ടെക്സാസ്: ടെക്സാസ് യുഎസ് സെനറ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും സംസ്ഥാന അറ്റോർണി ജനറലുമായ കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തിയതിന് പിന്നാലെ ശതകോടീശ്വരൻ ഇലോൺ മസ്കിനെതിരെ രൂക്ഷവിമർശനവുമായി വിജയിച്ച ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോ. പാക്സ്റ്റന്റെ പ്രചാരണത്തിനായി 15 കോടി ഡോളറിലധികം ചെലവഴിച്ച ഇലോൺ മസ്കിന് “ടെക്സാസ് വിൽപ്പനയ്ക്കുള്ളതല്ല” എന്ന ശക്തമായ സന്ദേശമാണ് ടെക്സാസിലെ ജനങ്ങൾ നൽകിയിരിക്കുന്നതെന്ന് സി.ബി.എസ് മോർണിംഗ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
തനിക്കായി പ്രവർത്തിക്കുന്ന ഒരു ‘സ്വന്തം സെനറ്ററെ’ നിർമ്മിച്ചെടുക്കാനാണ് ഇലോൺ മസ്ക് ഇത്രയും തുക പാക്സ്റ്റന്റെ പ്രചാരണത്തിനായി ഒഴുക്കിയത്. വൻകിട ഡാറ്റാ സെന്ററുകൾക്കായി ടെക്സാസിലെ ഭൂമിയും വെള്ളവും നികുതിപ്പണവും വിട്ടുകൊടുക്കുന്ന ഒരു സ്ഥാനാർത്ഥിയെയായിരുന്നു മസ്കിന് ആവശ്യം. രാഷ്ട്രീയത്തിൽ കോർപ്പറേറ്റ് പണത്തിന്റെ സ്വാധീനം അവസാനിപ്പിക്കാനും തെരഞ്ഞെടുപ്പ് സാമ്പത്തിക പരിഷ്കരണങ്ങൾ കൊണ്ടുവരാനുമുള്ള ജനവിധി കൂടിയാണിതെന്ന് തലാരിക്കോ വ്യക്തമാക്കി.
മറ്റൊരു ചരിത്രപരമായ നീക്കത്തിൽ, ടെക്സാസ് ഗവർണർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രതിനിധി ജിന ഹിനോജോസ നിലവിലെ ഗവർണർ ഗ്രെഗ് ആബട്ടിനെ പരാജയപ്പെടുത്തി. 30 വർഷത്തിന് ശേഷമാണ് ഒരു ഡെമോക്രാറ്റ് നേതാവ് ടെക്സാസ് ഗവർണർ പദവിയിലെത്തുന്നത്. കൂടാതെ പ്രധാന മത്സരങ്ങൾ നടന്ന 11 ബാറ്റിൽഗ്രൗണ്ട് സെനറ്റ് സീറ്റുകളിൽ 10 എണ്ണത്തിലും വിജയിച്ചതോടെ 54 സീറ്റുകളുടെ കേവലഭൂരിപക്ഷത്തോടെ ഡെമോക്രാറ്റിക് പാർട്ടി യുഎസ് സെനറ്റിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി സി.ബി.എസ് പ്രവചിക്കുന്നു.














