വിമാന സര്‍സീസുകള്‍ നിലച്ചതോടെ യുഎസിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാര്‍

വിമാന സര്‍സീസുകള്‍ നിലച്ചതോടെ യുഎസിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാര്‍

വാഷിംഗ്ടണ്‍: സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് അമേരിക്കയിലുടനീളം വിമാന സര്‍വീസുകള്‍ നിലച്ചതോടെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാര്‍. വിമാനത്താവളങ്ങളില്‍ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിച്ച സംഭവത്തെത്തുടര്‍ന്ന് രാജ്യത്തുനിന്ന് പുറപ്പെടേണ്ട വിമാനങ്ങളുടെ സര്‍വീസുകളാണ് മണിക്കൂറുകളോളം തടസ്സപ്പെട്ടത്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (എഫ്.എ.എ) ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിനുശേഷം ഇത്തരത്തില്‍ രാജ്യത്തെ വിമാന സര്‍വീസുകള്‍ വ്യാപകമായി നിര്‍ത്തിവെക്കുന്നത് രണ്ടാം തവണയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പല വിമാനത്താവളങ്ങളിലും കുടുങ്ങിയവര്‍ തങ്ങളുടെ ദുരിതം മാധ്യമങ്ങളിലൂടെ വിവരിച്ചു. .

ന്യൂയോര്‍ക്കിലെ കെന്നഡി വിമാനത്താവളത്തില്‍ ഒറിഗോണിലേക്ക് പോകാനിരുന്ന റൈലി അലക്‌സിസ് ഹോംസന്റെ പ്രതികരണം ഇങ്ങനെ. സഹോദരന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കാനയായിരുന്നു യാത്ര. എന്നാല്‍ രണ്ടുമണിക്കൂറോളം വൈകിയതിന് പിന്നാലെ വിമാനം റദ്ദാക്കിയ വിവരമാണ് അറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.
ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍നിന്ന് ടൊറന്റോയിലേക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകാനിരുന്ന ജാനിസ് ലെവെല്ലിനും യാത്ര മുടങ്ങുമെന്ന ആശങ്കയുണ്ടായി. ഭര്‍ത്താവ് വിവാഹത്തിനായി ഇംഗ്ലണ്ടില്‍നിന്ന് എത്തിയതാണെന്നും എത്രയും വേഗം മറ്റൊരു വിമാനം ലഭിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. എനിക്ക് മനസ്സ് കൈവിട്ടുപോകുമെന്ന് തോന്നുന്നു എന്നായിരുന്നു അവരുടെ പ്രതികരണം.

ന്യൂജേഴ്‌സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തിലും യാത്രക്കാര്‍ ദുരിതത്തിലായി. ജോലിക്കായി ടൊറന്റോയിലേക്ക് പോകേണ്ടിയിരുന്ന ജോസ് എന്ന യാത്രക്കാരന്റെയപം യാത്ര മുടങ്ങി. ലാസ് വെഗാസില്‍ ചില യാത്രക്കാര്‍ക്ക് കാറ്റ് കാരണം വിമാനം വൈകുമെന്ന അറിയിപ്പാണ് ലഭിച്ചത്. ഫ്‌ലോറിഡയിലെ ഗെയ്ന്‍സ്വില്‍ റീജിയണല്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതും നൂറുകണക്കിന് ആളുകളാണ്.

വിമാന സര്‍വീസുകള്‍ തടസ്സപ്പെടാന്‍ കാരണം കാലഹരണപ്പെട്ട ആശയവിനിമയ സംവിധാനങ്ങള്‍ക്കുമേല്‍ അമിതമായ ഡേറ്റാ സമ്മര്‍ദമുണ്ടായതാണെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി ആരോപിച്ചു. ആവശ്യമായ ആധുനികവല്‍ക്കരണ പദ്ധതിക്ക് കോണ്‍ഗ്രസ് പൂര്‍ണമായ സാമ്പത്തിക സഹായം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പഴയ അനലോഗ് ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളിലെ സ്വിച്ചുകളും റൂട്ടറുകളും അമിത ഡാറ്റാ സമ്മര്‍ദത്തെത്തുടര്‍ന്ന് കൃത്യമല്ലാത്ത വിവരങ്ങള്‍ നല്‍കാന്‍ തുടങ്ങിയതോടെയാണ് സുരക്ഷയുടെ ഭാഗമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്നും ഡഫി വിശദീകരിച്ചു. രാജ്യത്തെ വ്യോമഗതാഗത നിയന്ത്രണ സംവിധാനം ആധുനികവല്‍ക്കരിക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. എല്ലാ അമേരിക്കന്‍ കുടുംബങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Thousands of passengers stranded at US airports following the suspension of flight services.

Share Email
LATEST excelnclexrn
Top