എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങിന്റെ ചാര ബന്ധ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് പ്രമുഖ യുഎസ് നിയമസ്ഥാപനത്തെ ചുമതലപ്പെടുത്തി

എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങിന്റെ ചാര ബന്ധ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് പ്രമുഖ യുഎസ് നിയമസ്ഥാപനത്തെ ചുമതലപ്പെടുത്തി

വാഷിംഗ്ടണ്‍: എന്‍വിഡിയ സിഇഒയും സഹസ്ഥാപകനുമായ ജെന്‍സന്‍ ഹുവാങ്ങുമായി ബന്ധപ്പെട്ടുള്ള ചൈനീസ് ചാര ആരോപണത്തില്‍ വിവാദങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ പ്രമുഖ അമേരിക്കന്‍ നിയമസ്ഥാപനമായ വാക്ടെല്‍, ലിപ്റ്റണ്‍, റോസന്‍ ആന്‍ഡ് കാറ്റ്‌സിനെഎന്‍വിഡിയ ചുമതലപ്പെടുത്തി. ചൈനീസ് ചാരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്ന ബിസിനസ് എക്‌സിക്യൂട്ടീവ് ആലിസ് ഹുവാങ്ങുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണം. വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ജെന്‍സന്‍ ഹുവാങ് സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അമേരിക്കയിലെ പ്രമുഖ നിയമസ്ഥാപനങ്ങളിലൊന്നായ വാക്ടെല്‍ എന്‍വിഡിയയുടെ ഡയറക്ടര്‍ ബോര്‍ഡിന് അന്വേഷണവുമായി ബന്ധപ്പെട്ട നിയമോപദേശം നല്‍കും. സ്ഥാപനത്തിലെ പങ്കാളിയും ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്ടിന്റെ മുന്‍ ആക്ടിങ് യുഎസ് അറ്റോര്‍ണിയുമായ ജൂണ്‍ എച്ച്. കിമ്മിനാണ് അന്വേഷണത്തിന്റെ നേതൃത്വം. ഉന്നതതല നിയമവ്യവഹാരങ്ങളിലും അന്വേഷണങ്ങളിലും വൈദഗ്ധ്യമുള്ള കിം, മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയ്‌ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ അന്വേഷിക്കുന്നതിനും 2021ല്‍ നിയോഗിക്കപ്പെട്ടിരുന്നു. ആരോപണങ്ങള്‍ക്കൊടുവില്‍ ക്യൂമോ രാജിവെച്ചിരുന്നു.

അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ജെന്‍സന്‍ ഹുവാങ് അറിയിച്ചതായി എന്‍വിഡിയ വ്യക്തമാക്കി. പരിശോധനയെ ഹുവാങ് പിന്തുണയ്ക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. അതേസമയം, ചാരപ്രവര്‍ത്തനം സംബന്ധിച്ച ആരോപണങ്ങള്‍ ചൈന തള്ളിയിട്ടുണ്ട്. വിവാദത്തിന്റെ കേന്ദ്രമായ ആലിസ് ഹുവാങ് വിഷയത്തില്‍ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. എന്‍വിഡിയയുടെ അത്യാധുനിക ചിപ്പുകളിലേക്ക് ചൈന അനധികൃതമായി പ്രവേശനം നേടാന്‍ ശ്രമിക്കുന്നുണ്ടോ എന്ന ആശങ്കയും സംഭവത്തോടെ ശക്തമായിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസനത്തില്‍ നിര്‍ണായകമായ ഈ ചിപ്പുകളുടെ ചൈനയിലേക്കുള്ള കയറ്റുമതിക്ക് അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് എന്‍വിഡിയയ്ക്കും ജെന്‍സന്‍ ഹുവാങ്ങിനുമെതിരെ ഓഹരിയുടമകളില്‍ ഒരാള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളോടുള്ള കമ്പനിയുടെ പ്രതികരണങ്ങളില്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നാണ് പ്രധാന ആരോപണം. ആലിസ് ഹുവാങ്ങുമായുള്ള ബന്ധവും അതുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ പ്രത്യാഘാതങ്ങളും കമ്പനി വെളിപ്പെടുത്തിയില്ലെന്നും പരാതിയില്‍ പറയുന്നു. കൂടാതെ, മെഗാസ്പീഡുമായുള്ള എന്‍വിഡിയയുടെ ബന്ധത്തെക്കുറിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്നും പരാതിക്കാരന്‍ ആരോപിച്ചു.

എന്‍വിഡിയയുടെ ബിസിനസ് സാധ്യതകളെയും കമ്പനിയുടെ വിശ്വാസ്യതയെയും ബാധിക്കാവുന്ന ഗൗരവമേറിയ വിഷയമായാണ് വിവാദം വിലയിരുത്തപ്പെടുന്നത്. കമ്പനിയുടെ പത്തംഗ ഡയറക്ടര്‍ ബോര്‍ഡിനെ ഹുവാങ് പ്രധാനമായും ഭരണപരമായ ആവശ്യകതയായാണ് കണ്ടിരുന്നതെന്നും കമ്പനിയുടെ തന്ത്രപരമായ തീരുമാനങ്ങളില്‍ ബോര്‍ഡിന് വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നു. അന്വേഷണവും ഓഹരിയുടമയുടെ നിയമനടപടിയും പുരോഗമിക്കുമ്പോള്‍ എന്‍വിഡിയയുടെ ഭാവി ബിസിനസ് താല്‍പര്യങ്ങളിലും നിക്ഷേപകരുടെ വിശ്വാസത്തിലും സംഭവത്തിന്റെ പ്രത്യാഘാതങ്ങള്‍ നിര്‍ണായകമാകും.

Nvidia chief Jensen Huang has tasked a prominent US law firm with investigating allegations of ties to Chinese intelligence.

Share Email
LATEST excelnclexrn
Top