നാറ്റോ അംഗത്വത്തിന് പകരം ഡോൺബാസ് റഷ്യയ്ക്ക് വിട്ടുനൽകണം; യുഎസ് നിർദേശം ജനഹിതപരിശോധനയ്ക്ക് വിടാമെന്ന് സെലൻസ്കി

നാറ്റോ അംഗത്വത്തിന് പകരം ഡോൺബാസ് റഷ്യയ്ക്ക് വിട്ടുനൽകണം; യുഎസ് നിർദേശം ജനഹിതപരിശോധനയ്ക്ക് വിടാമെന്ന് സെലൻസ്കി

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നീക്കങ്ങളുടെ ഭാഗമായി ഉക്രെയ്നിന് മുന്നിൽ പുതിയ നിർദേശം വെച്ച് അമേരിക്ക. നാറ്റോ സൈനിക സഖ്യത്തിൽ അംഗത്വം ലഭിക്കുന്നതിന് പകരമായി കിഴക്കൻ ഉക്രെയ്നിലെ ഡോൺബാസ് മേഖല റഷ്യയ്ക്ക് വിട്ടുനൽകുന്ന കാര്യം യുഎസ് മധ്യസ്ഥർ ചർച്ചയിൽ ഉന്നയിച്ചതായി പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി വെളിപ്പെടുത്തി. ഇത്തരമൊരു നിർദേശം അമേരിക്കയുടെ ഭാഗത്തുനിന്ന് ആദ്യമായാണ് ഔദ്യോഗികമായി ഉയരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അബുദാബിയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടന്ന ഉക്രെയ്ൻ-റഷ്യ-അമേരിക്ക ത്രികക്ഷി ചർച്ചയ്ക്കിടെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികളായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ഇക്കാര്യം ഉന്നയിച്ചത്. ഉക്രെയ്ൻ നാറ്റോയിൽ അംഗത്വം നേടുകയാണെങ്കിൽ ഡോൺബാസ് മേഖലയിൽനിന്ന് പിന്മാറാൻ തയ്യാറാകുമോയെന്നായിരുന്നു അമേരിക്കൻ സംഘത്തിന്റെ ചോദ്യം. ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ലെങ്കിലും റഷ്യയും ഉക്രെയ്നും തമ്മിൽ ആയിരത്തിലധികം തടവുകാരെ പരസ്പരം കൈമാറാൻ ധാരണയായിട്ടുണ്ട്.

ഭൂമി വിട്ടുനൽകുന്നതിൽ തീരുമാനമെടുക്കേണ്ടത് ജനങ്ങൾ

രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് സെലൻസ്കി വ്യക്തമാക്കി. എന്നാൽ, ശക്തമായ സൈന്യത്തെ നിലനിർത്താനുള്ള അവകാശവും നാറ്റോ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ ഭാഗത്തുനിന്നുള്ള വ്യക്തമായ സുരക്ഷാ ഉറപ്പുകളും ഉൾപ്പെടുന്ന സമഗ്രമായ സുരക്ഷാ പാക്കേജ് അമേരിക്കയും സഖ്യകക്ഷികളും ഉറപ്പുനൽകിയാൽ നിർദേശം ജനഹിതപരിശോധനയ്ക്ക് വിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും നിർണായകമായ വിഷയത്തിൽ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാൻ തനിക്ക് അധികാരമില്ലെന്നും സെലൻസ്കി വ്യക്തമാക്കി. ഡോൺബാസ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നിർദേശത്തിൽ ഉക്രെയ്ൻ പരിഗണിക്കേണ്ട കൃത്യമായ വ്യവസ്ഥകളും സുരക്ഷാ ഉറപ്പുകളും അമേരിക്ക ആദ്യം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share Email
LATEST excelnclexrn
More Articles
Top