വാഷിംഗടണ്‍: ന്യൂ ഓര്‍ലിയന്‍സില്‍ മിസിസിപ്പി ജലാശയത്തില്‍ ടാങ്കറും വിനോദസഞ്ചാ രികളുമായി സഞ്ചരിച്ചിരുന്ന ക്രൂയിസ് കപ്പലും കൂട്ടിയിടിച്ച് വന്‍ അപകടം. വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ ക്രൂസ് കപ്പിലിലുണ്ടായിരുന്ന 129 യാത്രക്കാരടക്കം 180 പേരെയും രക്ഷപെടുത്തി. കൂട്ടിയിടിയുടെ ആഘാതത്തില്‍ ക്രൂയിസ് കപ്പല്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങുകയും ഒരു വശത്തേക്ക് ചരിഞ്ഞ് മറിയുകയും ചെയ്തു. ടാങ്കറിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തിയ അധികൃതര്‍ കപ്പലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആരെയും കാണാതായിട്ടില്ലെന്ന് ന്യൂ ഓര്‍ലിയന്‍സ് മേയര്‍ ഹെലീന മൊറേനോ അറിയിച്ചു.അറ്റ്ലാന്റിക് അസ്ഫാല്റ്റ് എന്ന ടാങ്കറാണ് അമേരിക്കന്‍ ഹെറിറ്റേജ് എന്ന ക്രൂയിസ് കപ്പലില്‍ ഇടിച്ചത്.
അപകടത്തില്‍പ്പെട്ട കപ്പല്‍ വെള്ളത്തിലേക്ക് ചരിയാന്‍ തുടങ്ങിയതോടെ യാത്രക്കാരും ജീവനക്കാരും നദിയിലേക്ക് വീണു. സമീപത്തുണ്ടായിരുന്ന ടഗ് ബോട്ടുകളിലെ ജീവനക്കാരും തുറമുഖ തൊഴിലാളികളും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് കുതിച്ചെത്തി, തണുത്ത വെള്ളത്തിലേക്ക് വീണ നിരവധി പേരെയും രണ്ട് പൊലീസുകാരെയും സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകളിലേക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റ 32 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് മേയര്‍ വ്യക്തമാക്കി.
നദിക്കരയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കപ്പലിലേക്ക് ടാങ്കര്‍ ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൂട്ടിയിടിയില്‍ കപ്പലിന്റെ ലോഹഭാഗങ്ങളും ചില്ലുകളും തകര്‍ന്നു. ടാങ്കറിന്റെ സ്റ്റിയറിങ് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതാകാമെന്നാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ മെലാനി ബേണ്‍ഹാം പറഞ്ഞത്.
2015ല്‍ നിര്‍മിച്ച അമേരിക്കന്‍ ഹെറിറ്റേജ് കപ്പല്‍ അമേരിക്കന്‍ ക്രൂയിസ് ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ്. അഞ്ച് നിലകളുള്ള കപ്പലില്‍ 150 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനാകും. ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുള്ള എട്ട് ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി ന്യൂ ഓര്‍ലിയന്‍സിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
അപകടത്തില്‍പ്പെട്ട ടാങ്കര്‍ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിങ് കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനത്തിന്റേതാണെന്നാണ് റിപ്പോര്‍ട്ട്. ലൈബീരിയയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ അസ്ഫാല്റ്റും ബിറ്റുമിനും പോലുള്ള വസ്തുക്കള്‍ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്നതാണ്.
Tanker loses control and crashes into a cruise ship in Mississippi; all 180 people on board rescued.
















