കെ.സി.എസ്. ചിക്കാഗോയുടെ ”കാരുണ്യ സ്പര്‍ശം” പദ്ധതിക്ക് കേരളത്തില്‍ തുടക്കമായി

കെ.സി.എസ്. ചിക്കാഗോയുടെ ”കാരുണ്യ സ്പര്‍ശം” പദ്ധതിക്ക് കേരളത്തില്‍ തുടക്കമായി

ചിക്കാഗോ: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സഹായം ലഭ്യമാക്കുന്നതിനും വൃക്കരോഗങ്ങള്‍ നേരത്തേ കണ്ടെത്തി പ്രതിരോധിക്കുന്നതിനുമായി കെ.സി.എസ്. ചിക്കാഗോയുടെ നേതൃത്വത്തില്‍ ”കാരുണ്യ സ്പര്‍ശം” എന്ന ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി.ഡെസ് പ്ലെയിന്‍സിലെ കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ കെ.സി.എസ്. പ്രസിഡന്റ് ജോസ് ആനമല പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോജക്ട് ചെയര്‍മാന്‍ ഷിബു പീറ്റര്‍ വെട്ടുകല്ലേലും വൈസ് ചെയര്‍മാന്‍ ജോസ് ജോര്‍ജ് മേലാണ്ടശ്ശേരിലും പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും വിശദീകരിച്ചു.

നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സഹായം

കേരളത്തിലെ പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീറ്റര്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് കാരുണ്യ സ്പര്‍ശം പദ്ധതി നടപ്പിലാക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമായ ഡയാലിസിസ് ചികിത്സ തുടരാന്‍ കഴിയാതെ വിഷമിക്കുന്ന അര്‍ഹരായ വൃക്കരോഗികള്‍ക്ക് സൗജന്യ ചികിത്സാസഹായം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വൃക്കരോഗങ്ങള്‍ നേരത്തേ കണ്ടെത്താന്‍ മൊബൈല്‍ ലബോറട്ടറി സേവനങ്ങള്‍.

ഡയാലിസിസ് സഹായത്തിനു പുറമേ, വൃക്കരോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തുന്നതിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കാരുണ്യ സ്പര്‍ശം പദ്ധതി പ്രത്യേക പ്രാധാന്യം നല്‍കുന്നു.ഇതിനായി ആധുനിക പരിശോധനാ സൗകര്യങ്ങളോടുകൂടിയ മൊബൈല്‍ ലബോറട്ടറി സജ്ജീകരിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിക്കുന്ന സമയക്രമത്തിന്റെയും അറിയിപ്പുകളുടെയും അടിസ്ഥാനത്തില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മൊബൈല്‍ ലബോറട്ടറി എത്തി രക്തപരിശോധനകളും മൂത്രപരിശോധനകളും നടത്തും. യോഗ്യതയുള്ള ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും സഹകരണത്തോടെയായിരിക്കും പരിശോധനകള്‍ നടത്തുക. മൊബൈല്‍ ലബോറട്ടറിക്കു പുറമേ സ്ഥിരം ലബോറട്ടറി സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാണ്. വൃക്കരോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ കണ്ടെത്തി ആവശ്യമായ വൈദ്യോപദേശവും തുടര്‍പരിശോധനകളും ചികിത്സയും ഉറപ്പാക്കുന്നതിലൂടെ രോഗത്തിന്റെ തീവ്രത കുറയ്ക്കാനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഹായാഭ്യര്‍ത്ഥനകള്‍ വര്‍ധിക്കുന്നു; കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ആവശ്യമുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ സംസാരിച്ച പ്രോജക്ട് ചെയര്‍മാന്‍ ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍, കേരളത്തിലെ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സഹായം ലഭ്യമാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഇതിനകം ആറോളം അന്വേഷണങ്ങള്‍ ലഭിച്ചതായി അറിയിച്ചു.വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായാഭ്യര്‍ത്ഥനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടുതല്‍ അര്‍ഹരായ രോഗികളിലേക്ക് പദ്ധതിയുടെ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് സ്‌പോണ്‍സര്‍മാരുടെയും സുമനസ്സുകളുടെയും സാമ്പത്തിക സഹകരണം അനിവാര്യമാണെന്നും വൈസ് ചെയര്‍മാന്‍ ജോസ് ജോര്‍ജ് മേലാണ്ടശ്ശേരി വ്യക്തമാക്കി.ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച ജോയല്‍ എലക്കാട്ട്, ഇത്തരമൊരു മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന കെ.സി.എസ്. ചിക്കാഗോയെ അഭിനന്ദിച്ചു.കെ.സി.എസ്. വൈസ് പ്രസിഡന്റ് മാറ്റ് വിലങ്ങാട്ടുശ്ശേരിലും ട്രഷറര്‍ ടീന നെടുവാമ്പുഴയും കാരുണ്യ സ്പര്‍ശം പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഷിബു പീറ്റര്‍ വെട്ടുകല്ലേലിനെയും ജോസ് ജോര്‍ജ് മേലാണ്ടശ്ശേരിയെയും അഭിനന്ദിക്കുകയും പദ്ധതിയുടെ വിജയത്തിന് ആശംസകള്‍ നേരുകയും ചെയ്തു.

കാരുണ്യത്തിന്റെ കരങ്ങള്‍ കോര്‍ക്കാം; ജീവന്‍ രക്ഷിക്കാം!

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വൃക്കരോഗികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്ന ഈ മഹത്തായ ജീവകാരുണ്യ സംരംഭത്തില്‍ പങ്കാളികളാകാന്‍ എല്ലാ കെ.സി.എസ്. അംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും സ്‌പോണ്‍സര്‍മാരോടും കെ.സി.എസ്. ചിക്കാഗോ അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തില്‍ ഡയാലിസിസ് ചികിത്സയ്ക്കുള്ള ചെലവ് വഹിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന നിര്‍ധനരായ വൃക്കരോഗികളെക്കുറിച്ച് അറിവുള്ളവര്‍ ദയവായി ബന്ധപ്പെട്ട കെ.സി.എസ്. ഭാരവാഹികളെ വിവരം അറിയിക്കുക. അര്‍ഹരായ രോഗികള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.കാരുണ്യ സ്പര്‍ശം – സ്‌നേഹത്തിന്റെ കരുതലോടെ ജീവിതങ്ങളെ സ്പര്‍ശിക്കാം; പ്രതീക്ഷയുടെ പുതുവെളിച്ചം പകരാം!’

KCS Chicago’s ‘Karunya Sparsham’ project has been launched in Kerala.

Share Email
LATEST excelnclexrn
More Articles
Top