വിമാന സർവീസുകൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടു; ഗതാഗത സെക്രട്ടറി ഷോൺ ഡഫിയുടെ രാജി ആവശ്യപ്പെട്ട് ന്യൂയോർക്ക് ഗവർണർ

വിമാന സർവീസുകൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടു; ഗതാഗത സെക്രട്ടറി ഷോൺ ഡഫിയുടെ രാജി ആവശ്യപ്പെട്ട് ന്യൂയോർക്ക് ഗവർണർ

ന്യൂയോർക്ക്: അമേരിക്കയിലുടനീളം വിമാന സർവീസുകൾ മണിക്കൂറുകളോളം തടസ്സപ്പെട്ട സംഭവത്തിൽ യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫിക്കെതിരെ രൂക്ഷവിമർശനവുമായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കൽ. ഡഫി സ്വയം രാജിവെക്കണമെന്നും അല്ലാത്തപക്ഷം പ്രസിഡന്റ് ഡോണൾഡ് ട്രംപ് അദ്ദേഹത്തെ പദവിയിൽനിന്ന് നീക്കണമെന്നും ഡെമോക്രാറ്റിക് ഗവർണർ ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു ഹോക്കലിന്റെ പ്രതികരണം.

എയർ ട്രാഫിക് കൺട്രോളർമാരുടെ കടുത്ത ക്ഷാമവും തുടർച്ചയായ ആശയവിനിമയ സംവിധാനങ്ങളുടെ തകരാറുകളും അമേരിക്കൻ വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഹോക്കൽ ആരോപിച്ചു. ഗതാഗത വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സ്വന്തം റിയാലിറ്റി ഷോയുടെ പ്രചാരണത്തിനാണ് ഷോൺ ഡഫി കൂടുതൽ സമയം ചെലവഴിക്കുന്നതെന്നും അവർ പരിഹസിച്ചു.

സാങ്കേതിക തകരാർ; അഞ്ച് മണിക്കൂറോളം വിമാനങ്ങൾ നിലത്തിറക്കി

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആശയവിനിമയ സംവിധാനങ്ങളിലും റഡാർ വിവരങ്ങൾ കൈമാറുന്നതിലുമുണ്ടായ തകരാറുകളെ തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവെക്കാൻ നിർദേശിച്ചത്. കാലപ്പഴക്കം ചെന്ന എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളും വലിയ അളവിലുള്ള ഡാറ്റ കൈകാര്യം ചെയ്യാനാകാതെ റൂട്ടറുകളും സ്വിച്ചുകളും പ്രവർത്തനരഹിതമായതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ഗതാഗത സെക്രട്ടറി ഷോൺ ഡഫിയുടെ വിശദീകരണം.

ഏകദേശം അഞ്ച് മണിക്കൂർ നീണ്ട നിയന്ത്രണത്തിനുശേഷം വിമാന സർവീസുകൾ പുനരാരംഭിച്ചെങ്കിലും പ്രതിസന്ധിയുടെ ആഘാതം പൂർണമായി മാറിയിട്ടില്ല. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ നിരവധി യാത്രക്കാർ ദുരിതത്തിലായി. ഇത്തരത്തിലുള്ള സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ വിമാന സർവീസുകൾ രാജ്യവ്യാപകമായി നിർത്തിവെക്കേണ്ടിവന്ന സാഹചര്യങ്ങളെക്കുറിച്ച് യുഎസ് കോൺഗ്രസ് വിശദമായ അന്വേഷണം നടത്തണമെന്നും കാത്തി ഹോക്കൽ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി ഷോൺ ഡഫി ഉടൻ മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ട്.

Share Email
LATEST excelnclexrn
More Articles
Top