എന്‍വിഡിയയുടെ പുതിയ സിഇഒ കമ്പനിക്ക് പുറത്തുനിന്നാകണം; കടുത്ത നിലപാടുമായി ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്

എന്‍വിഡിയയുടെ പുതിയ സിഇഒ കമ്പനിക്ക് പുറത്തുനിന്നാകണം; കടുത്ത നിലപാടുമായി ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്

വാഷിങ്ടണ്‍: ചാര വനിതയുമായി ബന്ധമെന്ന ആരോപണത്തിനു പിന്നാലെ എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങിനെ പുറത്താക്കിയതിന് പിന്നാലെ പുതിയ മേധാവിയെ കമ്പനിക്ക് പുറത്തുനിന്ന് കണ്ടെത്തണമെന്നും നേതൃത്വത്തില്‍ സമൂലമായ മാറ്റം വേണമെന്നും അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ആവശ്യപ്പെട്ടു. ചൈനയിലേക്ക് അത്യാധുനിക നിര്‍മിതബുദ്ധി (എഐ) ചിപ്പുകള്‍ അനധികൃതമായി എത്തിക്കുന്നതുമായി ബന്ധപ്പെട്ട കയറ്റുമതി നിയന്ത്രണങ്ങള്‍ കമ്പനി പാലിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ജെന്‍സന്‍ ഹുവാങ് സിഇഒ സ്ഥാനം രാജിവെച്ചിരുന്നു. പുതിയ പിന്‍ഗാമിയെ കണ്ടെത്താനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെങ്കിലും സിലിക്കണ്‍ വാലിയിലെ ചില പ്രമുഖര്‍ ഹുവാങിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിലാണ്.

ഹുവാങിന്റെ തിരിച്ചുവരവിനുള്ള സാധ്യതകള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ബെസന്റ്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പുതിയ മേധാവിയെ പുറത്തുനിന്ന് കണ്ടെത്തണമെന്നും നേതൃത്വത്തില്‍ വലിയ അഴിച്ചുപണി നടത്തണമെന്നും ഫോക്‌സ് ന്യൂസിന്റെ ‘സണ്‍ഡേ മോണിങ് ഫ്യൂച്ചേഴ്‌സ്’ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ചൈനീസ് സ്ഥാപനങ്ങളിലേക്ക് എന്‍വിഡിയയുടെ അത്യാധുനിക എഐ ചിപ്പുകള്‍ എത്തിക്കുന്നതില്‍ കമ്പനി പങ്കുവഹിച്ചെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം. എന്നാല്‍ ബെസന്റിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത് മണിക്കൂറുകള്‍ക്കകം ഹുവാങ് തിരിച്ചുവരവിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പതിറ്റാണ്ടിലേറെ മുമ്പ് താന്‍ സഹസ്ഥാപനം നടത്തിയ കമ്പനിയുടെ തലപ്പത്തേക്ക് തിരിച്ചെത്താനുള്ള സാധ്യതയാണ് അദ്ദേഹം പരിഗണിക്കുന്നത്. പിന്തുണയുമായി ചില സിലിക്കണ്‍ വാലി പ്രമുഖര്‍ പ്രത്യേക നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. എന്‍വിഡിയയും ഹുവാങിന്റെ വക്താവും റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.

സിംഗപ്പൂര്‍ ആസ്ഥാനമായ മെഗാസ്പീഡ് ഇന്റര്‍നാഷണലിന്റെ മുന്‍ എക്‌സിക്യൂട്ടീവായ ആലിസ് ഹുവാങുമായി ജെന്‍സന്‍ ഹുവാങിന് വിവാഹേതര ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ആലിസ് ഹുവാങ് ചൈനീസ് ചാരനാണെന്ന് അമേരിക്ക സംശയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് എന്‍വിഡിയയുടെ പ്രവര്‍ത്തനരീതിയും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും പരിശോധനയ്ക്ക് വിധേയമായി. ചൈനയിലേക്ക് ചിപ്പുകള്‍ എത്തിക്കാന്‍ സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കടലാസ് കമ്പനികള്‍ ഉപയോഗിച്ചെന്ന മുന്നറിയിപ്പുകള്‍ എന്‍വിഡിയ അവഗണിച്ചിരുന്നോയെന്നാണ് ബെസന്റ് പ്രധാനമായും അന്വേഷിക്കുന്നത്. കമ്പനിയുടെ വരുമാനവും ലാഭവും വര്‍ധിപ്പിക്കുന്നതിനായി സംശയാസ്പദമായ ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നോയെന്ന കാര്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡും പുറത്തുനിന്നുള്ള നിയമോപദേശകരും അടുത്ത പത്തുദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തിപരമായ വിവാദങ്ങളില്‍നിന്ന് മാറി നിയമപരവും ദേശീയ സുരക്ഷാപരവുമായ വിഷയങ്ങളിലാണ് അന്വേഷണം കേന്ദ്രീകരിക്കേണ്ടതെന്നും ബെസന്റ് വ്യക്തമാക്കി.

