‘ലെവൽ 3’ യാത്രാ മുന്നറിയിപ്പുള്ള രാജ്യം, ഖത്തറിൽ നടക്കുന്ന അണ്ടർ-17 ലോകകപ്പിൽ നിന്ന് പിന്മാറി അമേരിക്ക; യുഎസ് സോക്കർ ഫെഡറേഷന് പിഴയ്ക്ക് സാധ്യത

‘ലെവൽ 3’ യാത്രാ മുന്നറിയിപ്പുള്ള രാജ്യം, ഖത്തറിൽ നടക്കുന്ന അണ്ടർ-17 ലോകകപ്പിൽ നിന്ന് പിന്മാറി അമേരിക്ക; യുഎസ് സോക്കർ ഫെഡറേഷന് പിഴയ്ക്ക് സാധ്യത

ദോഹ/സൂറിച്ച്: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് ഖത്തറിൽ അടുത്ത ആഴ്ച ആരംഭിക്കുന്ന ഫിഫ അണ്ടർ-17 പുരുഷ ലോകകപ്പിൽ നിന്ന് അമേരിക്കൻ ടീം പിന്മാറി. യുഎസ് സോക്കർ ഫെഡറേഷൻ പിന്മാറ്റം ഔദ്യോഗികമായി അറിയിച്ചതായി ഫിഫ വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ ഇറാനെതിരെ അമേരിക്ക സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ ഖത്തറും ഗൾഫ് മേഖലയും കനത്ത സുരക്ഷാ ജാഗ്രതയിലാണ്.

ഖത്തറിലേക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ‘ലെവൽ 3’ യാത്രാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് ഫിഫ വ്യക്തമാക്കി. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ബുധനാഴ്ച ദോഹയിൽ ആരംഭിക്കാനിരിക്കെയാണ് അമേരിക്കയുടെ അപ്രതീക്ഷിത പിന്മാറ്റം. നവംബർ 21-ന് മോണ്ടിനെഗ്രോയ്ക്ക് എതിരെയായിരുന്നു അമേരിക്കയുടെ ആദ്യ മത്സരം. ചിലി, അൾജീരിയ എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.

ഫിഫയുടെ പ്രതികരണവും പിഴ നടപടിയും

അമേരിക്കയുടെ പിന്മാറ്റം സ്ഥിരീകരിച്ച ഫിഫ, ടൂർണമെന്റിനോട് അനുബന്ധിച്ചുള്ള സുരക്ഷാ സാഹചര്യങ്ങളിൽ പുതിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. ഈ വർഷം ദോഹ ഡയമണ്ട് ലീഗ്, മോട്ടോ ജി.പി, 2027 ഫിബ ബാസ്കറ്റ്ബോൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ എന്നിവ ഖത്തറിൽ സുരക്ഷിതമായി നടന്ന കാര്യവും ഫിഫ ചൂണ്ടിക്കാട്ടി. ടൂർണമെന്റ് ആരംഭിക്കുന്നതിന് 30 ദിവസത്തിനുള്ളിൽ പിന്മാറുന്ന ടീമുകൾക്ക് ഫിഫ അച്ചടക്ക സമിതി കുറഞ്ഞത് 20,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 24,000 ഡോളർ) പിഴ ചുമത്തണമെന്നാണ് ഫിഫ നിയമം. കോച്ച് അലക്സ് അൽഡാസ് തിരഞ്ഞെടുത്ത 21 അംഗ അമേരിക്കൻ സ്ക്വാഡിനെ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് താരങ്ങളെ പിന്മാറ്റ വിവരം ഫെഡറേഷൻ അറിയിച്ചത്.

Share Email
LATEST excelnclexrn
More Articles
Top