വാഷിംഗടണ്‍: യുഎിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ലോസ് ആഞ്ചലസിന് ഇന്ത്യന്‍ വംശജയായ മേയര്‍ വരുമോ? മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജയായ നിത്യ രാമനും നിലവിലെ മേയര്‍ കാരന് ബാസും തമ്മിലുള്ള പോരാട്ടം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിത്യ രാമന് നേരിയ ലീഡ് നേടി. 45 വയസ്സുകാരിയായ നിത്യ രാമന് നാല് ലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ചതായും 51.67 ശതമാനം വോട്ടുകളുമായി മുന്നിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല.
വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന ആദ്യ ഫലങ്ങളില്‍ നിലവിലെ മേയര്‍ കാരന് ബാസിനായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും നിത്യ രാമന് നില മെച്ചപ്പെടുത്തി മുന്നിലെത്തുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയുള്ള കണക്കുകളിലും നിത്യ രാമന് നേരിയ ലീഡ് നിലനിര്‍ത്തി. ഏകദേശം മൂന്നിലൊന്ന് ബാലറ്റുകള്‍ ഇനിയും എണ്ണാനുണ്ടെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയിച്ചാല്‍ ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് സൊഹ്റാന് മംദാനിയുടെ പാത പിന്തുടരുന്ന മറ്റൊരു ഇന്ത്യന്‍ വംശജയായ നേതാവായി നിത്യ രാമന് മാറും.
പാലിസേഡ്സ് കാട്ടുതീ, ഭവനരഹിതരുടെ വര്‍ധന, ഹോളിവുഡിലെ തൊഴില്‍ അവസരങ്ങള്‍ മറ്റ് നഗരങ്ങളിലേക്ക് മാറുന്നത്, റോഡുകളുടെ അറ്റകുറ്റപ്പണി, തെരുവുവിളക്കുകളുടെ പരിപാലനം തുടങ്ങിയ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്. പാലിസേഡ്സ് തീപിടിത്തമുണ്ടായ സമയത്ത് ബാസ് രാജ്യത്തിന് പുറത്തായിരുന്നതും അഗ്നിരക്ഷാ വിഭാഗത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളും തിരിച്ചടിക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു. ഭവനരഹിതര്‍ക്കായി നിരവധി താല്‍ക്കാലിക ക്യാമ്പുകള്‍ ഒഴിപ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തതായി ബാസ് അവകാശപ്പെടുന്നു. എന്നാല്‍ ഇവരില്‍ പകുതിയോളം പേര് പിന്നീട് സംവിധാനത്തില്‍നിന്ന് പുറത്തുപോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2028ഓടെ തെരുവുകളിലും താല്‍ക്കാലിക ക്യാമ്പുകളിലും കഴിയുന്നവരുടെ എണ്ണം 50 ശതമാനമെങ്കിലും കുറയ്ക്കുമെന്നാണ് നിത്യ രാമന്റെ വാഗ്ദാനം.
പൊതുസുരക്ഷയും ഇരുവരും തമ്മിലുള്ള പ്രധാന അഭിപ്രായവ്യത്യാസമാണ്. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് ബാസിന്റെ നിലപാട്. എന്നാല്‍ പൊലീസ് മേധാവിയെ മാറ്റണമെന്നാണ് നിത്യ രാമന്റെ ആവശ്യം. 2020ല്‍ പൊലീസ് സേനയുടെ വലുപ്പം കുറയ്ക്കണമെന്ന നിലപാടും അവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ബാസിന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസം, മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ട്. നഗരാസൂത്രണ വിദഗ്ധയായ നിത്യ രാമന് ബെര്‍ണി സാന്‍ഡേഴ്സ് സ്ഥാപിച്ച ഔര്‍ റെവല്യൂഷന്, സിയറ ക്ലബ് തുടങ്ങിയ സംഘടനകളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19 മുതല്‍ 25 വരെ നടത്തിയ ബെര്‍ക്ക്ലി ഐജിഎസ്-ലോസ് ആഞ്ചലസ് ടൈംസ് അഭിപ്രായ സര്‍വേയില്‍ പത്തില്‍ നാലോളം വോട്ടര്‍മാര്‍ ഭവനരഹിതരുടെ ക്യാമ്പുകള്‍ കുറയ്ക്കുന്നതിനാണ് മുന്‍ഗണന നല്‍കിയത്. പൊതുസുരക്ഷയും ചെലവുകുറഞ്ഞ ഭവനനിര്‍മാണവും പത്തില്‍ മൂന്നോളം പേര് പ്രധാന വിഷയങ്ങളായി ചൂണ്ടിക്കാട്ടി.
Nithya Raman, of Indian origin, holds a narrow lead in the Los Angeles mayoral election.
















