വാഷിംഗ്ടൺ: ഫെഡറൽ ഫണ്ടിൽ പ്രവർത്തിക്കുന്ന പൊതുഭവനങ്ങളിൽ താമസിക്കുന്നവർ പൗരത്വമോ യോഗ്യമായ കുടിയേറ്റ പദവിയോ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് യു.എസ് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. വ്യാഴാഴ്ച പുറത്തിറക്കിയ ഈ പുതിയ ചട്ടം വഴി ഏകദേശം 80,000-ത്തോളം ആളുകൾക്ക് സ്വന്തം വീടുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ‘ സി ബി പി പി വ്യക്തമാക്കി.
1995 മുതൽ സംയുക്ത പദവിയുള്ള കുടുംബങ്ങൾക്ക് ഫെഡറൽ സബ്സിഡികൾ ഉപയോഗിച്ച് പൊതുഭവനങ്ങളിൽ ഒരുമിച്ച് താമസിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ പുതിയ ചട്ടം നടപ്പിലാകുന്നതോടെ ഈ കുടുംബങ്ങൾക്ക് ഒന്നുകിൽ മറ്റ് സ്വകാര്യ ഭവനങ്ങളിലേക്ക് മാറേണ്ടി വരും അല്ലെങ്കിൽ കുടുംബാംഗങ്ങൾ വെവ്വേറെ കഴിയേണ്ടി വരും. ഡിസംബർ 14-നാണ് പുതിയ നിയമം നിലവിൽ വരുന്നത്.
അമേരിക്കൻ പൗരന്മാരായ കുട്ടികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളെ ഇത് ബാധിക്കുമെന്നും, കുടുംബങ്ങളെ ശിഥിലമാക്കുന്നതാണ് ഈ തീരുമാനമെന്നും നാഷണൽ ഹൗസിംഗ് ലോ പ്രോജക്റ്റ് മാനേജിംഗ് അറ്റോർണി മേരി ക്ലെയർ ട്രാൻ-ല്യൂംഗ് കുറ്റപ്പെടുത്തി. അമേരിക്കയിലെ ഭവനരഹിതരായ മുൻസൈനികർക്കും മുതിർന്ന പൗരന്മാർക്കും അർഹതപ്പെട്ട സഹായം ഉറപ്പാക്കുന്നതിനാണ് പുതിയ നിയമമെന്നും, അനധികൃത കുടിയേറ്റക്കാർ വെൽഫെയർ പദ്ധതികൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ലെന്നും എച്ച്.യു.ഡി സെക്രട്ടറി സ്കോട്ട് ടേർണർ വ്യക്തമാക്കി.
കാലിഫോർണിയ, ന്യൂയോർക്ക്, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുക. എന്നാൽ പുതിയ നിയമം സംസ്ഥാനങ്ങളിൽ സാമ്പത്തിക പ്രതിസന്ധിയും ഭവനരാഹിത്യവും വർദ്ധിപ്പിക്കുമെന്നും 22 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















