കീവ്: സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് യുക്രയിനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്ന് അമേരിക്കയോടും സ്റ്റാര്‍ ലിങ്ക് മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്കിനോടും ആവശ്യപ്പെട്ട് യുക്രെയ്ന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി. റഷ്യയുടെ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ നിര്‍ണായകമായ അമേരിക്കന്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന്റെ വേഗതക്കുറവ് യുക്രെയ്ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ നീക്കുന്നത് ജനങ്ങളുടെ ജീവനും ശൈത്യകാലത്തിന് മുന്നോടിയായി രാജ്യത്തെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അത്യാവശ്യമാണെന്നും സെലന്‍സ്കി വ്യക്തമാക്കി. അമേരിക്കന്‍ സര്‍ക്കാരുമായും മസ്കിന്റെ കമ്പനിയായ സ്പേസ് എക്സുമായും അടുത്ത ബന്ധം പുലര്‍ത്തി വിഷയം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ഷീല്‍ഡ് സംവിധാനത്തിന്റെ പ്രവര്‍ത്തനവേഗത സംബന്ധിച്ച തര്‍ക്കം ആഴ്ചകളായി തുടരുകയാണ്. അമേരിക്കന്‍ സര്‍ക്കാര്‍ യുക്രെയ്ന് നല്‍കിയിട്ടുള്ള ഈ സേവനം മിസൈലുകളും ഡ്രോണുകളും തടയുന്നതിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒക്ടോബറിലാണ് സ്റ്റാര്ഷീല്ഡിന്റെ വേഗത നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. നിയന്ത്രണങ്ങളുടെ ഉത്തരവാദിത്തം അമേരിക്കന്‍ സര്‍ക്കാരിനാണെന്ന് മസ്ക് വ്യക്തമാക്കിയപ്പോള്‍, താന്‍ അതിന് ഉത്തരവിട്ടിട്ടില്ലെന്നും നിയന്ത്രണങ്ങള്‍ പഴയപടിയാക്കാന്‍ മസ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം സേവനം സാധാരണ നിലയിലാകുന്നതായി തോന്നിയെങ്കിലും നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് യുക്രെയ്ന് അറിയിച്ചു.
സ്റ്റാര്‍ഷീല്‍ഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ റഷ്യയിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്കും ഊര്‍ജ കേന്ദ്രങ്ങള്‍ക്കും നേരെ യുക്രെയ്ന് നടത്തുന്ന ആക്രമണങ്ങളും അമേരിക്കയും യുക്രെയ്നും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ സമ്മര്‍ദം സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, റഷ്യയുടെ മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മിത പാട്രിയറ്റ് ഇന്റര്‍സെപ്റ്ററുകളുടെ ക്ഷാമവും യുക്രെയ്ന് നേരിടുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്ത് റഷ്യ ആക്രമണം ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച പുലര്‍ച്ചെ സപൊറീഷ്യ, സുമി, ഒഡേസ, സൈറ്റോമിര്‍, കിറോവോഹ്രാദ് മേഖലകളിലെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെ റഷ്യ ആക്രമണം നടത്തി. ഡ്നിപ്രോ, ഖാര്‍കീവ്, സപൊറീഷ്യ മേഖലകളിലെ റെയില്‍വേ സംവിധാനങ്ങളും ആക്രമിക്കപ്പെട്ടു. വിവിധ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചെര്‍നിഹിവ് മേഖലയിലെ മേന നഗരത്തിലെ അടിസ്ഥാന സൗകര്യ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും പ്രാദേശിക അധികൃതര്‍ അറിയിച്ചു.
Zelenskyy urges America and Elon Musk to stand on the side of what is right; calls for the removal of restrictions imposed on Starlink.
















