രാജ്യവ്യാപക വിമാന നിയന്ത്രണത്തില്‍ മൗനം വെടിഞ്ഞ് ട്രംപ്; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നവീകരണത്തിന് കൂടുതല്‍ ഫണ്ട് കോണ്‍ഗ്രസ് അനുവദിക്കണമെന്നു പ്രസിഡന്റ്

രാജ്യവ്യാപക വിമാന നിയന്ത്രണത്തില്‍ മൗനം വെടിഞ്ഞ് ട്രംപ്; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നവീകരണത്തിന് കൂടുതല്‍ ഫണ്ട് കോണ്‍ഗ്രസ് അനുവദിക്കണമെന്നു പ്രസിഡന്റ്

വാഷിംഗടണ്‍: വിമാന സര്‍വീസുകളെ താറുമാറാക്കിയ രാജ്യവ്യാപക ഗ്രൗണ്ട് സ്റ്റോപ്പ് നടപടിയില്‍ പ്രതികരണവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം പൂര്‍ണമായും നവീകരിക്കുന്നതിന് കോണ്‍ഗ്രസ് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വിമാനങ്ങള്‍ പറന്നുയരുന്നത് തടഞ്ഞുകൊണ്ടുള്ള നിയന്ത്രണം ആരംഭിച്ചതു മുതല്‍ വിഷയത്തില്‍ ട്രംപ് കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കുടുങ്ങുകയും സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ഭരണകൂടവും വിമാനക്കമ്പനികളും ശ്രമം തുടരുകയും ചെയ്ത സാഹചര്യത്തിലാണ് ഞായറാഴ്ച സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സംവിധാനം നവീകരിക്കുന്നതിനുള്ള നടപടികള്‍ തന്റെ ഭരണകൂടം ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് ചെറിയ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കേണ്ട പദ്ധതിയല്ലെന്നും ട്രംപ് കുറിച്ചു.

യുഎസ് കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന് (എഫ്എഎ) 12.5 ബില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു. എന്നാല്‍ കാലഹരണപ്പെട്ട വ്യോമഗതാഗത നിയന്ത്രണ സംവിധാനം പൂര്‍ണമായി നവീകരിക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ആദ്യഘട്ടം മാത്രമാണ് ഈ തുകയെന്ന് ഗതാഗത സെക്രട്ടറി സീന്‍ ഡഫി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിന്റെ നവീകരണത്തിന് അടിയന്തരമായി ആവശ്യമായ തുക കോണ്‍ഗ്രസ് അനുവദിച്ചാല്‍ പദ്ധതി വേഗത്തിലും കാര്യക്ഷമമായും പൂര്‍ത്തിയാക്കാനാകുമെന്ന് ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സംവിധാനമായി ഇതിനെ മാറ്റുമെന്നും നിലവിലെ സംവിധാനത്തിന്റെ വലിയൊരു ഭാഗത്തിനും 50 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് എഫ്എഎയുടെയും വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിന്റെയും പരിപാലനം മോശമായിരുന്നുവെന്നും പഴയ സംവിധാനത്തെ കൂടുതല്‍ തകരാറിലാക്കിയെന്നും ട്രംപ് ആരോപിച്ചു.

അതേസമയം, ബൈഡന്റെ ഭരണകാലത്ത് പാസാക്കിയ വന്‍കിട അടിസ്ഥാന സൗകര്യ വികസന നിയമത്തിലൂടെ എഫ്എഎയ്ക്ക് 25 ബില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിമാനത്താവളങ്ങളുടെ നവീകരണം, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുകളുടെ മെച്ചപ്പെടുത്തല്‍, വിമാനത്താവള ടെര്‍മിനലുകളുടെ പുനര്‍നിര്‍മാണം, വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കല്‍ എന്നിവയ്ക്കായാണ് തുക നീക്കിവെച്ചത്. ഞായറാഴ്ച വിവിധ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്ത് പ്രതിസന്ധിയെക്കുറിച്ച് വിശദീകരിച്ചത് ഗതാഗത സെക്രട്ടറി സീന്‍ ഡഫിയായിരുന്നു. നിലവിലെ അവസ്ഥയ്ക്ക് മുന്‍ ഭരണകൂടത്തെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും കഴിഞ്ഞ 20 മുതല്‍ 30 വര്‍ഷമായി ആവശ്യമായ നിക്ഷേപം നടത്തുന്നതില്‍ തുടര്‍ച്ചയായി വീഴ്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിമാനഗതാഗത സംവിധാനത്തിലെ തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി കരാര്‍ കമ്പനി വിശദമായ പരിശോധന നടത്തുകയാണെന്ന് ഡഫി സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. അര്‍ക്കന്‍സാസിലെ എല്‍ ഡൊറാഡോ കേന്ദ്രത്തില്‍ വയര്‍ മാറ്റി റൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചതിനു പിന്നാലെ ടെക്‌സസിലെ അമറില്ലോ കേന്ദ്രത്തിലും തകരാര്‍ സംഭവിക്കുകയും അത് രാജ്യവ്യാപക വിമാന നിയന്ത്രണത്തിലേക്ക് നയിക്കുകയുമായിരുന്നു. ഇത്തരമൊരു പ്രത്യാഘാതം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡഫി പറഞ്ഞു.

ഗ്രൗണ്ട് സ്റ്റോപ്പ് നടപടിയുടെ ഭാഗമായി വിമാനങ്ങളും ജീവനക്കാരും നിശ്ചിത സ്ഥലങ്ങളില്‍നിന്ന് മാറിപ്പോയതിനാല്‍ സര്‍വീസുകള്‍ പഴയ നിലയിലാക്കാന്‍ സമയമെടുക്കുമെന്ന് ഡഫി വിശദീകരിച്ചു.

Trump breaks silence on nationwide air traffic issues; President urges US Congress to allocate more funds for the modernization of air traffic control.

Share Email
Top