വാഷിംഗടണ്‍: പലമേഖലകളിലും തുടര്‍ച്ചയായി ഉണ്ടാകുന്ന സാങ്കേതീക തകരാറുകള്‍ അമേരിക്കയുടെ സാമ്പത്തീക മേഖലയേയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയില്‍. മൈക്രോസോഫ്റ്റിന്റെ സേവനങ്ങള്‍ക്കും വിമാന സര്‍വീസുകള്‍ക്കും പിന്നാലെ പ്രമുഖ ബാങ്കുകളുടെ ഓണ്‍ലൈന്‍ ഇടപാടുകളെയും തകരാര്‍ ബാധിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെ.പി. മോര്ഗന് ചേസിലുണ്ടായ സോഫ്റ്റ്വെയര് പ്രശ്നത്തെത്തുടര്‍ന്ന് തിങ്കളാഴ്ച ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതില്‍ തടസം നേരിട്ടു. ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ് തുടങ്ങിയ മറ്റ് പ്രമുഖ ബാങ്കുകളിലെ ഇടപാടുകളെയും പ്രശ്നം പരോക്ഷമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. പണം കൈമാറുന്നതിനുള്ള സെല്ലെ സേവനത്തിലും കാലതാമസം അനുഭവപ്പെട്ടു.
ബാങ്കിന്റെ ആഭ്യന്തര ഹാര്ഡ്വെയര് സംവിധാനങ്ങളെ ബാധിച്ച സോഫ്റ്റ്വെയര് പിഴവാണ് ഇടപാടുകള്‍ വൈകാന്‍ കാരണമായതെന്ന് ജെ.പി. മോര്ഗന് ചേസ് അറിയിച്ചു. ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. ചില ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ താല്‍ക്കാലികമായി ലഭ്യമല്ലെന്നും പിന്നീട് വീണ്ടും ശ്രമിക്കണമെന്നുമുള്ള സന്ദേശമാണ് ലഭിച്ചത്. അതേസമയം, ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടുകളും പണവും ഉപയോഗിക്കാനുള്ള സൗകര്യം നിലനില്‍ക്കുന്നുണ്ടെന്നും തിങ്കളാഴ്ച ദിവസാവസാനത്തോടെ പ്രശ്നം പരിഹരിക്കാനാകുമെന്നുമാണ് ബാങ്കിന്റെ പ്രതീക്ഷ.
അമേരിക്കയിലെ പ്രമുഖ ബാങ്കുകള്‍ ഉപയോഗിക്കുന്ന അതിവേഗ പണം കൈമാറ്റ സംവിധാനമാണ് സെല്ലെ. ബാങ്ക് ഓഫ് അമേരിക്ക, ക്യാപിറ്റല്‍ വണ്‍, ജെ.പി. മോര്ഗന് ചേസ്, വെല്‍സ് ഫാര്‍ഗോ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഏര്‍ലി വാണിങ് സര്‍വീസസാണ് ഈ ശൃംഖലയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. സെല്ലെ ശൃംഖല പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് കമ്പനി വക്താവും അറിയിച്ചു.
അതേസമയം, ബാങ്കിലുണ്ടായ സാങ്കേതിക തകരാര്‍ സൈബര്‍ ആക്രമണത്തിന്റെ ഭാഗമല്ലെന്ന് ജെ.പി. മോര്ഗന് ചേസ് വ്യക്തമാക്കി. ഒറ്റപ്പെട്ട സോഫ്റ്റ്വെയര് പിഴവ് മാത്രമാണ് സംഭവത്തിന് പിന്നിലെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് സാങ്കേതിക തകരാറുകളുമായി ബാങ്കിങ് പ്രതിസന്ധിക്ക് ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട കമ്പനികളും വ്യക്തമാക്കുന്നത്. വ്യാഴാഴ്ച മൈക്രോസോഫ്റ്റിന്റെ ഔട്ട്ലുക്ക്, ടീംസ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. സോഫ്റ്റ്വെയര് അപ്ഗ്രേഡിനിടെയുണ്ടായ സാങ്കേതിക പ്രശ്നമാണ് ഇതിന് കാരണമായത്. സൈബര്‍ ആക്രമണമോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ ഇടപെടലോ ഉണ്ടായതായി സൂചനയില്ലെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ വെള്ളിയാഴ്ച അമേരിക്കയിലെ വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിലും വലിയ തകരാറുണ്ടായി. റൂട്ടറിലുണ്ടായ പ്രവര്ത്തനപ്പിഴവ് പഴക്കമുള്ള എയര്‍ ട്രാഫിക് കണ്ട്രോള് സംവിധാനത്തിന് അമിതഭാരം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് രാജ്യത്തെ വിമാന സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെക്കേണ്ടിവന്നു. ഇതിന്റെ പ്രത്യാഘാതം വാരാന്ത്യത്തിലും ആഭ്യന്തര വിമാനയാത്രകളെ ബാധിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാങ്കേതിക തകരാറുകള്‍ വിവിധ മേഖലകളെ തുടര്‍ച്ചയായി ബാധിക്കുന്നത് അമേരിക്കയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ബാങ്കിങ്, വ്യോമഗതാഗതം, ആശയവിനിമയം തുടങ്ങിയ നിര്‍ണായക മേഖലകളിലെ സാങ്കേതിക സംവിധാനങ്ങളുടെ വിശ്വാസ്യതയും സുരക്ഷയും സംബന്ധിച്ച ചര്‍ച്ചകള്‍ക്കും സംഭവങ്ങള്‍ വഴിവെച്ചിരിക്കുകയാണ്.
Technical glitches becoming a recurring issue in the US: first at Microsoft, then in airline services, and finally at banks.
