മെഗാസ്പീഡ് വഴി ചിപ്പുകള്‍ ചൈനയിലേക്ക് കടത്തിയെന്ന സംശയത്തില്‍ അമേരിക്കന്‍ നീതിന്യായ വകുപ്പ് അന്വേഷണം നടത്തിവരികയാണ്. ആലിസ് ഹുവാങുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ സൂപ്പര്‍ മൈക്രോ കമ്പ്യൂട്ടര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് മെഗാസ്പീഡ് നിഷേധിച്ചു. മെഗാസ്പീഡ് തങ്ങളുടെ ഉപഭോക്താവായിരുന്നില്ലെന്ന് സൂപ്പര്‍ മൈക്രോയും വ്യക്തമാക്കി. എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡും മുന്‍ സിഇഒയും ആലിസ് ഹുവാങും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ദേശീയ സുരക്ഷയെയോ കമ്പനിയുടെ രഹസ്യ വിവരങ്ങളെയോ ബാധിക്കുന്ന തരത്തിലുള്ള ചോര്‍ച്ചയുണ്ടായതായി കരുതുന്നില്ലെന്ന് കമ്പനി അറിയിച്ചു. ഹുവാങ് ആലിസ് ഹുവാങുമായുള്ള ബന്ധത്തെക്കുറിച്ച് യുഎസ് ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ക്ക് രഹസ്യമായി മൊഴി നല്‍കാമെന്ന് സമ്മതിച്ചതായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചുള്ള സഭാ സമിതിയുടെ അധ്യക്ഷന്‍ ജോണ്‍ മൂലിനാര്‍ വ്യക്തമാക്കി. എന്‍വിഡിയയുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ പാലിക്കുന്നതും അന്വേഷണങ്ങളില്‍ ഇടപെട്ടെന്ന ആരോപണങ്ങളും സംബന്ധിച്ച് കമ്പനിയുടെ ജനറല്‍ കൗണ്‍സല്‍ ടിം ടീറ്ററിനോടും കോണ്‍ഗ്രസ് വിശദീകരണം തേടിയിട്ടുണ്ട്.

ഇതിനിടെ, കയറ്റുമതി നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ വാണിജ്യ വകുപ്പിന് വീഴ്ചയുണ്ടായെന്ന ആരോപണവും ശക്തമായി. മെഗാസ്പീഡിനെ വ്യാപാര കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ നടപടി സ്വീകരിക്കേണ്ടത് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കാണെന്നും ബെസന്റ് പറഞ്ഞു. ചൈനയിലേക്ക് എന്‍വിഡിയ ചിപ്പുകള്‍ ഒഴുകുന്നത് തടയുന്നതില്‍ ലുട്‌നിക്കാണ് സര്‍ക്കാരിനുള്ളിലെ പ്രധാന തടസമെന്ന് ഡെമോക്രാറ്റിക് നേതാവ് ജിം ഹൈംസ് ആരോപിച്ചു. അതേസമയം, ഹുവാങിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ എന്‍വിഡിയ തുടരുകയാണ്. ചൊവ്വാഴ്ച പുറത്തുവരുന്ന കമ്പനിയുടെ ത്രൈമാസ സാമ്പത്തിക ഫലങ്ങള്‍ ഏറെ നിര്‍ണായകമാകും. കഴിഞ്ഞയാഴ്ച എന്‍വിഡിയ ഓഹരികള്‍ 12.7 ശതമാനം ഇടിഞ്ഞിരുന്നു. എന്നാല്‍ പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളായ ആള്‍ട്ടിമീറ്റര്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റും അട്രീഡ്‌സ് മാനേജ്‌മെന്റും ഹുവാങിന്റെ നേതൃത്വത്തെ പിന്തുണച്ച് രംഗത്തെത്തി. അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള സാധ്യതയും പരിഗണിച്ച് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതില്‍ ധൃതിപിടിക്കരുതെന്ന് സ്ഥാപനങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ഇലോണ്‍ മസ്‌കും ഹുവാങിന്റെ തിരിച്ചുവരവിനെ പിന്തുണച്ച് ഓണ്‍ലൈന്‍ നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളും ബെസന്റിന്റെ കടുത്ത നിലപാടും ഹുവാങിന്റെ തിരിച്ചുവരവിന് തടസ്സമായേക്കുമെന്നാണ് വിലയിരുത്തല്‍.

Nvidia’s new CEO must come from outside the company; Treasury Secretary Scott Bessent takes a firm stance.

Share Email
LATEST excelnclexrn
More Articles
Top