സ്തനാര്‍ബുദ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വനിതാ ഫോറം

സ്തനാര്‍ബുദ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വനിതാ ഫോറം

വാഷിംഗ്ടണ്‍ : സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) അമേരിക്ക റീജിയന്‍ വനിതാ ഫോറത്തിന്റെ 2026-2028 നേതൃത്വത്തില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
”Breast Cancer Awareness: Beyond Healthy Habits, Towards Early Detection’ എന്ന വിഷയത്തില്‍ സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച സെമിനാറില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്ത് ആരോഗ്യപരവും മാനസികവുമായ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തു.

കോട്ടയം കാരിത്താസ് ആശുപത്രിയിലെ സീനിയര്‍ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. ജെന്നി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സ്തനാര്‍ബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം, രോഗലക്ഷണങ്ങള്‍ തിരിച്ചറിയല്‍, സ്വയംപരിശോധനയുടെയും കൃത്യമായ മെഡിക്കല്‍ സ്‌ക്രീനിങ്ങിന്റെയും പ്രസക്തി, ആധുനിക രോഗനിര്‍ണയ-ചികിത്സാ രീതികള്‍ എന്നിവയെക്കുറിച്ച് അവര്‍ വിശദമായി സംസാരിച്ചു. ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം കൃത്യമായ പരിശോധനകളും രോഗനിര്‍ണയത്തിലെ കാലതാമസം ഒഴിവാക്കലും അത്യന്താപേക്ഷിതമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ, ലാസ് വെഗാസിലെ റിട്ടയേര്‍ഡ് നഴ്‌സിംഗ് പ്രൊഫസറും ഇമോഷണല്‍ വെല്‍നസ് സ്പീക്കറുമായ ഡോ. ആലീസ് മാത്യു,സ്തനാര്‍ബുദത്തെ അഭിമുഖീകരിക്കുന്ന സ്ത്രീകളുടെ മാനസികാരോഗ്യം, ആത്മവിശ്വാസം, വൈകാരിക പിന്തുണ, കുടുംബത്തിന്റെയും സമൂഹത്തിന്റെയും കരുതല്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യത്തിനും തുല്യപ്രാധാന്യം നല്‍കണമെന്നും രോഗഭീതിയെ മറികടക്കാന്‍ അറിവും ആത്മവിശ്വാസവും സ്‌നേഹപൂര്‍വമായ പിന്തുണയും അനിവാര്യമാണെന്നും അവര്‍ ഓര്‍മിപ്പിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വിവിധ ഗ്ലോബല്‍ റീജിയനുകളിലെയും പ്രോവിന്‍സുകളിലെയും പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. WMC ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഡോ. ജിമ്മി മോയലന്‍ ലോണപ്പന്‍ സംവാദത്തില്‍ സജീവമായി പങ്കുചേര്‍ന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും പരിപാടിയെ കൂടുതല്‍ സംവേദനാത്മകവും വിജ്ഞാനപ്രദവുമാക്കുകയും ചെയ്തു. പങ്കെടുത്തവരുടെ ചോദ്യങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊണ്ടുള്ള ചര്‍ച്ചകള്‍ സെമിനാറിന് കൂടുതല്‍ മികവേകി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വനിതാ ഫോറം പ്രസിഡന്റ് ഡോ. സൂസന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വനിതാ ഫോറം സെക്രട്ടറി ആലീസ് മഞ്ചേരി, ട്രഷറര്‍ ആലീസ് സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് ഡോ. ജെയ്‌സി ബൈജു, ജോയിന്റ് സെക്രട്ടറി ലീലയമ്മ വര്‍ഗീസ് എന്നിവര്‍ പരിപാടിയുടെ വിജയകരമായ സംഘാടനത്തില്‍ സജീവ പങ്കാളികളായി.

WMC അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോണി കുന്നംപുറം, പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ജനറല്‍ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറര്‍ നിവിന്‍ വില്‍ഫ്രഡ് എന്നിവരുടെ പിന്തുണയും സഹകരണവും പരിപാടിക്ക് കരുത്തേകി.

”അറിവാണ് പ്രതിരോധത്തിന്റെ ആദ്യപടി; നേരത്തെയുള്ള കണ്ടെത്തലാണ് പ്രതീക്ഷയുടെ പുതിയ വെളിച്ചം” എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച സെമിനാര്‍ സ്ത്രീകളുടെ ആരോഗ്യസംരക്ഷണം വ്യക്തിപരമായ ഉത്തരവാദിത്തം മാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തം കൂടിയാണെന്ന സന്ദേശവും മുന്നോട്ടുവച്ചു.

സ്ത്രീശാക്തീകരണം, ആരോഗ്യബോധവല്‍ക്കരണം, മാനസികാരോഗ്യ സംരക്ഷണം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് വനിതാ ഫോറം നേതൃത്വം അറിയിച്ചു.

World Malayali Council America Region Women’s Forum Organizes Breast Cancer Awareness Seminar

Share Email
LATEST excelnclexrn
More Articles
Top