പി.പി ചെറിയാന്‍
ഡാളസ് : ശ്രീഗുരുവായൂരപ്പന്‍ ടെംപിള്‍ ഓഫ് ഡാളസ്, ടെക്‌സസ് പ്രതിഷ്ടാദിന മഹോത്സവം ജൂണ്‍ 9, 10, 11 തീയതികളില്‍ നടക്കുന്നു. മുഖ്യ തന്ത്രി ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും കര്‍മ്മങ്ങള്‍ നടക്കുക. ശ്രീ മംഗത്തായ സൂരജ് നമ്പൂതിരി (ഹ്യൂസ്റ്റന്‍) മുഖ്യ ആചാര്യനായും, ശ്രീ ഗിരീശന്‍ വടക്കേടത്തു, ശ്രീ ചെക്കൂര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ശ്രീ തിടില്‍ പുലിയപ്പടമ്പ് വിനേഷ് നമ്പൂതിരി എന്നിവര്‍ സഹ ആചാര്യന്മാരായും പ്രതിഷ്ഠ കര്‍മ്മങ്ങള്‍ നിര്‍വഹിക്കും. ശ്രീ പല്ലശ്ശേന ശ്രീജിത് മാരാര്‍ നേതൃത്വം കൊടുക്കുന്ന മേളങ്ങളുടെ അകമ്പടിയോടെയാണ് ഉത്സവം കൊണ്ടാടുക.
ജൂണ്‍ 9 ബുധനാഴ്ച മഹാ ഗണപതി ഹോമത്തോടെയാണ് പ്രതിഷ്ഠ ദിന പരിപാടികള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിനും, കമ്മ്യൂണിറ്റിക്കും, ഗുരുവായൂരപ്പനും വേണ്ടിയുള്ള ശുദ്ധി പൂജകളാണ് അന്ന് നടക്കുക. കാലത്തു ഗുരുവായൂരപ്പനു വേണ്ടി 108 അഭിഷേകങ്ങള്‍ സപ്തശുദ്ധി കലശത്തോടെ ചെയ്യുന്നു. വൈകിട്ട് പ്‌റതിഷ്ഠ ദിനത്തോടനുബന്ധിച്ചിട്ടുള്ള പ്രാസാദ ശുദ്ധി പൂജകള്‍ തുടങ്ങിയ ശുദ്ധി പൂജകളും ഉണ്ടായിരിക്കും.
ജൂണ്‍ 10 വ്യാഴാഴ്ച ഗുരുവായൂരപ്പന്‍റെ പ്രതിഷ്ഠ ദിന പൂജകള്‍ നടക്കുന്നത്. 25 കലശ പൂജകളും അഭിഷേകങ്ങളും അന്നുണ്ടാകുന്നതാണ്. അന്നു വൈകിട്ട് നാളുകളായി പറയെടുപ്പില്‍ പങ്കെടുത്ത കുടുംബങ്ങളിലെ സ്ത്രീകളുടെ താലപ്പൊലിയോടെ ഗുരുവായൂരപ്പന്‍റെ വിളക്കാചാരം എഴുന്നള്ളത്ത് നടത്തുന്നതാണ്. വാദ്യ ഘോഷങ്ങളോടെ ഭഗവാനെ ശ്രീകോവിലില്‍ നിന്നും തിരുമേനിമാര്‍ ഉത്സവ മൂര്‍ത്തിയിലേക്ക് ആവാഹിച്ചു് ആനപ്പുറത്തു് എഴുന്നെള്ളിച്ചു പ്രദിക്ഷിണം നടക്കുന്നതാണ്.
ജൂണ്‍ 11 വെള്ളിയാഴ്ച ഗണപതി, അയ്യപ്പന്‍, ഭഗവതി, ശിവന്‍ എന്നീ നാലു ഉപദേവന്മാര്‍ക്കുള്ള നവകം പൂജകള്‍ ആണ് പ്രത്യേകത. ഓരോ ഉപദേവന്മാര്‍ക്കും 9 കലശം വച്ചുള്ള പ്രത്യേക പൂജകളും അഭിഷേകവും പ്രതിഷ്ഠ ദിനത്തിന്റെ ഭാഗമായി നടക്കും.
ജൂണ്‍ 12, 13, 14 തീയതികളില്‍ ഗുരുവായൂരപ്പന്‍റെ ഭക്തന്മാരുടെ സമര്‍പ്പണമായി ഉദയാസ്തമന പൂജകള്‍ നടക്കുന്നു. ഓരോ ഉദയാസ്തമന പൂജയിലും ഉത്സവകാലത്തു നടക്കുന്ന പൂജകള്‍ക്ക് സമാനമായ 18 പൂജകള്‍, അഭിഷേകം, ദീപാരാധന, ശീവേലി എന്നീ ചടങ്ങുകളാണ് ഉദയാസ്തമന പൂജയിലും നടക്കുന്നത്.
ജൂണ്‍ 5, 12 തീയതികളില്‍ വൈകിട്ട് കഥകളി, ചാക്യാര്‍കൂത്ത്, മോഹിനിയാട്ടം തുടങ്ങി പലവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ജൂണ്‍ 12 രാത്രിയോടെ പ്രതിഷ്ഠ ദിന മഹോത്സവം അവസാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കു .ഗോപാല പിള്ളൈ ::214 684 3449.