യുഎസില്‍ അഞ്ചാംപനി വ്യാപിക്കുന്നു; രോഗബാധിതരുടെ എണ്ണം 5,400 കടന്നു, മരണം പത്തായി

യുഎസില്‍ അഞ്ചാംപനി വ്യാപിക്കുന്നു; രോഗബാധിതരുടെ എണ്ണം 5,400 കടന്നു, മരണം പത്തായി

വാഷിങ്ടണ്‍: യുഎസില്‍ അഞ്ചാംപനി (മീസില്‍സ്) വ്യാപനം രൂക്ഷമാകുന്നു. രാജ്യത്തുടനീളം രോഗബാധിതരുടെ എണ്ണം 5,412 ആയി ഉയര്‍ന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. വെള്ളിയാഴ്ച വിസ്‌കോണ്‍സിനിലും പെന്‍സില്‍വേനിയയിലും ഓരോ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ 230 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 45 സംസ്ഥാനങ്ങളിലായി രോഗവ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്.

വിസ്‌കോണ്‍സിനില്‍ അഞ്ചാംപനി ബാധിച്ചുള്ള രണ്ടാമത്തെ മരണമാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. പെന്‍സില്‍വേനിയയിലും ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ പെന്‍സില്‍വേനിയയില്‍ ഏഴ് പേരും വിസ്‌കോണ്‍സിനില്‍ രണ്ടുപേരും ന്യൂയോര്‍ക്കില്‍ ഒരാളും ഉള്‍പ്പെടെ 10 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ അഞ്ചാംപനി നിര്‍മാര്‍ജനം ചെയ്ത രാജ്യപദവി നിലനിര്‍ത്താനാകുമോയെന്ന കാര്യത്തില്‍ വെള്ളിയാഴ്ച തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2000 മുതല്‍ 2024 വരെയുള്ള കാലയളവില്‍ അമേരിക്കയില്‍ പ്രതിവര്‍ഷം ശരാശരി 180 അഞ്ചാംപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ നിലവിലെ രോഗവ്യാപനം ഈ കണക്കുകളെ ഏറെ മറികടന്നിരിക്കുകയാണ്.

രോഗവ്യാപനം വര്‍ധിക്കുന്നതിന് കുട്ടികളിലെ വാക്‌സിനേഷന്‍ നിരക്ക് കുറയുന്നതും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കിന്റര്‍ഗാര്‍ട്ടനില്‍ പ്രവേശിക്കുന്ന കുട്ടികളിലെ അഞ്ചാംപനി വാക്‌സിനേഷന്‍ നിരക്ക് 2019ല്‍ 95 ശതമാനമായിരുന്നത് 2026ല്‍ 92 ശതമാനമായി കുറഞ്ഞു. സമൂഹത്തില്‍ രോഗപ്രതിരോധ ശേഷി ഉറപ്പാക്കാന്‍ സാധാരണയായി 95 ശതമാനം വാക്‌സിനേഷന്‍ നിരക്ക് ആവശ്യമാണ്. ഈ വര്‍ഷം സ്‌കൂളുകളിലെത്തിയ ഏകദേശം മൂന്ന് ലക്ഷം കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്നാണ് കണക്ക്. വാക്‌സിനേഷന്‍ നിരക്കിലെ ഈ കുറവ് രോഗം കൂടുതല്‍ പേരിലേക്ക് പടരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Measles spreading in the US; number of cases exceeds 5,400, with 10 deaths.

Share Email
LATEST excelnclexrn
More Articles
Top