അനില്‍ മറ്റത്തിക്കുന്നേല്‍
വാഷിംഗടണ്‍: യുദ്ധത്തിനിടെ പരിക്കേറ്റ് ആരോഗ്യപരമായ കാരണങ്ങളാല്‍ സൈനികസേവനത്തില്‍നിന്ന് വിരമിക്കേണ്ടിവന്ന ഏകദേശം 58,000 അമേരിക്കന്‍ വിമുക്തഭടന്മാര്ക്ക് കൂടുതല്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള രണ്ട് സുപ്രധാന ബില്ലുകള്‍ അമേരിക്കന്‍ ജനപ്രതിനിധിസഭ പാസാക്കി. നവംബര്‍ 11-ന് വെറ്ററന്‍സ് ദിനത്തോടനുബന്ധിച്ചാണ് ആദ്യ ബില്‍ പാസാക്കിയത്. നവംബര്‍ 12-ന് മറ്റൊരു ബില്ലിനും അംഗീകാരം ലഭിച്ചു.
അമേരിക്കന്‍ സൈന്യത്തില്‍ 20 വര്‍ഷത്തില്‍ താഴെ സേവനമനുഷ്ഠിച്ചശേഷം യുദ്ധവുമായി ബന്ധപ്പെട്ട പരിക്കുകള്‍ കാരണം മെഡിക്കല്‍ റിട്ടയര്‍മെന്റ് ലഭിച്ച വിമുക്തഭടന്മാര് നേരിടുന്ന സാമ്പത്തിക അനീതിക്ക് പരിഹാരം കാണുകയാണ് നിയമനിര്‍മാണത്തിന്റെ പ്രധാന ലക്ഷ്യം. നിലവിലെ നിയമപ്രകാരം ഈ വിഭാഗത്തില്‍പ്പെടുന്ന പല വിമുക്തഭടന്മാര്ക്കും സൈനിക വിരമിക്കല്‍ വേതനവും വെറ്ററന്‍സ് അഫയേഴ്സ് വകുപ്പില്‍നിന്നുള്ള വൈകല്യ നഷ്ടപരിഹാരവും ഒരേസമയം പൂര്‍ണമായി ലഭിക്കുന്നില്ല. വൈകല്യ നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ വിരമിക്കല്‍ വേതനത്തിന്റെ ഒരു ഭാഗം കുറയ്ക്കപ്പെടുന്നു.
ഈ നിയന്ത്രണം നീക്കം ചെയ്യുന്നതിലൂടെ അര്‍ഹരായ വിമുക്തഭടന്മാര്ക്ക് രണ്ട് ആനുകൂല്യങ്ങളും ഒരേസമയം ലഭ്യമാക്കാനാണ് ശ്രമം. കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസിന്റെ കണക്കനുസരിച്ച് പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വന്നാല്‍ അര്‍ഹരായ വിമുക്തഭടന്മാര്ക്ക് പ്രതിമാസം ശരാശരി 1,450 ഡോളര്‍ അധികമായി ലഭിക്കാം. വര്‍ഷത്തില്‍ ഏകദേശം 17,400 ഡോളറിന്റെ സാമ്പത്തിക വര്‍ധനവാണിത്.
എന്നാല്‍ ബില്ലിലെ ചില വ്യവസ്ഥകള്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ക്ക് കാരണമായി.റിപ്പബ്ലിക്കന്‍ പിന്തുണയോടെ നവംബര്‍ 11-ന് പാസാക്കിയ ഠമസല ഇമൃല ീള അാലൃശരമ’ െഢലലേൃമി െഅര േഎന്ന ബില്ലില്‍, അധിക ആനുകൂല്യങ്ങള്‍ക്കുള്ള ചെലവ് കണ്ടെത്തുന്നതിന് ഭാവിയിലെ ചില വൈകല്യ നഷ്ടപരിഹാര നിര്ണയരീതികളില് മാറ്റം വരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രത്യേകിച്ച് ചെവിയില്‍ സ്ഥിരമായി ശബ്ദം കേള്‍ക്കുന്ന ടിന്നിറ്റസ്, ഉറക്കത്തിനിടെ ശ്വാസതടസ്സം അനുഭവപ്പെടുന്ന സ്ലീപ് ആപ്നിയ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നഷ്ടപരിഹാര നിരക്കുകളില്‍ മാറ്റം വരുത്താനാണ് നിര്‍ദേശം.
