ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍; നിരനിരയായി മിസൈലുകളും സൈനിക ട്രക്കുകളും: യുഎസിന് മുന്നറിയിപ്പ്

ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍; നിരനിരയായി മിസൈലുകളും സൈനിക ട്രക്കുകളും: യുഎസിന് മുന്നറിയിപ്പ്

ടെഹ്‌റാന്‍: അമേരിക്കയുമായും ഇസ്രായേലുമായും സംഘര്‍ഷം ശക്തമാകുന്നതിനിടെ പുതിയ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍. ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ ചൊവ്വാഴ്ച പുറത്തുവിട്ട ദൃശ്യങ്ങളില്‍ രാജ്യത്തെ ഉന്നത സൈനിക മേധാവികള്‍ അതീവ രഹസ്യമായ ഈ കേന്ദ്രം സന്ദര്‍ശിക്കുന്നത് കാണാം. ഇറാന്‍ സായുധ സേനാ മേധാവി അലി അബ്ദുള്ളാഹിയും റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാന്‍ഡര്‍ മജീദ് മൗസവിയുമാണ് കേന്ദ്രത്തിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചത്. എന്നാല്‍ കേന്ദ്രം എവിടെയാണെന്നോ സന്ദര്‍ശനം എപ്പോള്‍ നടന്നെന്നോ ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ല.

വിശാലമായ ഭൂഗര്‍ഭ തുരങ്ക ശൃംഖലയാണ് പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. നിരനിരയായി സൂക്ഷിച്ചിരിക്കുന്ന വലിയ മിസൈലുകള്‍, സൈനിക ട്രക്കുകള്‍, മിസൈല്‍ ഗതാഗത വാഹനങ്ങള്‍, മറ്റ് സൈനിക സംവിധാനങ്ങള്‍ എന്നിവയും ദൃശ്യങ്ങളില്‍ കാണാം. ഇറാന്റെ പതാകകളും റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ബാനറുകളും കേന്ദ്രത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു ആക്രമണം നേരിടേണ്ടിവന്നാല്‍ ഇറാന്റെ തിരിച്ചടി പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിക്കുമെന്ന് സന്ദര്‍ശനത്തിനിടെ അലി അബ്ദുള്ളാഹി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.

യുദ്ധസാഹചര്യത്തില്‍ വ്യോമാക്രമണങ്ങളില്‍ നിന്ന് മിസൈല്‍ ശേഖരങ്ങളെയും ഉല്‍പ്പാദന സംവിധാനങ്ങളെയും സംരക്ഷിക്കാനാണ് ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതെന്ന് റെവല്യൂഷണറി ഗാര്‍ഡ്‌സ് വക്താവ് ഹൊസൈന്‍ മൊഹെബ്ബി വ്യക്തമാക്കി. മിസൈല്‍ ഉല്‍പ്പാദനത്തിന്റെ ഒരു ഭാഗം ഭൂഗര്‍ഭ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ആക്രമണങ്ങള്‍ ഉണ്ടായാലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷം രൂക്ഷമായാല്‍ ഇതുവരെ പുറത്തുവിടാത്ത ആയുധങ്ങളും ഇറാന്‍ രംഗത്തിറക്കിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ ഇത്തരം ഭൂഗര്‍ഭ കേന്ദ്രങ്ങളെ ‘മിസൈല്‍ നഗരങ്ങള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. മിസൈലുകള്‍ സൂക്ഷിക്കാനും ആവശ്യമായ സാഹചര്യങ്ങളില്‍ വിക്ഷേപിക്കാനുമാണ് ഇവ ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ യുദ്ധത്തിനിടെ ഇസ്രായേല്‍ ഇറാന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, സംഭരണശാലകള്‍, അനുബന്ധ സൈനിക സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. തകര്‍ന്ന കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇറാന്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ റോയിട്ടേഴ്‌സ് പരിശോധിച്ച ഉപഗ്രഹ ചിത്രങ്ങളിലും ആക്രമണത്തിനിരയായ മിസൈല്‍ താവളങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതായി വ്യക്തമായിരുന്നു.

അമേരിക്ക ഇറാനെതിരെ കൂടുതല്‍ സൈനിക നടപടികള്‍ ആലോചിക്കുന്നതിനിടെയാണ് പുതിയ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഈ മാസം ആദ്യം ഖേഷ്ം ദ്വീപില്‍ അമേരിക്ക ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ദൃശ്യങ്ങള്‍ ഇറാന്റെ മിസൈല്‍ ശൃംഖല ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നും മറ്റൊരു യുദ്ധസാഹചര്യത്തെ നേരിടാന്‍ രാജ്യം തയ്യാറെടുക്കുകയാണെന്നും ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, പുറത്തുവിട്ട ദൃശ്യങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ഇറാന്റെ യഥാര്‍ത്ഥ മിസൈല്‍ ശേഷിയോ സൈനിക സജ്ജീകരണങ്ങളുടെ വ്യാപ്തിയോ സ്ഥിരീകരിക്കാനാവില്ല.

Iran releases footage of an underground missile facility; rows of missiles and military trucks visible: a warning to the US.

Share Email
LATEST excelnclexrn
More Articles
Top