ലണ്ടന്‍: ‘പൂജ്യം’ എന്നതായിരുന്നു ബ്രിട്ടനില്‍ ഇന്ന് മിക്ക പത്രങ്ങളുടെയും തലവാചകത്തിലെ പ്രധാന വാക്ക്. ലോകരാജ്യങ്ങളില്‍ കോവിഡ് ഏറ്റവുമധികം ബാധിച്ച യുകെയില്‍ 2020 മാര്‍ച്ചിന് ശേഷം ഒരു കോവിഡ് മരണം പോലും ഇല്ലാത്ത ആദ്യ ദിനം യുകെയിലെ പത്രങ്ങളെല്ലാം ഇതിലൂടെ ആഘോഷമാക്കുകയായിരുന്നു.
കോവിഡ് വ്യാപനം കാരണം ഉണ്ടായ കൂട്ടമരണങ്ങളും ദിനംപ്രതി കുതിച്ചുയരുന്ന കേസുകളും ലോക്ഡൗണും സാമ്പത്തികമാന്ദ്യവും മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി റിപ്പോര്‍ട്ട് ചെയ്തിരുന്ന പത്രങ്ങളെല്ലാം ഇതുപോലെ ഒരു വാര്‍ത്തയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു.
വൈറസിനെതിരെ നടത്തുന്ന പ്രതിരോധത്തില്‍ പ്രതീക്ഷയുണര്‍ത്തുന്ന ഈ അപൂര്‍വ അവസരം എഡിറ്റര്‍മാര്‍ മുതലാക്കുകയായിരുന്നു എന്നാണ് തലക്കെട്ടുകളെ കുറിച്ച് നല്‍കിയ വാര്‍ത്തയില്‍ ഗാര്‍ഡിയന്‍ സൂചിപ്പിച്ചത്. മുന്‍ തീരുമാന പ്രകാരം ജൂണ്‍ ഇരുപത്തൊന്നിന് തന്നെ ലോക്ഡൗണിലെ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയണമെന്നും പത്രങ്ങള്‍ ആവശ്യപ്പെടുന്നു.
‘സീറോ’ എന്ന വാക്കിലെ അക്ഷരങ്ങള്‍ വലിയതായി നല്‍കിക്കൊണ്ടാണ് ”ഡെയിലി എക്‌സ്പ്രസ് ഇന്നു പുറത്തിറങ്ങിയത്.സ്വാതന്ത്ര്യത്തിന്റെ ദിവസങ്ങളിലേക്ക് പ്രതീക്ഷകളുടെ കുതിപ്പ് എന്നായിരുന്നു വാചകവും മുന്‍പേജിനെ ശ്രദ്ധേയമാക്കി.