വാഷിംഗ്ടണ്‍: യുഎസിലെ ഏറ്ററ്വും വലിയ ബാങ്കായ ജെ.പി. മോര്ഗന് ചേസില്‍ പണമിടപാടിനു തടസമുണ്ടാക്കിയ സാങ്കേതീക തകരാര്‍ പരിഹരിച്ചു. തിങ്കളാഴ്ചയാണ് ബാങ്കിന്റെ ഇടപാടുകളെ ബാധിച്ച പ്രശ്നം റിപ്പോര്‍ട്ട് ചെയ്തത്. സോഫ്റ്റ്വെയറിലെ പിഴവാണ് ഇടപാടുകള്‍ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുക്കാന്‍ കാരണമായതെന്ന് കമ്പനി വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇടപാടുകള്‍ സാധാരണ നിലയില്‍ പുനരാരംഭിച്ചതായി ബാങ്ക് വക്താവും സ്ഥിരീകരിച്ചു.
ബാങ്കിന്റെ ആഭ്യന്തര ഹാര്ഡ്വെയര് സംവിധാനങ്ങളിലെ സോഫ്റ്റ്വെയര് തകരാറാണ് പ്രശ്നത്തിന് കാരണമായതെന്ന് ജെ.പി. മോര്ഗന് ചേസ് നേരത്തെ അറിയിച്ചിരുന്നു. സംഭവത്തിന് സൈബര്‍ സുരക്ഷാ വീഴ്ചയുമായി ബന്ധമില്ലെന്നും ബാങ്ക് വിശദീകരിച്ചു. തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ ഇടപാടുകള്‍ സാധാരണ വേഗത്തില്‍ നടക്കാന്‍ തുടങ്ങിയതായും അറിയിച്ചു.
തിങ്കളാഴ്ച ബാങ്കിന്റെ സേവനങ്ങളില്‍ തടസ്സമുണ്ടായതായി ഡൗണ്‍ഡിറ്റക്ടര്‍ വെബ്സൈറ്റില്‍ നിരവധി പരാതികള്‍ രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ഓഫ് അമേരിക്ക, വെല്‍സ് ഫാര്‍ഗോ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നു. ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള ഏര്‍ലി വാണിങ് സര്‍വീസസ് നിയന്ത്രിക്കുന്ന പണമിടപാട് സംവിധാനമായ സെല്ലെയെക്കുറിച്ചും ഉപഭോക്താക്കള്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജെ.പി. മോര്ഗന് ചേസുമായി ഇടപാടില്‍ പങ്കാളികളായിരുന്ന സാഹചര്യത്തില്‍ മാത്രമാണ് മറ്റ് ബാങ്കുകളെ പ്രശ്നം ബാധിച്ചിരിക്കാനിടയുള്ളതെന്ന് ബാങ്ക് വ്യക്തമാക്കി. ബാങ്ക് ഓഫ് അമേരിക്കയും തങ്ങളുടെ സംവിധാനങ്ങള്‍ സാധാരണ നിലയിലായിരുന്നുവെന്ന് വ്യക്തമാക്കി.
അമേരിക്കന്‍ കമ്പനികളെയും പൊതുസേവന സംവിധാനങ്ങളെയും സമീപകാലത്ത് തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ ബാധിക്കുന്നതിനിടെയാണ് ബാങ്കിങ് മേഖലയിലും പുതിയ പ്രതിസന്ധി ഉണ്ടായത്. കഴിഞ്ഞയാഴ്ച മൈക്രോസോഫ്റ്റിന്റെ ഔട്ട്ലുക്ക്, ടീംസ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങള്‍ ദീര്‍ഘനേരം തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിലുണ്ടായ തകരാറിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിയും വന്നു. അര്‍ക്കന്‍സാസിലെ എല്‍ ഡൊറാഡോയ്ക്ക് സമീപമുള്ള റൂട്ടറിലുണ്ടായ തകരാറാണ് വിമാന സര്‍വീസുകളെ ബാധിച്ചതെന്ന് എഫ്.എ.എ വ്യക്തമാക്കിയിരുന്നു.
ബാങ്കിങ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ഓഹരി വിപണിയിലും പ്രമുഖ ബാങ്കുകളുടെ ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി. ജെ.പി. മോര്ഗന് ചേസിന്റെ ഓഹരി വില 2.3 ശതമാനം കുറഞ്ഞ് 338.21 ഡോളറിലെത്തി. ബാങ്ക് ഓഫ് അമേരിക്കയുടെ ഓഹരികള്‍ 1.8 ശതമാനവും വെല്‍സ് ഫാര്ഗോയുടേത് 1.4 ശതമാനവും ഇടിഞ്ഞു. അതേസമയം, സംഭവത്തില്‍ യുഎസ് കണ്ട്രോളര് ഓഫ് കറന്‍സി ഓഫീസ്, ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്, ഫെഡറല്‍ റിസര്‍വ് എന്നിവയുടെ ഔദ്യോഗിക പ്രതികരണങ്ങള്‍ ഉടന്‍ ലഭ്യമായിട്ടില്ല. ബാങ്കിങ് മേഖലയിലെ സാങ്കേതിക സംവിധാനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് പുതിയ സംഭവം.
The technical glitch that caused delays in financial transactions at J.P. Morgan Chase Bank has been resolved.