ഈ മാറ്റങ്ങള്‍ ഭാവിയില്‍ അപേക്ഷിക്കുന്ന ചില വിമുക്തഭടന്മാര്ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം കുറയ്ക്കാന്‍ ഇടയാക്കും. നിലവില്‍ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരുടെ നഷ്ടപരിഹാരം പുതിയ വ്യവസ്ഥയുടെ പേരില്‍ കുറയ്ക്കരുതെന്ന സംരക്ഷണവും ബില്ലിലുണ്ട്.
ഒരു വിഭാഗം വിമുക്തഭടന്മാര്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കാന് മറ്റൊരു വിഭാഗത്തിന്റെ ഭാവി ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് ഡെമോക്രാറ്റിക് അംഗങ്ങളുടെ വാദം.ബില്‍ ശബ്ദവോട്ടിലൂടെ പാസാക്കിയതും വിവാദമായി. അംഗങ്ങളുടെ വ്യക്തിഗത വോട്ടുകള്‍ രേഖപ്പെടുത്താത്ത നടപടിയെ ചില വിമുക്തഭട സംഘടനകളും വിമര്‍ശിച്ചു.
ഇതിനിടെ ഡെമോക്രാറ്റിക് അംഗങ്ങള്‍ പിന്തുണയ്ക്കുന്ന മറ്റൊരു ബില്ലും നവംബര്‍ 12-ന് ജനപ്രതിനിധിസഭ പാസാക്കി. ഈ ബില്ലും യുദ്ധത്തില്‍ പരിക്കേറ്റ വിമുക്തഭടന്മാര്ക്ക് പൂര്‍ണ വിരമിക്കല്‍ വേതനവും വൈകല്യ നഷ്ടപരിഹാരവും ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ ബില്ലില്‍നിന്ന് വ്യത്യസ്തമായി ചെലവ് കണ്ടെത്തുന്നതിനായി മറ്റ് വിമുക്തഭടന്മാരുടെ ഭാവി ആനുകൂല്യങ്ങള്‍ കുറയ്ക്കുന്ന വ്യവസ്ഥ ഇതിലില്ല.രണ്ട് ബില്ലുകളും ജനപ്രതിനിധിസഭ പാസാക്കിയ സാഹചര്യത്തില്‍ ഏത് നിര്‍ദേശത്തിനാണ് സെനറ്റ് അംഗീകാരം നല്‍കുകയെന്നത് നിര്‍ണായകമാണ്.
ജനപ്രതിനിധിസഭയുടെ അംഗീകാരം ലഭിച്ചെങ്കിലും ഈ നിര്‍ദേശങ്ങള്‍ ഇതുവരെ നിയമമായിട്ടില്ല. സെനറ്റിന്റെ അംഗീകാരവും പ്രസിഡന്റിന്റെ ഒപ്പും ലഭിച്ചാല്‍ മാത്രമേ പുതിയ ആനുകൂല്യങ്ങള്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.യുദ്ധത്തില്‍ രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച് പരിക്കേറ്റ സൈനികര്‍ക്ക് അര്‍ഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം അമേരിക്കയില്‍ വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്നതാണ്.
പുതിയ നിയമനിര്‍മാണം അമേരിക്കയിലെ ആയിരക്കണക്കിന് വിമുക്തഭടന്മാര്ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് അന്തിമ നിയമമാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോയെന്നാണ് ഇനി അറിയേണ്ടത്.
The House of Representatives has passed significant bills to provide additional financial benefits to 58,000 American veterans.
















