണത്തിന് ഡിഎഫ്എൽ സഖ്യം

മിനസോട്ടയിൽ സെമി-ഓട്ടോമാറ്റിക് തോക്കുകൾ നിരോധിക്കാൻ നീക്കം; ജനുവരിയിൽ പുതിയ നിയമനിർമ്മാണത്തിന് ഡിഎഫ്എൽ സഖ്യം

സെന്റ് പോൾ (മിനസോട്ട): ജനുവരിയിൽ മിനസോട്ട നിയമസഭയുടെ ഇരുസഭകളുടെയും ഗവർണർ പദവിയുടെയും നിയന്ത്രണം ഡെമോക്രാറ്റിക്-ഫാർമർ-ലേബർ പാർട്ടിക്ക് ലഭിക്കുന്നതോടെ, സംസ്ഥാനത്ത് സെമി-ഓട്ടോമാറ്റിക് തോക്കുകളും ഉയർന്ന ശേഷിയുള്ള മാഗസിനുകളും നിരോധിക്കാനുള്ള ബിൽ വീണ്ടും സജീവമാകുന്നു. ജനുവരി 12-ന് നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ തന്നെ തോക്ക് നിയന്ത്രണ പാക്കേജ് അവതരിപ്പിക്കുമെന്ന് നിയുക്ത ഹൗസ് സ്പീക്കർ സാക്ക് സ്റ്റീഫൻസൺ വ്യക്തമാക്കി.

കഴിഞ്ഞ വസന്തകാലത്ത് മിനസോട്ട നിയമസഭയിൽ ഏറെ വിവാദമായ വിഷയമായിരുന്നു സെമി-ഓട്ടോമാറ്റിക് തോക്കുകളുടെ നിരോധനം. അന്ന് സെനറ്റ് ഈ ബിൽ പാസാക്കിയെങ്കിലും ജനപ്രതിനിധി സഭയിൽ വോട്ടെടുപ്പ് നടന്നിരുന്നില്ല. ‘അനൻസിയേഷൻ’ വെടിവെപ്പിൽ കൊല്ലപ്പെട്ട ഹാർപ്പർ മോയിസ്കിയുടെ മാതാപിതാക്കൾക്ക് അന്നത്തെ ഹൗസ് സ്പീക്കർ ലിസ ഡെമുത്ത് വോട്ടെടുപ്പ് ഉറപ്പുനൽകിയിരുന്നെങ്കിലും സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിൽ അത് നടന്നില്ല. ബില്ലുകൾ കമ്മിറ്റിയിൽ തുല്യ വോട്ടുകൾ നേടി പരാജയപ്പെട്ടുവെന്നായിരുന്നു ലിസ ഡെമുത്തിന്റെ വിശദീകരണം. എന്നാൽ സ്പീക്കർ കള്ളം പറയുകയാണെന്നും ബിൽ കമ്മിറ്റിക്ക് കൈമാറാതെ സ്പീക്കർ കൈവശം വെച്ചിരിക്കുകയാണെന്നും അന്ന് മൈനോറിറ്റി ലീഡറായിരുന്ന സാക്ക് സ്റ്റീഫൻസൺ ആരോപിച്ചിരുന്നു.

പുതിയ സർക്കാരിന്റെ മുൻഗണനകൾ

ആറ് മാസങ്ങൾക്ക് ശേഷം ഡി.എഫ്.എൽ പൂർണ്ണ അധികാരത്തിൽ തിരിച്ചെത്തുമ്പോൾ, തോക്ക് അക്രമങ്ങൾ തടയുന്നതിനുള്ള സമഗ്രമായ പാക്കേജ് പാസാക്കാൻ സാധിക്കുമെന്ന് സ്റ്റീഫൻസൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിയുക്ത ഗവർണർ ആമി ക്ലോബുച്ചറും ഹാർപ്പർ മോയിസ്കിയുടെ കുടുംബത്തെ നേരിൽ കാണുകയും തോക്ക് സുരക്ഷാ ബില്ലിന് പ്രഥമ പരിഗണന നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. തോക്കുകളുടെ നിരോധനത്തിന് പുറമെ മാനസികാരോഗ്യ പരിപാലനം, സ്കൂൾ സുരക്ഷ, ഇത്തരം അക്രമങ്ങളിൽ വൻകിട ടെക്നോളജി കമ്പനികളുടെ ഉത്തരവാദിത്തം ഉറപ്പാക്കൽ എന്നിവയും പുതിയ നിയമനിർമ്മാണ പാക്കേജിൽ ഉൾപ്പെടുത്തുമെന്ന് സ്റ്റീഫൻസൺ അറിയിച്ചു.

നിലവിലുള്ള തോക്കുകൾ വെല്ലുവിളിയാകുന്നു

നിരോധനം നടപ്പിലാക്കിയാൽ നിലവിൽ ജനങ്ങളുടെ കൈവശമുള്ള സെമി-ഓട്ടോമാറ്റിക് തോക്കുകളുടെ കാര്യത്തിൽ എന്ത് നടപടിയെടുക്കും എന്നതാണ് പ്രധാന വെല്ലുവിളി. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും സംസ്ഥാനത്ത് ഏകദേശം 6,00,000 സെമി-ഓട്ടോമാറ്റിക് തോക്കുകൾ നിലവിലുണ്ടാകാമെന്ന് ‘മിനസോട്ട ഗൺ ഓണേഴ്സ് കോക്കസ്’ കണക്കാക്കുന്നു. 2025-ൽ മാത്രം സംസ്ഥാനത്ത് തോക്ക് ഉടമസ്ഥതയ്ക്കായി 8,20,000-ത്തിലധികം പശ്ചാത്തല പരിശോധനകൾ നടന്നതായി എഫ്.ബി.ഐ കണക്കുകളും വ്യക്തമാക്കുന്നു.

Share Email
LATEST excelnclexrn
More Articles
Top