ബ്രിട്ടീഷ് വ്യോമതാവളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയി: ഇറാന്‍ ബന്ധമുള്ള മൂന്ന് പേര്‍ക്കെതിരെ യുഎസില്‍ കുറ്റം ചുമത്തി

ബ്രിട്ടീഷ് വ്യോമതാവളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയി: ഇറാന്‍ ബന്ധമുള്ള മൂന്ന് പേര്‍ക്കെതിരെ യുഎസില്‍ കുറ്റം ചുമത്തി

വാഷിംഗ്ടണ്‍: ബ്രിട്ടീഷ് വ്യോമസേനാ താവളമായ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ അമേരിക്കന്‍ അധികൃതര്‍ കുറ്റം ചുമത്തി. യൂറോപ്പിലെയും അമേരിക്കയിലെയും ജൂത സമൂഹങ്ങളെ ലക്ഷ്യമിട്ട് 20 ഓളം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായും ഇവര്‍ക്ക് ഇറാന്‍ പിന്തുണയുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടായിരുന്നതായും യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. ഇറാന്‍-ഇറാഖ് ഇരട്ട പൗരത്വമുള്ള മുഹമ്മദ് ബാഖര്‍ സാദ് ദാവൂദ് അല്‍ സാദി, ഇറാന്‍ പൗരനായ മൊഹ്‌സെന്‍ മൊഹാജേരി, ഇറാഖ് പൗരനായ മുഹമ്മദ് അലി അല്‍ ഹസാനി എന്നിവര്‍ക്കെതിരെയാണ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. ഇവരില്‍ അല്‍ സാദി മാത്രമാണ് നിലവില്‍ യുഎസ് കസ്റ്റഡിയിലുള്ളത്.

കഴിഞ്ഞ സെപ്റ്റംബര്‍ 27ന് ബ്രിട്ടനിലെ ഗ്ലോസ്റ്റര്‍ഷെയറിലുള്ള ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തിന് സമീപം സംശയാസ്പദമായ മൂന്ന് വാനുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുശേഷം ബ്രിട്ടീഷ്-ഇറാന്‍ ഇരട്ട പൗരത്വമുള്ള മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ പിന്നീട് ആറുപേരെയും ജാമ്യത്തില്‍ വിട്ടയച്ചു. അമേരിക്കന്‍ ബോംബറുകളും സൈനികരും നിലയുറപ്പിച്ചിരുന്ന ഈ വ്യോമതാവളത്തിന് നേരെ ആക്രമണശ്രമം നടന്നതായാണ് യുഎസ് അന്വേഷണ സംഘത്തിന്റെ ആരോപണം. സംഭവത്തെത്തുടര്‍ന്ന് അവിടെ വിന്യസിച്ചിരുന്ന അമേരിക്കന്‍ ബോംബറുകളെ യുഎസ് സൈന്യം സ്വന്തം താവളങ്ങളിലേക്ക് തിരിച്ചയച്ചിരുന്നു.

ആക്രമണശ്രമത്തിന് ദിവസങ്ങള്‍ക്ക് മുമ്പും ജയിലിലായിരുന്ന അല്‍ സാദി കൂട്ടുപ്രതികളുമായി ആശയവിനിമയം നടത്തിയിരുന്നതായി യുഎസ് അറ്റോര്‍ണി ജാമി മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി. ജയിലില്‍നിന്ന് ബന്ധുക്കളുമായി രഹസ്യകോഡുകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തി ആക്രമണം നടത്താന്‍ കഴിയുന്ന മറ്റുള്ളവര്‍ക്ക് പണം കൈമാറാന്‍ നിര്‍ദേശം നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു. ഇറാനുമായി ബന്ധമുള്ള ഭീകരശൃംഖലയ്ക്കുവേണ്ടി ബ്രിട്ടനിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്‌തെന്നാണ് മൂന്ന് പേര്‍ക്കുമെതിരായ പ്രധാന ആരോപണം. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനും കതായിബ് ഹിസ്ബുള്ളയ്ക്കും ഈ ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് യുഎസ് അധികൃതരുടെ കണ്ടെത്തല്‍.

അമേരിക്കന്‍ സൈനികര്‍ താമസിക്കുന്ന വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് മുന്നറിയിപ്പ് നല്‍കി. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും നേരെ ഇറാനില്‍നിന്നും ഇറാന്‍ പിന്തുണയുള്ള സംഘടനകളില്‍നിന്നും ഉയരുന്ന ഭീഷണി യാഥാര്‍ഥ്യമാണെന്നും യുഎസ് അധികൃതര്‍ ആരോപിച്ചു. അതേസമയം, സംഭവത്തില്‍ ഇറാന്റെ പങ്കാളിത്തം ബ്രിട്ടീഷ് അധികൃതര്‍ സംശയിച്ചിരുന്നെങ്കിലും ഇറാന്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ലണ്ടനില്‍നിന്ന് ഏകദേശം 160 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ് പതിറ്റാണ്ടുകളായി മധ്യപൂര്‍വേഷ്യയിലെ വിവിധ സൈനിക നീക്കങ്ങള്‍ക്കായി അമേരിക്കന്‍ ബോംബറുകള്‍ ഉപയോഗിക്കുന്ന പ്രധാന താവളമാണ്.

കതായിബ് ഹിസ്ബുള്ളയുടെ കമാന്‍ഡറായിരുന്നുവെന്നാണ് അല്‍ സാദിയെക്കുറിച്ച് യുഎസ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം. ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധത്തിന് തിരിച്ചടിയായി യൂറോപ്പില്‍ കുറഞ്ഞത് 18 ആക്രമണങ്ങളെങ്കിലും ആസൂത്രണം ചെയ്‌തെന്ന കേസില്‍ ജൂണില്‍ ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നു. താന്‍ യുദ്ധത്തടവുകാരനാണെന്നും അന്ന് അല്‍ സാദി അവകാശപ്പെട്ടിരുന്നു. ജാമ്യമില്ലാതെ യുഎസ് കസ്റ്റഡിയില്‍ കഴിയുന്ന ഇയാള്‍ക്കെതിരെ ഇപ്പോള്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ സൈനിക കേന്ദ്രങ്ങളുടെയും ജൂത സമൂഹങ്ങളുടെയും സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍.

Plot to attack British airbase: US charges three individuals with Iran links

Share Email
LATEST excelnclexrn
More Articles
Top